തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാൻ്റ് തുറക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി




തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റ് തുറക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഇന്നത്തെ തീരുമാനം കേരള സർക്കാരിനും പാഠമാകേണ്ടതാണ്. സംസ്ഥാനത്തെ പാറ ഖനനം നിയന്ത്രിക്കുവാൻ ഉണ്ടായ ഹരിത ട്രൈബ്യൂണൽ ഇടപെടലിനെ പ്രതിരോധിക്കുവാനായി സ്റ്റെർലൈറ്റ് കമ്പനിയെ പരാമർശിക്കുവാൻ മടിക്കാത്ത (അഡീഷനൽ അഡ്വക്കേറ്റ് ജനറൽ) പിണറായി സർക്കാർ, നീറ്റാ ജലാറ്റിനെയും പെരിയാർ തീരത്തേയും ഇവിടെ ഓർക്കുമോ ?
 

മലിനീകരണം ഉണ്ടാക്കുന്ന വേദാന്തയുടെ ചെമ്പ് ശുദ്ധീകരണ പ്ലാന്റ്  അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്കെതിരെയുള്ള 2018,മേയ് 22 ലെ പൊലീസ് വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലായി രുന്നു പ്ലാന്റ് അടിയന്തരമായി അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടത്.


ചെമ്പ് മാലിന്യം അപകടരമല്ലെന്നും സ്ഥാപനം തുറന്നു പ്രവർത്തിക്കട്ടെ എന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) അഭിപ്രായപ്പെട്ടത്. പ്രദേശത്തു താമസിക്കുന്നവരുടെ ക്ഷേമത്തിനായി മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു കോടി രൂപ ചെലവഴിക്കുവാന്‍ കമ്പനിയോട് NGT നിര്‍ദേശിച്ചു. ഇതിന് മുന്നോടിയായി ഇതുവരെ വരുത്തിയ വീഴ്ചകള്‍ക്ക് 2.5 കോടി രൂപയുടെ ശിക്ഷ അടിയന്തരമായി കെട്ടി വെക്കാൻ NGT കമ്പനിയോടാവശ്യപ്പെട്ടിരുന്നു. 4 ലക്ഷം ടൺ ചെമ്പു ശുദ്ധീകരിണം നടത്തുന്ന,12600 കോടി രൂപ റവന്യൂ ഉള്ള സ്ഥാപനത്തിന് ഒരു കോടി രൂപ 1000 ദിവസത്തിനുള്ളിൽ നൽകി ,നാട്ടുകാരെ സഹായിക്കണമെന്ന ഹരിത ട്രൈബ്യൂണൽ വിധി എത്ര ബാലിശമായിരുന്നു .


ചെമ്പു കമ്പനിയുടെ നിയമ ലംഘനങ്ങൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. 2010 ൽ കമ്പനി അടച്ചു പൂട്ടണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ഇടപെട്ട് തിരുത്തി. എന്നാൽ പരിസര ശുചീകരണത്തിനും മറ്റും100 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി സ്ഥാപനം തുടങ്ങാം (2013) എന്നു നിർദ്ദേശിച്ചു. അതിനായി കൈ പൊക്കിയ ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ നിരുത്തരവാദിത്ത നിലപാട്  തൂത്തുക്കുടിയെ വിഷ ലിപ്തമാക്കി.


സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തെ ചോദ്യം ചെയ്ത കമ്പനി സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തെ എതിർത്ത ഹരിത ട്രൈബ്യൂണൽ, കമ്പനിക്കു പ്രവർത്തിക്കാം എന്നാണ് പറഞ്ഞത്. സുപ്രീം കോടതി, വിഷയത്തിൽ ഇടപെടുവാൻ മദ്രാസ് ഹൈക്കോടതിയെ ചുമതലപ്പെടുത്തി. വേദാന്തയുടെ ചെമ്പു കമ്പനി തുറക്കേണ്ടതില്ല എന്ന് ഇന്നു മദ്രാസ് ഹൈകോടതി  തീരുമാനിക്കുമ്പോൾ  പുതിയ വിധി തൂത്തുകുടിക്കാർക്ക് ആശ്വാസമാണ്.


2018ൽ ഫാക്ടറി ഉൽപ്പാദനം ഇരട്ടിയാക്കുവാനുള്ള (ഉൽപ്പാദനം 8 ലക്ഷം ടൺ) ശ്രമത്തെ ജനങ്ങൾ ചോദ്യം ചെയ്യുന്നതിലൂടെയാണ് വെടിവെപ്പുണ്ടായത് എന്ന വസ്തുത പുതിയ പരിസ്ഥിതി ആഘാത കരടിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമാകുകയാണ്. Metallurgical industries (ferrous  &non ferrous) 2006 ലെ പരിസ്ഥിതി ആഘാത പഠനത്തിൽ Sponge Iron Plants 73000 ടൺ കപ്പാസിറ്റിക്കു മുകളിൽ Category A യിലും അതിനു താഴെയുള്ളവ Category B യിലുമായിരുന്നു. പുതിയ കരടിൽ അത് 5 ലക്ഷം ടണ്ണിനു മുകളിൽ Category A യും (7ഇരട്ടി) അതിനു താഴെ Category B യുമെന്ന അവസ്ഥയിലെത്തി. വൻകിട വ്യവസായത്തിനു നൽകിയ അധികം ഇളവിൻ്റെ തെളിവുകളിൽ ഒന്നാണിത്.


വേദാന്തയുടെ ചെമ്പു പ്ലാൻ്റിനൊപ്പം സൾഫ്യുരിക്കാസിഡ് 12 ലക്ഷം ടൺ, 2.2 ലക്ഷം ടൺ ഫോസ് ഫോറിക്ക് ആസിഡ് നിർമ്മാണവും നടത്തിയിരുന്നു. Corporate Social responsibility (CSR) പ്രവർത്തനത്തിൽ മാതൃകയാണ് എന്നവകാശപ്പെട്ട കമ്പനിക്കായി ദേശീയ ഹരിത ട്രൈബ്യൂണൽ സംസാരിച്ചപ്പോൾ, അവിടെ രക്ഷകനായി തമിഴ്നാട് ഹൈക്കോടതി താൽക്കാലികമായി എത്തി എന്നാശ്വസിക്കാം. 


കേരളത്തിൻ്റെ നട്ടെല്ലു പൊട്ടിക്കുന്ന പാറ ഖനനവും അനുബന്ധ നിയമ ലംഘനവും  പെരിയാറിൻ്റെ വ്യവസായ മലിനീകരണവും വേദാന്ത വരുത്തിവെച്ച കൂട്ടക്കുരുതിയെ മുൻ നിർത്തി പരിശോധിക്കേണ്ടതുണ്ട്. കേരള സർക്കാർ മദ്രാസ് ഹൈക്കോടതി വിധിയുടെ ഉള്ളടക്കത്തെ തിരിച്ചറിഞ്ഞ് കേരളത്തിൻ്റെ പ്രകൃതി ദുരന്തത്തെ പ്രതിരോധിക്കുവാൻ അവരുടെ തീരുമാനങ്ങൾ ഇനിയെങ്കിലും തിരുത്തുമോ  ?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment