ലോക്ക് ഡൗൺ അന്തരീക്ഷ മലിനീകരണത്തിന് ഗുണമാകുന്നു - ഭാഗം - 2 




ഇന്ത്യയും ചൈനയുമാണ് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍. ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ലോകാ രോഗ്യ സംഘടന 2014 ല്‍ കണ്ടെത്തിയത് ഡല്‍ഹിയെ ആയിരുന്നു. നിത്യേന 80-ഓളം ആളുകളാണ് ഡല്‍ഹിയില്‍ ശ്വാസ കോശ സംബദ്ധമായ അസുഖങ്ങള്‍ മൂലം മാത്രം മരിക്കുന്നത്. അനുവദനീയമായ അളവിന്റെ 15-20 ഇരട്ടിയോളം പാെടിപടലങ്ങൾ അവിടെ ഉയരാറുണ്ട്. അതായത് പുകവലിക്കാത്ത ഒരാള്‍ ഒരു ദിവസം ശരാശരി 20 സിഗരറ്റ് വലക്കുന്നതിന് തുല്യമാണ് ഡല്‍ഹിയിലെ വായു ശ്വസിക്കുന്നതിലൂടെ ശ്വാസ കോശത്തിലെത്തുന്ന രാസ വസ്തുക്കളും മറ്റു പാെടി പടലവും.
 

ദരിദ്ര രാജ്യങ്ങളിലെ ജനതയാണ് വായു മലിനീകരണം മൂലമുള്ള ദുരിതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. ഇന്ധനങ്ങള്‍ കത്തിക്കുന്നതും പരമ്പരാഗത ഊര്‍ജ സ്രോതസ്സുകള്‍ ഉപയോഗിച്ചുള്ള പാചകവുമാണ് വീടുകളിലെ വായു മലിനീകരണത്തിനു കാരണം. പാചക വാതകവും വൈദ്യുത അടുപ്പുകളും ലഭ്യമല്ലാത്ത ദരിദ്ര ഗ്രാമീണര്‍ക്ക് പരമ്പരാഗത മാര്‍ഗങ്ങള്‍ മാത്രമാണ് വഴി. 2018 ല്‍ ലോകാരോഗ്യ സംഘടന പുറത്തു വിട്ട കണക്കുകള്‍ പ്രകാരം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഏഷ്യന്‍ രാജ്യങ്ങളിലെ അകാല മരണങ്ങളില്‍ 88 ശതമാനവും വായു മലിനീകരണത്തിലൂടെയുള്ള അസുഖങ്ങള്‍ മൂലം സംഭവിക്കുന്നുണ്ട്.(2017ല്‍ 12.4 ലക്ഷം മരണങ്ങള്‍  ഇന്ത്യയില്‍ സംഭിച്ചു).


ലോക രാജ്യങ്ങളെയൊന്നാകെ മുള്‍ മുനയില്‍ നിര്‍ത്തിയ കൊറോണ ബാധ, വിവിധ രാജ്യങ്ങളുടെ അന്തരീക്ഷത്തിൽ ശുഭ സൂചകമായ മാറ്റങ്ങളുണ്ടാക്കിയതായി  പുതിയ വാര്‍ത്തകള്‍ പറയുന്നു. നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെയും കാര്‍ബണ്‍ ധൂളികളുടെയും സാന്നിധ്യം ചൈനയിലെ വുഹാന്‍ പ്രദേശത്തെ അന്തരീക്ഷത്തില്‍ കുറഞ്ഞു. വടക്കന്‍ ഇറ്റലിയിലും അന്തരീക്ഷത്തിലെ രാസപടലങ്ങളുടെ അളവില്‍ കുറവ് സംഭവിച്ചു.


ദല്‍ഹി നഗരത്തില്‍ PM 2.5 പൊടി(ഏറ്റവും ചെറുതും അപകടകാരിയും) യുടെ അളവില്‍ 71 % കുറവ് (മാര്‍ച്ച്‌ 20 മുതല്‍ ഒരാഴ്ച്ചക്കുള്ളിൽ) ഉണ്ടായി. അത് 91 മൈക്രോ ഗ്രാമില്‍ നിന്നും 26 ല്‍ എത്തി.നൈട്രജന്‍ ഓക്സൈഡ് വിഷയത്തിലും സമാന അളവില്‍ കുറവ് സംഭവിച്ചു. ഇംഗ്ലണ്ടില്‍ പൊടിപടലങ്ങളുടെ തോത് 50% താഴ്ന്നു. അതിന്‍റെ ഭാഗമായി ഓസോണ്‍ അളവില്‍ നാമ മാത്രമായ വര്‍ധനവ് കാണിച്ചു.


വെനീസിലെ കനാലുകളില്‍ ഡോള്‍ഫിനുകള്‍ അധികമായി കാണുവാന്‍ കൊറോണ കാലത്ത് കഴിയുമ്പോള്‍, മൂംബൈ കടല്‍ തീരത്തെക്കും ഡോള്‍ഫിനുകള്‍ എത്തുന്നത് മനുഷ്യ സാനിധ്യം കുറഞ്ഞതിന്‍റെ പെട്ടന്നുള്ള പ്രതികരണങ്ങള്‍ ആണ്.


ലോകത്തിന്‍റെ വിഭവങ്ങളെ മനുഷ്യ വര്‍ഗ്ഗത്തിന്‍റെ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതിനു പകരം, ലാഭത്തെ മാത്രം ലക്ഷ്യം വെച്ചുള്ള അനാവശ്യമായ ഉത്പാദന ഭ്രമം, മനുഷ്യ വര്‍ഗ്ഗത്തിലെ വലിയ വിഭാഗത്തിനു ഭീഷണിയാണ്. ആ ഭീഷണിയുടെ ദുരന്തങ്ങള്‍ ഓരോ ജീവി വര്‍ഗ്ഗവും അനുഭിക്കുവാന്‍ നിര്‍ബന്ധിതമായി. അവയില്‍ പലതും അന്യം നിന്ന് പോകുന്ന അവസ്ഥ വരെ കാര്യങ്ങള്‍ എത്തുന്നു.
കൊറോണ എന്ന Zoonotic disease (മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് ) പ്രത്യക്ഷ പെടുവാന്‍ ഇടയാക്കിയതിൽ , മൃഗങ്ങളുടെ കൈമാറ്റങ്ങളും അവുടെ ചുറ്റു പാടിനു സംഭവിച്ച  തകര്‍ച്ചയും പ്രാധാന പങ്കുവഹിച്ചിട്ടുണ്ട്. കൊറോണയുടെ ഭീതി (Corona Fear) ലോകത്തെ ആകെ പിടിച്ചുലക്കുമ്പോള്‍, ഉത്പാദനവും യന്ത്രങ്ങളും വാഹനങ്ങളും ഖനനങ്ങളും മാര്‍ക്കറ്റുകളുമെല്ലാം നിശ്ചലമായതിന്‍റെ ഗുണങ്ങൾ  ലോക രാജ്യങ്ങൾ നിലനിർത്തണമെങ്കിൽ, അവരുടെ രാഷ്ട്രീയ അജണ്ടകളെ  തിരുത്തി എഴുതേണ്ടതുണ്ട്. അതിനു കഴിഞ്ഞില്ല എങ്കിൽ ഈ ഇളവുകൾ, രാജ്യങ്ങളുടെ കര്‍ഫ്യൂ അന്തരീക്ഷം നിലനില്‍ക്കുന്നനാള്‍ വരെ മാത്രമേ ഉണ്ടാകൂ എന്നതാണ് വസ്തുത. 


തങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടങ്ങള്‍ നികത്തുവാനായി അധിക പദ്ധതികള്‍ ലക്ഷ്യം വെക്കുന്ന കോര്‍പ്പറെറ്റുകള്‍, അവരുടെ സഹായികളായി പ്രവര്‍ത്തിക്കുവാന്‍ വ്യഗ്രത കാട്ടുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍, ടൂറിസം പോലെയുള്ള രംഗങ്ങള്‍, കൊറോണ തിരിച്ചടിക്ക് ശേഷമുള്ള നാളുകളില്‍ പഴയ കാലത്തെ ഓര്‍മ്മിപ്പിക്കും വിധമാണ് കാര്യങ്ങളെ ആസൂത്രണം ചെയ്യുന്നതെങ്കില്‍ വീണ്ടും ലോക സമൂഹം ദുരന്തങ്ങളിലേക്കായിരിക്കും എത്തിച്ചേരുക.


ആദ്യത്തെ പ്ലേഗ് ബാധ (541 AD) പകുതി ജനങ്ങളെ മരണത്തില്‍ എത്തിച്ചു. അതിന്‍റെ അടുത്ത ഘട്ടത്തില്‍ ദുരന്തം 10 കോടി ആളുകളെ കൊലപെടുത്തി. ഫ്ലൂ 5 കോടി ജനങ്ങളുടെ ജീവിതം അവസാനിപ്പിച്ചു. കൊല്‍ക്കത്തയില്‍നിന്നും ആരംഭിച്ച കോളറ കൊന്നു തള്ളിയത് കോടികളെയായിരുന്നു. ഓരോ പ്രാവശ്യവും ഇവക്കൊക്കെ നല്ല വിലകള്‍ ഇന്ത്യക്കു നല്‍കേണ്ടി വന്നിരുന്നു. ഒപ്പം മലേറിയ, എബോള, പക്ഷി പനി, ഡങ്കൂ പനി, സാർസ്, മെർസ്, നിപ എല്ലാത്തിനെയും കടത്തി വെട്ടികൊണ്ടുള്ള കൊറോണ പനി, ശാസ്ത്രത്തിന് വെല്ലുവിളി ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്. തെറ്റായ വികസന സ്വപ്‌നങ്ങള്‍, ദുരന്തങ്ങളെയാണ് പോറ്റി വളര്‍ത്തുന്നതെന്ന് തിരിച്ചറിയുവാൻ, കൊറോണാ കാലത്തെങ്കിലും നമുക്കു കഴിഞ്ഞിരുന്നുവെങ്കിൽ. 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment