മലപ്പുറം ജില്ലയിലെ ജല സ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കളക്ടർ




മലപ്പുറം ജില്ലയിലെ ജല സ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍ദേശം നല്‍കി. ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. സംസ്ഥാനം മുഴുവൻ കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുമ്പോൾ നിലവിലുള്ള ജല സ്രോതസ്സുകള്‍ സംരക്ഷിക്കാനുള്ള കളക്ടറുടെ നീക്കം ആശ്വാസകരമാണ്.


ജലസ്രോതസ്സ് മലിനപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നോട്ടീസ് നല്‍കാനും മൂന്ന് ദിവസത്തിനകം നടപടിയെടുക്കാനുമാണ്  കലക്ടര്‍ നിര്‍ദേശം നല്‍കിയത്. മത്സ്യ ബന്ധനത്തിനായി പുഴ കളിലും മറ്റു ജലസ്രോതസ്സുകളിലും വിഷം കലര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ക്രിമിനല്‍ കേസെടുക്കാനും നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ചാലിയാര്‍ പുഴ മലിനീകരണം  സംബന്ധിച്ച് പഠനം നടത്തി നടപടി സ്വീകരിക്കാന്‍ ഹരിത കേരളം മിഷന്‍, വാട്ടര്‍ അതോറിറ്റി എന്നിവരെ ചുമതലപ്പെടുത്തി.


മന്ത്, വെസ്റ്റ്‌നൈല്‍ എന്നീ അസുഖങ്ങള്‍ പരത്തുന്ന ക്യൂലക്‌സ് കൊതുകുകളുടെ സാന്ദ്രത നഗരസഭകളില്‍ കൂടുതലാണെന്നും തടയുന്നതിനായി ഓടകളുടെ ശുചീകരണം ഉടന്‍ നടത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജപ്പാനീസ് എന്‍കഫലൈറ്റിസ്, വെസ്റ്റ് നൈല്‍ ഫീവര്‍ രോഗങ്ങള്‍ കണ്ടു പിടിക്കുന്നതിന് മൃഗങ്ങളുടെ രക്തപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിനും മൃഗസംരക്ഷണ വകുപ്പിനും നിര്‍ദേശം നല്‍കി.


ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.സക്കീന, ഹരിത കേരളം മിഷന്‍ കോഡിനേറ്റര്‍ പി രാജു, ഡെപ്യൂട്ടി ഡിമെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഇസ്മയില്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment