ലോക്ക് ഡൗണിൽ കപ്പലോട്ടം നിലച്ചു; കടലിൽ കുത്തിമറിഞ്ഞ് ഡോൾഫിനുകൾ




കോവിഡിന്റെ പശ്ചാത്തലത്തിൽ മനുഷ്യരെല്ലാം ലോക്ക് ഡൗണിലായതോടെ സ്വൈര്യ വിഹാരം നടത്തുകയാണ് ജന്തുക്കൾ. നാം നമ്മുടേത് മാത്രമെന്ന് കരുതി ജന്തുക്കളെ മുഴുവൻ ആട്ടിപായിച്ച ഇടങ്ങളിലേക്ക് അവർ കൂട്ടത്തോടെ എത്തുകയാണ്. ഇത്തരത്തിലുള്ള വിവിധ ദൃശ്യങ്ങൾ ഗ്രീൻ റിപ്പോർട്ടർ നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇത്തരത്തിലുള്ള മറ്റൊരു വിശേഷം കൂടി പങ്കുവെക്കുകയാണ്.


കപ്പലുകളുടേയും മത്സ്യബന്ധനത്തിനുള്ള ബോട്ടുകളുടെയും അഭാവത്തില്‍ ഡോള്‍ഫിനുകള്‍ കടലില്‍ വിഹാരം നടത്തുകയാണ്. യൂറോപ്പിനും ഏഷ്യയ്ക്കുമിടയിലെ ബോസ്‌ഫോറസ് കടലിടുക്കിലെ ശുദ്ധജലമേഖലയിലാണ് ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ പ്രത്യക്ഷപ്പെട്ടത്.


സാധാരണയായി തിരക്കേറിയ സമുദ്രഭാഗമാണ് ബോസ്‌ഫോറസ്. മെഡിറ്ററേനിയനെ കരിങ്കടലുമായി ഇസ്താംബുള്‍ വഴി ബന്ധിപ്പിക്കുന്ന ഭാഗമാണിത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് തിരക്ക് കുറഞ്ഞതോടെ ഡോള്‍ഫിനുകളുള്‍പ്പെടെയുള്ള സമുദ്രജീവികളും പക്ഷികളും മനുഷ്യസാന്നിധ്യം പൊതുവിടങ്ങളില്‍ കുറഞ്ഞതോടെ സ്വാതന്ത്ര്യത്തോടെ പ്രത്യക്ഷപ്പെടുന്നുണ്ട്.


ഇസ്താബുളില്‍ മത്സ്യത്തൊഴിലാളികള്‍ കൂടുതലായതു കൊണ്ടുതന്നെ സമുദ്രസമീപപ്രദേശങ്ങള്‍ തിരക്കേറിയവയാണ്. ഇപ്പോള്‍ തിരക്ക് കുറഞ്ഞതിനാലാവണം സമുദ്രജീവികള്‍ കരയ്ക്കരികിലേക്കെത്തുന്നതെന്നാണ് കണക്കാക്കുന്നത്. തുര്‍ക്കിയില്‍ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ ലോക്ക്ഡൗണ്‍ ഞായറാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കും. തലസ്ഥാനനഗരമായ ഇസ്താംബുളില്‍ വ്യാഴാഴ്ചയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment