മയ്യഴിപ്പുഴക്കായി പ്രതിനിധി കൺവെൻഷൻ നടക്കുന്നു  




വയനാട് കുഞ്ഞോത്ത് നിന്നും ഉൽഭവിച്ച് മാഹി അഴിമുഖം വരെ 54 കിലോമീറ്റർ നീളമുള്ള മയ്യഴിപ്പുഴയെ ഒരു യൂണിറ്റായി കണ്ട്, "പുണരാം മയ്യഴിപ്പുഴയെ, ഉണരാം നമുക്കൊന്നായി" എന്ന സ്നേഹാഹ്വാനവുമായി, ജനകീയ പുഴ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. മാഹി മഞ്ചക്കൽ ബോട്ട് ഹൗസ് പരിസരത്ത് വെച്ച് മയ്യഴിപ്പുഴ കൺവെൻഷൻ നടക്കുന്നത്.


നാദാപുരം, കൂത്തുപറമ്പ്, കുറ്റ്യാടി, തലശ്ശേരി, വടകര, മാഹി എന്നീ ആറ് അസംബ്ലി മണ്ഡലങ്ങളും 15 ഗ്രാമ പഞ്ചായത്തുകളും 2 മുൻസിപ്പാലിറ്റികളും തഴുകി ഒഴുകുന്ന മയ്യഴിപ്പുഴ പലതരത്തിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. മനുഷ്യന്റെ ഇടപെടലും പ്രകൃതിപരമായ മാറ്റങ്ങൾ കൊണ്ടും, മയ്യഴിപ്പുഴയുടെ ഉത്ഭവം, ഒഴുക്ക് എന്നിവ തടസ്സപ്പെടുന്നു. മലിനീകരണം, കയ്യേറ്റങ്ങൾ, പുഴവിഭവ ചൂഷണങ്ങൾ, അനധികൃത / അശാസ്ത്രീയ നിർമ്മാണങ്ങൾ, ചെളി നിറഞ്ഞ അവസ്ഥ, ഉപ്പ് വെള്ളം കയറി കുടിവെള്ളവും കൃഷിയും ഇലാതക്കുന്ന തുടങ്ങിയ കാരണങ്ങൾ കൊണ്ട് മയ്യഴിപ്പുഴയും മഴക്കാലത്ത് തീരദേശവാസികളും വലിയ ഭീഷണിയാണ് നേരിടുന്നത്.


മയ്യഴിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും പ്രദേശിക കൂട്ടായ്മകൾ രൂപീകരിച്ചു കൊണ്ടിരിക്കുകയാണ്. പ്രാദേശികമായ റിവർ സ്റ്റാറ്റസ് റിപ്പോർട്ടുകൾ സമാഹരിച്ച്, പ്രവർത്തന രൂപരേഖയും നയവും അന്തിമമാക്കാനാണ്, പ്രാദേശിക പ്രാതിനിധ്യത്തോടെ കൺവെൻഷൻ സംഘടിപ്പിക്കുന്നത്.


ചടങ്ങിൽ എഴുത്തുകാരൻ എം. മുകുന്ദൻ, എം.പിമാരായ കെ. മുരളീധരൻ, വൈദ്യലിംഗം, എം.എൽ.എമാരായ ശൈലജ ടീച്ചർ, ഇ. കെ വിജയൻ, പാറക്കൽ അബ്ദുല്ല, എ.എൻ ഷംസീർ, സി.കെ നാണു എന്നിവർ വീഡിയോ സന്ദേശം വഴി കൺവെൻഷനിൽ സംസാരിക്കും. മാഹി എം.എൽ.എ രാമചന്ദ്രൻ മാഷ് ഉൽഘാടനം നിർവ്വഹിക്കും.


കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ "അഴുക്കിൽ നിന്നും അഴകിലേക്ക്" പദ്ധതിയുടെ ഭാഗമായി നടന്ന പ്രാഥമിക പ്രവർത്തനങ്ങളുടെ അവതരണം സി.പി ഹരീന്ദ്രൻ അവതരിപ്പിക്കും. ഒപ്പം, സംസ്ഥാന നദീ സംരക്ഷണ സമിതിയുടെ ഭാരവാഹികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാർ എന്നിവരും സംബന്ധിക്കും. പുഴ ഒഴുകുന്ന വാർഡുകളിലെ മെമ്പർമാരുടെ സജീവ പങ്കാളിത്തവുമുണ്ടാകും.


കൺവെന്ഷനിൽ ഭരണഘടന, സ്ഥിരം സമിതി എന്നിവ അന്തിമമാക്കും. ഒപ്പം അതാത് മേഖലയിൽ നിന്നുമുള്ള പ്രതിനിധികളുടെ പൊതുചർച്ചയും തുടർന്ന് ഭാവി പ്രവർത്തനങ്ങൾക്ക് രൂപകൊടുക്കുകയും ചെയ്യുന്നതാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment