കെട്ടിട നിർമാണത്തിന്റെ പേരിൽ യഥേഷ്‌ടം മണ്ണെടുക്കാനുള്ള അനുമതി കേരളത്തെ തകർക്കും




 
ഇരുപതിനായിരം ചതുരശ്രമീറ്റർ അതായത് അഞ്ചേക്കര്‍ വരെ അടിത്തറയുള്ള കെട്ടിടങ്ങളുടെ നിർമ്മാണങ്ങൾക്ക് ഖനനാനുമതി ഇല്ലാതെ യഥേഷ്ടം മണ്ണെടുക്കുവാന്‍ അനുവാദം നല്‍കിയ സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നതും ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം  പൊതുഖജനാവിന് ഉണ്ടാക്കുന്ന അഴിമതിയുമാണ്‌.   


കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ (KMMC) റൂള്‍സ് 2015-ലെ ചട്ടം (14)  പ്രകാരം നിര്‍മ്മാണാവശ്യങ്ങള്‍ക്കായി മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പില്‍ നിന്നും ഖനനാനുമതി (ക്വാറിയിംഗ് പെര്‍മിറ്റ്‌) ആവശ്യമാണ്‌. എന്നാല്‍, റസിഡന്‍ഷ്യലോ കമേഴ്സ്യലോ ആയ 300 SQM വരെ പ്ലിംഗ്ത് (അടിത്തറ) ഏരിയയുള്ള കെട്ടിടങ്ങള്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.  അതായത്,  തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നുള്ള ബില്‍ഡിംഗ് പെര്‍മിറ്റ്‌ ഉണ്ടെങ്കില്‍,  ഇത്തരം SQM വരെയുള്ള കെട്ടിടങ്ങളുടെ അടിത്തറയുടെ നിര്‍മ്മാണത്തിനായി മണ്ണ് നീക്കം ചെയ്യാന്‍ ക്വാറിയിംഗ് പെര്‍മിറ്റ്‌ എടുക്കേണ്ടതില്ല.  ഇതാണ് ഇരുപതിനായിരം ചതുരശ്രമീറ്ററായി  (2,15,278 ചതുരശ്ര അടി)  ഉയര്‍ത്തിയിരിക്കുന്നത്. ഇത് കെട്ടിടത്തിന്റെ ആകെ വലിപ്പമല്ല എന്നും ഓര്‍ക്കുക, അടിത്തറയുടെ വിസ്തീര്‍ണ്ണമാണ്. കെട്ടിടത്തിന്റെ അടിത്തറ നിര്‍മ്മിക്കാന്‍ മാത്രമുള്ള ഈ ഇളവ് നഗ്നമായി ലംഘിച്ച് പ്ലോട്ടിലെ മണ്ണ് പൂര്‍ണ്ണമായി നീക്കം ചെയ്യുകയാണ് ഏവരും ചെയ്യുന്നത്. 


ഇനി മുതല്‍ കേരളത്തില്‍ അഞ്ചേക്കര്‍ (കൃത്യമായി പറഞ്ഞാല്‍ 4.94 ഏക്കര്‍) വരെ അടിത്തറയുള്ള കെട്ടിടത്തിനായി എത്ര ആഴത്തിലും യഥേഷ്ടം മണ്ണെടുക്കാന്‍ സാധിക്കും. ഇതിലും വലിയ അടിത്തറയുള്ള കെട്ടിടങ്ങള്‍ കേരളത്തില്‍ ഉണ്ടോ എന്ന് പോലും സംശയമാണ്. അത്തരം കെട്ടിടങ്ങള്‍ക്ക് മാത്രമേ ഇനി  ക്വാറിയിംഗ് പെര്‍മിറ്റ്‌ ആവശ്യമുള്ളൂ. അതായത് ചട്ടത്തെ നില നിര്‍ത്തി കൊണ്ട് തന്നെ, അതിനെ അതിസമര്‍ത്ഥമായി കൊന്നു കളഞ്ഞു. 


ഭൂനിരപ്പിന് താഴെ നിലകള്‍ പണിയുന്നത് പ്രധാനമായും കാര്‍പാര്‍ക്കിംഗിന് വേണ്ടിയാണ്. 20,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് നിന്നും ഇപ്രകാരം മണ്ണ് ഖനനം ചെയ്‌താല്‍ എന്തുമാത്രം മണ്ണ് വരുമെന്ന് നോക്കാം. ഒരു സെല്ലാര്‍ ഫ്ലോര്‍  ആണുള്ളതെങ്കില്‍ മൂന്ന് മീറ്ററും രണ്ടാണെങ്കില്‍ ആറു മീറ്ററും താഴ്ചയില്‍ മണ്ണ് നീക്കം ചെയ്യണം. അതായത് 20,000 * 6 = 1,20,000 ക്യുബിക് മീറ്റര്‍ മണ്ണാണ് ഖനനം ചെയ്യപ്പെടുന്നത്. ഒരു ടിപ്പര്‍ ലോറിയില്‍ ഉദ്ദേശം 5 ക്യുബിക് മീറ്റര്‍ മണ്ണ് കൊണ്ട് പോകാന്‍ കഴിയും. അതായത് 1,20,000 / 5 = 24000 ലോഡ് മണ്ണ് യാതൊരുവിധ പഠനമോ പരിശോധനയോ ഇല്ലാതെ ആര്‍ക്കും ഖനനം ചെയ്യാം. 


ഇങ്ങനെ ഖനനം ചെയ്യുന്ന മണ്ണ് എവിടെ നിക്ഷേപിക്കും ? അതിനുണ്ടായിരുന്ന നിയ്രന്ത്രണങ്ങള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ എടുത്ത് കളഞ്ഞിരുന്നു. നിലവില്‍ യാതൊരുവിധ നിബന്ധനകളും ഇല്ല; ആര്‍ക്കും എവിടേയും നിക്ഷേപിക്കാം. ശരാശരി ഒരു നെല്പാടത്തിന്‍റെ താഴ്ച ഒരു മീറ്റര്‍ ആണ് എന്ന് കരുതുക. അങ്ങനെയെങ്കില്‍ അഞ്ചേക്കര്‍ സ്ഥലത്ത് നിന്നും ആറു മീറ്റര്‍ താഴ്ചയില്‍ എടുക്കുന്ന മണ്ണ് കൊണ്ട് 30 ഏക്കര്‍ പാടം നിയമവിരുദ്ധമായി നികത്താം. 


ഇനി എന്താണിതിലെ അഴിമതി എന്ന് നോക്കാം.  20,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് നിന്നും 6 മീറ്റര്‍ താഴ്ചയില്‍ ഖനനം ചെയ്‌താല്‍ 24000 ലോഡ് മണ്ണ് ലഭിക്കും എന്ന് നേരത്തെ പറഞ്ഞിരുന്നുവല്ലോ. അതായത് 20,000 * 6  = 1,20,000  ക്യുബിക് മീറ്റര്‍. ഇതിനെ മെട്രിക് ടണ്‍ ആക്കിയാല്‍  2,40,000 വരും. മറ്റൊരു രീതിയില്‍ കുറച്ച് കൂടി ലളിതമായി പറയാം. ഒരു ടിപ്പറില്‍ പത്ത് മെട്രിക് ടണ്‍ മണ്ണാണ് കൊള്ളുക. 24000 ലോഡ് മണ്ണ് ഉണ്ടേല്‍ ആകെ മണ്ണിന്‍റെ അളവ്  24000 * 10 = 2,40,000 മെട്രിക് ടണ്‍. ക്വാറിയിംഗ് പെര്‍മിറ്റിന് മെട്രിക് ടണിന് 40 രൂപയാണ് റോയല്‍റ്റി ആയി സര്‍ക്കാരിന് അടയ്ക്കേണ്ടത്. ഇത്രയും മണ്ണ് ഖനനം ചെയ്യുമ്പോള്‍ 96,00,000 (96 ലക്ഷം)  രൂപയാണ് നേരത്തെ സര്‍ക്കാരിന് ലഭിച്ചിരുന്നത്. ഇനി ലഭിക്കുന്നത് വട്ടപ്പൂജ്യം. സംസ്ഥാനമൊട്ടാകെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ നൂറുകണക്കിന് കോടി രൂപയുടെ നഷ്ടം. ഇതും കുടിയന്മാര്‍ വഹിച്ച് കൊള്ളും എന്നതാണ് ഏക ആശ്വാസം. 
അതുപോലെ, അനധികൃതമായി മണ്ണെടുക്കുന്ന പക്ഷം റോയല്‍റ്റിയുടെ അഞ്ചിരട്ടി പിഴയും ക്വാറിയിംഗ് പെര്‍മിറ്റ്‌ ഇല്ലാതെ മണ്ണെടുത്താല്‍ മൂന്നിരട്ടി പിഴയും ഈടാക്കണമെന്നാണ് നിയമമെങ്കിലും റവന്യൂ, ജിയോളജി വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാത്തതിനാല്‍, നൂറുകണക്കിന് കോടി രൂപയാണ് ഓരോ വര്‍ഷവും സംസ്ഥാന സര്‍ക്കാരിന് നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 300 ചതുരശ്രമീറ്ററിന് മുകളില്‍ അടിത്തറയുള്ള ഭൂരിഭാഗം കെട്ടിടങ്ങളും ക്വാറിയിംഗ് പെര്‍മിറ്റ്‌ എടുക്കാതെ നിയമവിരുദ്ധമായാണ് സംസ്ഥാനത്തൊട്ടാകെ വര്‍ഷങ്ങളായി മണ്ണെടുക്കുന്നത് . നിലവിലെ റേറ്റ് പ്രകാരം ടിപ്പറിലെ ഒരു ലോഡ് മണ്ണിന് കുറഞ്ഞത് ആയിരം രൂപ സര്‍ക്കാരിലേക്ക്  പിഴയായി അടയ്ക്കേണ്ടി വരും. ഇങ്ങനെ നൂറുകണക്കിന് കോടി സര്‍ക്കാരിന് പിരിഞ്ഞ് കിട്ടാനുണ്ട്. 


കൂടാതെ, കെട്ടിടം പണിയാനെന്ന വ്യാജേന  ബില്‍ഡിംഗ് പെര്‍മിറ്റ്‌  എടുത്ത് വന്‍തോതില്‍ മണ്ണെടുപ്പ്‌ നടക്കുന്നു. മലകള്‍ സമതലങ്ങളാകുന്നു.  ഒരാള്‍ക്ക് ഒരേക്കര്‍ സ്ഥലത്ത് നിന്നും മണ്ണെടുക്കണം എന്നിരിക്കട്ടെ, ക്വാറിയിംഗ് പെര്‍മിറ്റിന്റെ നടപടിക്രമങ്ങള്‍ ഒഴിവാക്കാനായി, 300 ചതുരശ്രമീറ്ററില്‍ താഴെ വരുന്ന ഏഴോ എട്ടോ കെട്ടിടങ്ങള്‍ക്ക് വെവ്വേറെ ബില്‍ഡിംഗ് പെര്‍മിറ്റ്‌   എടുത്ത് അതിന്റെ മറവിലായിരുന്നു ഇത്രയും നാള്‍ മണ്ണെടുത്തിരുന്നത്.  ഇനി ഒരൊറ്റ ബില്‍ഡിംഗ്‌ പെര്‍മിറ്റില്‍ അഞ്ചേക്കര്‍ വരെ കുന്ന് ഇല്ലാതാക്കാം. മണ്ണ് നീക്കം ചെയ്ത ശേഷം, ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിടത്തിന്റെ ബേസ്മെന്റ് എങ്കിലും നിര്‍മ്മിക്കണം എന്നാണ് ചട്ടമെങ്കിലും ഒരു വകുപ്പും  യാതൊരുവിധ പരിശോധനകളും ഇക്കാര്യത്തില്‍ നടത്താറില്ല.   ഇപ്രകാരം സകല വില്ലേജിലും  പരിശോധന നടത്തി നടപടി സ്വീകരിച്ചാല്‍  നൂറുകണക്കിന് കോടി രൂപയാണ് സര്‍ക്കാരിന് ലഭിക്കുക. 


കെട്ടിട നിര്‍മ്മാണത്തിന്റെ മറവില്‍ നടക്കുന്ന ഇത്തരം മണ്ണ് ഖനനം മൂലം അനേകായിരം കോടികള്‍ പൊതുഖജനാവിന് നഷ്ടമുണ്ടാകുന്നതായി കാണിച്ച്  15.02.2020-ല്‍ ഞാന്‍ മുഖ്യമന്ത്രിക്ക്  പരാതി നല്‍കിയിരുന്നു. (നം CMO19068855).  പരാതിയുടെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്കും മറ്റ് ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും നല്‍കിയിരുന്നതാണ്. ടി പരാതിയുടെ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.  ഈ മേഖലയില്‍ നടക്കുന്ന സര്‍വ്വ നിയമലംഘനങ്ങളും വളരെ വ്യക്തമായി ഇതില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എന്റെ പരാതിയില്‍ നടപടി എടുത്ത് നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് പകരം യഥേഷ്ടം കേരളം തുരക്കാന്‍  സര്‍ക്കാര്‍ മണ്ണ് മാഫിയയ്ക്ക് ഒപ്പം നില്ക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.  


ചട്ടം കര്‍ശനമായി നടപ്പാക്കുകയും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ (KMMC ചട്ടം നിലവില്‍ വന്നത് മുതല്‍)  ഇത്തരം നിയമലംഘനങ്ങള്‍ പരിശോധിച്ച് നടപടി എടുത്താല്‍ ആയിരക്കണക്കിന് കോടി രൂപ സര്‍ക്കാരിന് ലഭിക്കും.  ഈ തുക ഈടാക്കണമെന്നതായിരുന്നു എന്റെ പരാതിയിലെ പ്രധാന ആവശ്യം. എന്നാല്‍,  അതിന് പകരം ഈ തുക റിയല്‍ എസ്റ്റേറ്റ് / മണ്ണ് മാഫിയകള്‍ക്ക് നേട്ടമുണ്ടാക്കി കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുടെ പരസ്യം വരുന്ന, അവര്‍ക്ക് ഷെയറുള്ള  ഒരു മാധ്യമത്തില്‍ നിന്നും ആരും ഇതൊന്നും അറിയാന്‍ പോകുന്നില്ല.  സര്‍ക്കാര്‍ നല്‍കിയ ഇളവ് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക്  ഉത്തേജനമേകും എന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്; അല്ലാതെ ഇതില്‍ അഴിമതിയോ പാരിസ്ഥിതിക പ്രശ്നങ്ങളോ തരിമ്പ്‌ പോലുമില്ല. 


കെട്ടിട  നിര്‍മാണങ്ങളുടെ പേരില്‍ സംസ്ഥാനത്ത് നടക്കുന്ന നിയമലംഘനങ്ങളെ കുറിച്ച് വര്‍ഷങ്ങളായി ഞാന്‍ നടത്തിയിട്ടുള്ള പഠനത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇത്രയും കാര്യങ്ങള്‍ എഴുതിയത്. മണ്ണ് മാഫിയക്കെതിരെ പ്രതികരിച്ചതിന് കോട്ടയം നഗരസഭയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദനം ഏറ്റപ്പോഴും അവര്‍ വീട് കയറി ആക്രമിച്ചപ്പോഴും ഏത് നിമിഷവും ആക്രമണം ഭയന്ന് നടന്നപ്പോഴും ഞാനൊരിക്കലും നിരാശനായിട്ടില്ല, പക്ഷെ, ഈ സര്‍ക്കാര്‍ തീരുമാനത്തില്‍  ഞാന്‍ അത്രയധികം നിരാശനാണ്.  


സംസ്ഥാനത്തെമ്പാടും മണ്ണെടുപ്പ്‌ കേന്ദ്രങ്ങളില്‍  വിജിലന്‍സിനെയും റവന്യൂ അധികാരികളേയും  ഉപയോഗിച്ച് തുടര്‍ച്ചയായി പരിശോധനകള്‍ നടത്തിയപ്പോഴേ സംശയം തോന്നിയിരുന്നു; മറ്റെന്തിനോ ഉള്ള പുറപ്പാട് ആണെന്ന്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷന്‍ അടുത്തു വരുന്നു. തൊട്ടു പുറകെ 2021-ല്‍ നിയമസഭാ ഇലക്ഷനും ഉണ്ട്. അതിനൊക്കെ വേണ്ട ഫണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കണ്ടെത്തേണ്ടതുണ്ടാകാം. അത് പക്ഷെ, രണ്ട് വട്ടം പ്രളയം വിഴുങ്ങിയ കേരളത്തെ ഇങ്ങനെ തുരന്ന്  വിറ്റിട്ടാകരുത്; അപേക്ഷയാണ്....സര്‍ക്കാരിനോട് മാത്രമല്ല; പ്രതിപക്ഷ പാര്‍ട്ടികളോടും കൂടിയാണ്...


http://rtiask.blogspot.com/2020/03/blog-post_19.html

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment