ജനപക്ഷ വികസനത്തിലൂടെയാവണം കേരള പുനർനിർമ്മാണം : മാധവ് ഗാഡ്ഗിൽ




കേരളം പുനർനിർമ്മിക്കുമ്പോൾ ജനാധിപത്യപരവും സുതാര്യവുമായ മാർഗ്ഗങ്ങൾ സ്വീകരിക്കണെമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. ശാസ്ത്രീയമായ പഠനങ്ങൾ നടത്തുമ്പോൾ അത് ഉദ്യോഗസ്ഥ കസർത്തായി മാറരുതെന്നും, ഗ്രാസ്‌റൂട്ട് തലത്തിൽ നിന്ന് മുകളിലേക്കുള്ള ഒരു രീതി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥ സംവിധാനം പറയുന്ന ശാസ്ത്രീയ ഉപദേശം പലപ്പോഴും തട്ടിപ്പായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.  കേന്ദ്രീകൃതമായ ഒരു ഉദ്യോഗസ്ഥ സംവിധാനം തീരുമാനങ്ങൾ എടുക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നതിന് പകരം പ്രാദേശികമായ സവിശേഷതകൾ കൂടി കണക്കിലെടുത്ത് വേണം നടപ്പിലാക്കണമെന്നും ഗാഡ്ഗിൽ ആവശ്യപ്പെട്ടു. എറണാകുളത്ത് കേരളത്തിന്റെ പുനർനിർമ്മാണം എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 

 

പ്രാദേശിക ജനതയുടെ ശക്തമായ എതിർപ്പുകളെ മറികടന്നും  വികസന പദ്ധതികൾ അടിച്ചേല്പിക്കപ്പെടുന്നുണ്ട്. അതിരപ്പിള്ളി പദ്ധതി ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. അനിയന്ത്രിതമായ പാറ ഖനനം, മലിനീകരണം ഉണ്ടാക്കുന്ന കമ്പനികൾ തുടങ്ങിയവയൊക്കെ ജനങ്ങളുടെ ഇച്ഛയ്ക്ക് വിരുദ്ധമായി നടപ്പിലാക്കുകയാണ്. ഇത് തികച്ചും അനുചിതമാണ്. പുതിയ കേരളം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഗാഡ്ഗിൽ പറഞ്ഞു. ഡാം മാനേജ്‌മെന്റിൽ വന്ന പിഴവുകൾ പ്രളയക്കെടുതി വർദ്ധിപ്പിച്ചു എന്നാണ് പ്രാഥമികമായി മനസിലാക്കാനാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൺസൂൺ അവസാനം മാത്രം നിറയേണ്ട ഡാമുകൾ കാലവർഷത്തിന്റെ പകുതിയിൽ തന്നെ നിറച്ച് നിർത്തിയത് അശാസ്ത്രീയമാണെന്നും ഗാഡ്ഗിൽ പറഞ്ഞു. ആഗോള കാലാവസ്ഥാ വ്യതിയാനം കേരളത്തിൽ കനത്ത മഴയ്ക്കും ചില സമയങ്ങളിൽ മഴക്കുറവിനും കാരണമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ സുതാര്യമാക്കണമെന്നും ഗവണ്മെന്റുകൾക്ക് പതിവ് റിപ്പോർട്ടുകൾ സമർപ്പിച്ച് അവസാനിപ്പിക്കുന്നതിന് പകരം  എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്നും ഗാഡ്ഗിൽ പറഞ്ഞു. 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment