നീണ്ട ഇടവേളയ്ക്ക് ശേഷം മാമ്പുഴ തെളിനീരൊഴുക്കി തുടങ്ങുന്നു 




മാലിന്യത്തിൽ മുങ്ങി താഴ്ന്നിരുന്ന മാമ്പുഴക്ക് ഒടുവിൽ പ്രതീക്ഷയുടെ തെളിനീരൊഴുക്ക്. കാലങ്ങളായി മാലിന്യത്തിൽ മുങ്ങിയ പുഴക്ക് മോക്ഷം നൽകുന്നത് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും ജനകീയ കൂട്ടായ്‌മകളുടെയും നേതൃത്വത്തിലാണ്. ഊരാളുങ്കൽ ലേബർ  സൊസൈറ്റിയാണ്  പുഴ ശുചീകരണ പ്രവർത്തി നടത്തുന്നത്. പെരുമണ്ണ, പെരുവയൽ, ഒളവണ്ണ പഞ്ചായത്തുകളും ഒളവണ്ണ ബ്ലോക്ക് പഞ്ചായത്തും കോഴിക്കോട് ജില്ലാ പഞ്ചായത്തും ചേർന്ന് 1.78 കോടി രൂപ ശുചീകരണത്തിനായി വകയിരുത്തിയിട്ടുണ്ട്.


കുറ്റിക്കാട്ടൂർ മുതൽ കുന്നത്തുംപാലം വരെയുള്ള ഒമ്പത് കിലോമീറ്റർ ദൂരമാണ് നിലവിൽ ശുചീകരിക്കുന്നത്. ഇതിൽ മൂന്ന് കിലോ മീറ്റർ ദൂരത്തിലാണ് നിലവിൽ ശുചീകരണം പൂർത്തിയായിരിക്കുന്നത്. 30 സെന്റീമീറ്റർ ആയത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന ചളിയാണ് നീക്കം ചെയ്യുന്നത്. മാമ്പുഴ ഏറ്റവും കൂടുതൽ മലിനമായ പ്രദേശം കൂടിയാണ് നിലവിൽ ശുദ്ധിയാക്കാൻ തീരുമാനിച്ചിട്ടുള്ള ഒമ്പത് കിലോ മീറ്റർ ദൂരം. ശുദ്ധികരണം തുടങ്ങിയ പ്രദേശങ്ങളിൽ തെളിനീർ ഒഴുകാൻ തുടങ്ങിയിട്ടുണ്ട്.


പെരുമണ്ണ, പെരുവയൽ, ഒളവണ്ണ പഞ്ചായത്തുകളിലൂടെയും കടുപ്പിനി മുതൽ മാങ്കാവ് വരെ കോഴിക്കോട് കോർപറേഷനിലൂടെയുമാണ് പുഴ ഒഴുകുന്നത്. പുഴയുടെ ഇരുഭാഗത്തുമായി ഈ പ്രദേശങ്ങളിൽ പലയിടത്തും വ്യാപകമായ കയ്യേറ്റം നടന്നിട്ടുണ്ട്. ഇതിൽ ഒളവണ്ണ പഞ്ചായത്തിലെ മുഴുവൻ കയ്യേറ്റങ്ങളും തിരികെ പിടിച്ചിട്ടുണ്ട്. ടുപ്പിനി മുതൽ മാങ്കാവ് വരെയുള്ള ഭാഗത്തെ കയ്യേറ്റം സർവ്വേ ചെയ്‌ത്‌ കയ്യേറ്റം വേർതിരിച്ചിട്ടുണ്ടെങ്കിലും പ്രദേശം തിരികെ പിടിക്കാനുള്ള നടപടികൾ ആയിട്ടില്ല. മറ്റിടങ്ങളിലും കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടില്ല. കോർപറേഷന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാക്കാതിനാൽ മാങ്കാവ് പുഴ സംരക്ഷണ സമിതി മന്ത്രി കെ രാജുവിന് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.


അതേസമയം, നവീകരണം ഒരു വശത്ത് നല്ല രീതിയിൽ നടക്കുമ്പോഴും പുഴയിൽ നിന്നും കോരിയെടുത്ത ചളിയും മാലിന്യങ്ങളും പുഴക്ക് ഇരുവശത്തായി കൂട്ടിയിട്ടിരിക്കുകയാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും വഴിവെക്കാൻ സാധ്യതയുണ്ട്. മാത്രമല്ല ഇവയിലെ മാലിന്യങ്ങൾ വീണ്ടും പുഴയിലേക്ക് തന്നെ എത്താനുള്ള സാഹചര്യവും പലയിടത്തും ഉണ്ട്. അതോടൊപ്പം തന്നെ മറ്റൊരു പ്രധാന പ്രശ്‌നം ശുദ്ധിയാക്കിയതിന് ശേഷവും പുഴയിലേക്ക് ആളുകൾ മാലിന്യങ്ങൾ വലിച്ചെറിയുന്നു എന്നതാണ്. ഇക്കാര്യങ്ങൾ കൂടി പരിഗണിക്കാതെ ബാക്കി പ്രദേശം ശുദ്ധീകരിച്ചാൽ നാളുകൾക്കകം പുഴ വീണ്ടും പഴയ രീതിയിൽ മാലിന്യത്തിന്റെ പിടിയിലമരും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment