പരിസ്ഥിതി പ്രവർത്തകർക്ക് നേരെയുള്ള ഗുണ്ടാ ആക്രമണം; പ്രതിഷേധം ശക്തമാകുന്നു




തിരുവനന്തപുരത്ത് ലുലു ഗ്രൂപ്പ് തുടങ്ങാൻ പോകുന്ന ലുലു മാൾ കയ്യേറ്റ ഭൂമിയിലാണെന്ന് ചൂണ്ടിക്കാണിക്കാൻ ടൗൺ പ്ലാനിങ് ഉദ്യോഗസ്ഥരോടൊപ്പം പോയ പരിസ്ഥിതി പ്രവർത്തകനായ സഞ്ജീവിനും സംഘത്തിനും നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധം ശക്തമാകുന്നു. 


പരിസ്ഥിതി പ്രവത്തകരായ സഞ്ജീവിന്റെയും പ്രസാദ് സോമരാജന്റെയും പരാതിയെ തുടർന്ന് കയ്യേറ്റം അളക്കാനായി ടൗൺ പ്ലാനിങ് ഓഫീസർമാർ വന്നപ്പോഴാണ് അക്രമം ഉണ്ടായത്. സഞ്‌ജീവ്‌, പ്രസാദ് സോമരാജൻ, ഗ്രെഷ്യസ്, എം കെ സലിം, കെ ജെ ചാക്കോ, ലോറൻസ് എന്നിവർ ടൗൺ പ്ലാനിങ് ഓഫീസർമാരുടെ കൂടെ പ്രദേശത്ത് എത്തിയപ്പോഴാണ് ഇവർക്ക് നേരെ അക്രമം ഉണ്ടായത്. 


പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് ഇവർക്ക് നേരെ അക്രമം നടത്തിയത്. സഞ്ജീവിനെ ആക്രമിക്കുകയും മറ്റുള്ളവർ സഞ്ചരിച്ച കാർ  തടയുകയും, പ്രസാദ് സോമരാജന്റെ ഫോൺ തട്ടി പറിക്കുകയും, കാറിന്റെ ചാവി ഊരിയെടുക്കുകയും, കൊലപാതക ഭീഷണി ഉയർത്തുകയും അസഭ്യ വർഷം നടത്തുകയും ചെയ്‌തു. കയ്യേറ്റം കാണിച്ച് കൊടുക്കാനായി ഓഫീസർമാരുടെ നിർദേശ പ്രകാരമാണ് ഇവർ എത്തിയത്. ഇവിടെ വെച്ചാണ് ഇവർക്ക് നേരെ ഗുണ്ടാ അക്രമം ഉണ്ടായത്. 


ആക്കുളം കായലിന് സമീപത്തെ ഏകദേശം മുപ്പതോളം കയ്യേറ്റങ്ങൾ കുറിച്ചാണ് സഞ്‌ജീവ്‌ പരാതി നൽകിയിരുന്നത്. ഇവ ഓരോന്നും ഉദ്യോഗസ്ഥരുമായി കാണിച്ച് കൊടുത്ത് വരികയായിരുന്നു ഇവർ. ഡെപ്യൂട്ടി ടൗൺ പ്ലാനിംഗ് ഓഫീസറും ജില്ലാ തീരദേശ പരിപാലന സമിതിയുടെ കൺവീനറുമായ സീമയും ഏഴോളം പേരും വരുന്ന സംഘമാണ് ഉഗ്യോഗസ്ഥരായി ഉണ്ടായിരുന്നത്. ഇവർ സ്ഥലങ്ങൾ കാണിച്ച് കൊടുക്കാൻ നിർദേശിച്ചത് പ്രകാരം സഞ്‍ജീവും പ്രസാദ് സോമരാജനും ഗ്രെഷ്യസും എം കെ സലിം, കെ ജെ ചാക്കോ, ലോറൻസ് ഇവരോടൊപ്പം ഉണ്ടായിരുന്നു. 


മറ്റുള്ള സ്ഥലങ്ങളിലെ കയ്യേറ്റങ്ങൾ കാണിച്ചതിന് ശേഷമാണ് ലുലു മാൾ പണി നടക്കുന്നിടം സംഘം സന്ദർശിച്ചത്. ഈ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം തന്നെയാണ് ഇവിടെയും കയറിയത്. ഏകദേശം ഒരു കിലോമീറ്റർ നീളത്തിലാണ് ലുലു മാനേജ്‍മെന്റ് ആക്കുളം കായലിൽ കയ്യേറ്റം നടത്തിയിട്ടുള്ളത്. ഈ  കയ്യേറ്റ സ്ഥലങ്ങൾ കാണിച്ചു കൊടുക്കുന്നതിനിടെയാണ് ഇവർക്ക് നേരെ അക്രമം ഉണ്ടായത്.


അതേസമയം, പോലീസ് ഇവർ അതിക്രമിച്ചു ലുലുവിന്റെ വർക്കിംഗ് സൈറ്റിൽ കയറി എന്ന പേരിൽ ഇവർക്കെതിരെ കേസെടുത്തു. എന്നാൽ, അനുമതിയോടെ ഉദ്യോഗസ്ഥരോടൊപ്പമാണ് ഇവിടെ കയറിയതെന്ന് സഞ്ജീവും പ്രസാദ് സോമരാജനും പറഞ്ഞു. ഫോൺ തട്ടിയെടുത്തിട്ടില്ലെന്ന് ആദ്യം പറഞ്ഞ ഇവർ പിന്നീട് ഫോൺ തട്ടിയെടുത്തതായി സമ്മതിച്ചെന്നും ഇവർ അറിയിച്ചു. ഇതിനിടെ, ലുലു കയ്യേറ്റത്തിനെതിരെ എം കെ സലിം ഹൈക്കോടതിയിൽ നൽകിയ പരാതി ഹൈക്കോടതിയിൽ നിലവിലുണ്ട്.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment