പന്തല്ലൂര്‍ മലയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതിക്ക് നീക്കം




മലപ്പുറം: പന്തല്ലൂര്‍ മലയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കാമെന്ന ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ടിനെതിരേ നാട്ടുകാർ സമരത്തിലേക്ക്. പന്തല്ലൂര്‍ ഹില്‍സില്‍ കൊടികുത്തി കല്ലിന് സമീപത്തായി എട്ടുലക്ഷം ടണ്‍ കരിങ്കല്‍ നിക്ഷേപമുണ്ടെന്നും അതില്‍ രണ്ടുലക്ഷം പൊട്ടിക്കാന്‍ അനുമതി നല്‍കാമെന്നുമാണ് റിപ്പോര്‍ട്ട്.


കരിങ്കല്‍ഖനനത്തിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് മഞ്ചേരി ജിയോളജി ഓഫീസിലേക്ക് 21-ന് മാര്‍ച്ച്‌ നടക്കും. പി. ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനംചെയ്യും. സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് പന്തല്ലൂര്‍ ഹില്‍സ് സംരക്ഷണസമിതി ഭാരവാഹികൾ അറിയിച്ചു.


ജില്ലാ ജിയോളജിസ്റ്റാണ് ജിയോളജി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ക്വാറി പ്രവര്‍ത്തനം തുടങ്ങിയാല്‍ പന്തല്ലൂര്‍ ഹില്‍സ്, ഊത്താലക്കുണ്ട്, തെക്കുമ്പാട്, അമ്പലവട്ടം, പുളിക്കല്‍ മേഖലകളിലെ ജനങ്ങളെ ബാധിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു. അനുമതിനല്‍കിയ സ്ഥലത്തിന് 250 മീറ്റര്‍ അകലെയാണ് ജല അതോറിറ്റിയുടെ മൂന്നരലക്ഷം ലിറ്റര്‍ വെള്ളം വഹിക്കുന്ന ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. 


പന്തല്ലൂര്‍ വില്ലേജില്‍ ഉള്‍പ്പെടെ 325 ഏക്കറോളം പാടശേഖരവും 4200 ഏക്കറോളം കൃഷിസ്ഥലവുമുണ്ട്. സ്‌കൂളുകളും ആരാധനാലയങ്ങളും 2000-ത്തിന് മുകളില്‍ വീടുകളുമുണ്ട്.1600 അടിയോളം ഉയരമാണ് മലയ്ക്കുള്ളത്. 2018-ലെ പ്രളയകാലത്ത് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 30 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചിരുന്നു. 1968, 1974, 1996, 2006 കാലഘട്ടത്തിലും ഇവിടെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment