പ്രകൃതി -  ഗാഡ്‌ഗിൽ - അവാർഡ്




എല്ലാ അവാർഡുകളും ചില ആശയങ്ങൾ സമൂഹത്തോടായി പങ്കുവെക്കുന്നു. നോബൽ സമ്മാനം നൽകുന്ന നോർവ്വീജിയൻ പാർലമെന്റ് സമിതി അവരുടെ രാഷ്ട്രീയ പക്ഷപാദിത്തം തെളിയിച്ച നിരവധി അനുഭവങ്ങൾ  നമ്മുടെ മുന്നിലുണ്ട്. ഇശ്രായേൽ പ്രധാനമന്ത്രി സമാധാനത്തിനായുള്ള നോബൽ സമ്മാനത്തിനായി യോഗ്യത നേടുകയും ഗാന്ധിജി അതിന് യോഗ്യനല്ലാതായി തീർന്നതും അവരുടെ രാഷ്ട്രീയ നിലപാടുകൾ വിളിച്ചു പറയുന്നു. ജ്ഞാനപീഠ ജേതാക്കളുടെ പട്ടികയിൽ ബേപ്പൂർ സുൽത്താനും ഖസാക്കിന്റെ കഥാകാരനും എത്തപ്പെട്ടിരുന്നില്ല.


അവാർഡുകൾ ലഭിക്കുന്നത് വ്യക്തികൾക്കാകുമ്പോൾ  തീരുമാനം വ്യക്തിപരമായിരിക്കും. പക്ഷേ പ്രസ്തുത വ്യക്തിയുടെ ആശയങ്ങളെ പിൻതുണക്കുന്നവർ അത്തരം അവാർഡുകളുടെ സന്ദേശത്തെ ആകാംഷയോടെ അറിയുവാൻ ശ്രമിക്കാറുണ്ട്. അവാർഡിന്റെ പിന്നിലെ രാഷ്ട്രീയത്തോട് അവാർഡു ജേതാവ് തൽക്കാലികമായിട്ടെങ്കിലും താദാമ്യം പ്രാപിക്കുന്നു. സർക്കാർ സംവിധാനങ്ങൾ തന്നെ അവാർഡുകളെ അവരവരുടെ താൽപ്പര്യാർത്ഥം വീതം വെക്കുന്ന കാലത്ത്, സ്വകാര്യ വ്യക്തികൾ നിയന്ത്രിക്കുന്ന അവാർഡുകളുടെ പിന്നിലെ വ്യക്തികളുടെ , സ്ഥാപനങ്ങളുടെ നിലപാടുകൾ അതിന്റെ സന്ദേശമായി പ്രവർത്തിക്കും.


പ്രൊഫസർ ഗാഡ്ഗിൽ കേരളീയ സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്, പശ്ചിമഘട്ട സംരക്ഷണ വിഷയത്തിൽ അദ്ദേഹം നേതൃത്വം നൽകിയ സമിതിയുടെ സമീപനത്തിലൂടെയായിരുന്നു. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം കേരളത്തിന്റെ ഗൗരവതരമായ രാഷ്ട്രീയ വിഷയമായി പരിഗണിക്കാതെ പരിഹരിക്കുവാൻ കഴിയില്ല. തീരങ്ങളും കായലും നെൽപ്പാടവും പുഴയും സംരക്ഷിക്കുക വിശാലമായ രാഷ്ട്രീയ സമീപ നത്തിന്റെ ഭാഗമാണ്. ഇത്തരം ഒരു രാഷ്ട്രീയ കാഴ്ച്ചപാടിന്റെ പിൻതുണ ആഗ്രഹിക്കാത്ത ഏതു മഹത്തരമായ നിർദ്ദേശങ്ങളും നിർദ്ദേശങ്ങളായി മാത്രം ചുരുങ്ങും എന്ന് ആദ്യം മനസ്സിലാക്കിയവരിൽ പ്രമുഖ  വ്യക്തി പ്രാെ. മാധവ് ഗാഡ്‌ഗിൽ തന്നെയായിരിക്കും എന്നു കരുതട്ടെ. (?)


കൃഷിക്കും പരമ്പരാഗത വ്യവസായത്തിനും മറ്റും പരിഗണന നൽകാത്ത ഒരു സമൂഹത്തിൽ ഊഹ മൂലധനത്തിന്റെ മുൻ തൂക്കം ഉൽപ്പാദന ഉപാധിയായ മണ്ണിനെ ചരക്കായി മാത്രം രേഖപ്പെടുത്തും ഭൂമി മറിച്ചു വിൽക്കൽ, നെൽപ്പാടം മൂടി കരയാക്കി കച്ചവടം , പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി കൊള്ളയടിച്ച് റിയൽ എസ്റ്റേറ്റ് സംവിധാനങ്ങളുടെ ലോകം തീർക്കൽ, വൻകിട മാളുകൾ തുടങ്ങിയ സർവ്വ കുമിള ലോകത്തിന്റെയും (Baloon Economics) കച്ചവട ഉത്സവ പറമ്പായി അര നൂറ്റാണ്ടിനിടയിൽ കേരളം  മാറിക്കഴിഞ്ഞു. Speculative Capitalism ത്തിന്റെ ആഘോഷങ്ങൾ നടക്കുന്നതിലൂടെ നാടു രക്ഷപെടും എന്നു കരുതുന്ന ലോകത്തിൽ  ചൂതാട്ടവും മദ്യ വ്യാപാരവും സജ്ജീവമാകും.അവിടെ സർക്കാരിന്റെ പ്രഥമ വരുമാനമായി ഇവ പ്രവർത്തിക്കും.മൂല്യങ്ങൾ നഷ്ട്ടപ്പെട്ട ഒരു State മെഷിനറിയുടെ രക്ഷ കർതൃത്വത്തിൽ നടക്കുന്ന കാടു വെട്ടി നിരത്തൽ മുതൽ തീരദേശ കൈയ്യേറ്റം വരെ  chain reactions ആണെന്നു തിരിച്ചറിയുവാൻ കഴിയാതിരിക്കുന്ന പരിസ്ഥിതി ബോധം കേവല പരിസ്ഥിതി വാദമായി മാത്രമേ പ്രവർത്തിക്കൂ.അത്തരം നിലപാടുകൾ ഫലത്തിൽ സഹായിക്കുക പ്രകൃതി വിഭവങ്ങളെ കൊള്ളയടിക്കു ന്നവരെയും അവരുടെ നടത്തിപ്പുകാരായി പ്രവർത്തിക്കുന്ന സർക്കാർ / രാഷ്ട്രീയ സംവിധാനത്തെയുമാണ്.


കേരളകൗമുദി പത്രത്തിന്റെ നിയന്ത്രണത്തിലുള്ള അവസാന പരിസ്ഥിതി അവാർഡ് ജേതാവ് ശ്രീമതി മേധാ പട്ക്കർ ആയിരുന്നു.മൂക്കുന്നിമല ക്വാറി വിരുദ്ധ സമരത്തിലും വിഴിഞ്ഞം സമരത്തിലും കൗമുദി പത്രം എടുത്ത സമീപനങ്ങൾ അപകടം നിറഞ്ഞതായിരുന്നു എന്നിരിക്കെ , അത്തരക്കാരിൽ നിന്നും  പ്രകൃതി സംരക്ഷണ സമരത്തിന്റെ മുന്നണി പോരാളികളിൽ ഒരാൾ അവാർഡ് വാങ്ങിയത് ഉചിതമായിരുന്നു എന്നു പറയുവാൻ കഴിയുമോ ?


MKR group ന്റെ MKR Foundation അവാർഡിനു പിന്നിലെ മൂലധന ശക്തി  കേരളത്തിന്റെ ശാപമായി പ്രവർത്തിക്കുന്ന ഊഹ മൂലധന വിപണിയുടെ ഏറ്റവും അപകടകരമായ മുഖങ്ങളിൽ ഒന്നിന്റെ ഭാഗമാണെങ്കിൽ ? 


അത്തരം അവാർഡുകളുടെ പിന്നാലെ രാഷ്ട്രീയ അജണ്ടകൾ നിലവിലെ പ്രകൃതി വിരുദ്ധ വികസനത്തിനെതിരായ ബദൽ രാഷ്ട്രീയത്തെ പറ്റി സംസാരിക്കുന്നവർ  മനസ്സിലാക്കേണ്ടതുണ്ട്. പശ്ചിമ ഘട്ടത്തിന്റെ സുരക്ഷ കേരളത്തിന്റെ ഊഹ മൂലധന അജണ്ടകൾക്കെതിരായ ജനാധിപത്യ സമരത്തിലൂടെ മാത്രമേ ലക്ഷ്യം നേടുവാൻ കഴിയുകയുള്ളൂ എന്നതാണ് രാഷ്ട്രീയമായ യാഥാർത്ഥ്യം.


അപ്പാേഴും അവാർഡുകൾ വ്യക്തിപരമാണ്. വ്യക്തികൾ അതിൽ തീരുമാനങ്ങൾ കൈകൊളളും. അതിന്റെ സന്ദേശം  സമൂഹത്തിന് നന്മയായിരിക്കണം പങ്കുവെക്കേണ്ടത് എന്നാഗ്രഹിച്ചു പോകുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment