വെള്ളരിക്കൊക്ക് ഇനത്തിലെ ചിന്നമുണ്ടി




ചിന്നമുണ്ടി / Little Egret (Egretta garzetta) 


ചിന്നമുണ്ടി കേരളത്തിൽ കൃഷിസ്ഥലങ്ങളിലും, പുഴയുടെ 
തീരങ്ങളിലും, കായലോരങ്ങളിലും, ചതുപ്പുകളിലും കാണുന്ന വെളുത്ത നിറമുള്ള വെള്ളരി കൊക്കുകളുടെ ഇനത്തിലെ പക്ഷിയാണ് ചിന്നമുണ്ടി .


വെള്ളരി കൊക്കുകളെ Egrets എന്നാണ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത് . ചിന്നമുണ്ടിളെ Little Egret എന്നും അറിയപ്പെടുന്നു. വെള്ളരിക്കൊക്കുകൾ പലതരത്തിലുണ്ട്. ഒറ്റ നോട്ടത്തിൽ എല്ലാം ഒരു പോലെ തോന്നുമെങ്കിലും, സൂക്ഷ്മ നിരീക്ഷണത്തിൽ പ്രകടമായ വ്യത്യാസങ്ങൾ കാണാം. 


ദേഹമാസകലം തൂവെള്ള തൂവലുകളാൽ പൊതിഞ്ഞ്, നീണ്ട കറുപ്പ് കാലുകളിൽ മഞ്ഞ വിരലുകളുള്ള വെള്ളരി കൊക്കാണ് ചിന്നമുണ്ടി. പ്രജനനകാലത്ത് തലയ്ക്കു പുറകിൽ നിന്നും, വെളുത്ത നാടകൾ പോലെ, കാററിൽ പറന്നു കളിക്കുന്ന രണ്ടു വെള്ളത്തൂവലുകൾ കാണാം. അതേസമയം, മാറത്തും, പുറത്തും, മിനുസമേറിയതും, വളരെ നേർത്തതുമായ പ്രത്യേക തൂവലുകൾ വളർന്നു നിൽക്കും . ഈ പക്ഷിയുടെ കൊക്കുകൾക്ക് എക്കാലവും കറുപ്പു നിറമാണ്. 


കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ കാണുന്നതും മറ്റു വെള്ളരികൊക്കുകളേക്കാളും കൂടുതലായി കാണപ്പെടുന്നതും ചിന്നമുണ്ടികളെയാണ്. ഇതിനു പുഴ തടങ്ങളോ, വെള്ളമുള്ളതോ , നനവുള്ളതോ ആയ വയലുകളോ മാത്രമുള്ള സ്ഥലങ്ങളിൽ മാത്രം ജീവിക്കുവാനുള്ള കഴിവുകളുണ്ട്. കുട്ടനാട്ടിലും, അതേ പോലെ ജല സമ്രദ്ധമായ മറ്റു പ്രദേശങ്ങളിലും ചിന്നമുണ്ടിയെ മിക്ക മാസങ്ങളിലും കാണാം .


ചെറു കൂട്ടങ്ങളായാണ് സാധാരണയായി നാം ഇവയെ കാണുന്നത്. മറ്റു കൊക്കുകളെ പോലെ ഒരു സ്ഥലത്തു നിന്നു കൊണ്ട് ഇര പിടിക്കുവാൻ ചിന്നമുണ്ടിക്കിഷ്ടമില്ല. അത് മിക്ക സമയവും നടന്നാണ് ഇര തേടുക. ചെറിയ മീനുകൾ ധാരാളമുള്ള കുണ്ടുകളിലും, വറ്റാറായ കുളങ്ങളിലും ഓടിയും ചാടിയുമാണ് ഭക്ഷണം സമ്പാദിക്കുക. തൽസമയത്ത് കൂട്ടുകാരുമായി ചില്ലറ കശപിശകളും അപൂർവമല്ല .


ചിന്നമുണ്ടികൾ കേരളത്തിൽ പലയിടങ്ങളിൽ. പ്രജനനം നടത്തുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. മിക്ക പ്രദേശങ്ങളിലും ഇവർ സ്ഥിരവാസക്കാരാണ്. കേരളത്തിൽ  ഈ പക്ഷികൾക്ക് കാര്യമായ ഭീഷിണിയൊന്നുമില്ല. ഇവയുടെ എണ്ണം കൂടി വരുന്നതായാണ് കാണുന്നത്.

Green Reporter

Basil Peter

Visit our Facebook page...

Responses

0 Comments

Leave your comment