മിഷൻ മരട്: കംപ്ലീറ്റഡ്; അനധികൃത നിർമ്മാണങ്ങൾക്ക് വിട




കൊച്ചി : തീരപരിപാലന നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളില്‍, സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട കെട്ടിടങ്ങളില്‍ അവസാനകെട്ടിടവും മണ്ണടിഞ്ഞു. ഗോള്‍ഡന്‍ കായലോരം എന്ന ഫ്ലാറ്റ് സമുച്ചയമാണ് അവസാനമായി നിലം പൊത്തിയത്. നേരത്തെ നിശ്ചയിച്ചതിലും അരമണിക്കൂറോളം വൈകിയാണ് ഫ്ലാറ്റ് പൊളിച്ച് നീക്കിയത്.


നിശ്ചിത സമയത്തില്‍ നിന്നും 26 മിനുട്ട് വൈകി 1.56 നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. 2.28 ന് അവസാന സൈറണും മുഴങ്ങി ഗോൾഡൻ കായലോരവും നിലം പൊത്തിയതോടെ സുപ്രീം കോടതി വിധി പൂർണമായി നടപ്പിലാക്കുകയായിരുന്നു. റിയൽ എസ്റ്റേറ്റ് മാഫിയക്ക് കനത്ത തിരിച്ചടി നൽകിയാണ് മരട് മിഷൻ പൂർത്തിയാകുന്നത്.


നാല് സമുച്ചയങ്ങളിൽ മൂന്നാമത്തെ സമുച്ചയം ഇന്ന് രാവിലെ 11 മണിയോടെ പൊളിച്ചു മാറ്റിയിരുന്നു. ജെയ്ന്‍ കോറല്‍കോവ് ആണ് ഇന്ന് പൊളിച്ചു നീക്കിയത്. നിയമം ലംഘിച്ച നാല് സമുച്ചയങ്ങളിൽ മറ്റു രണ്ടെണ്ണമായ ഹോളി ഫെയ്ത്ത് എച്ച് 2 ഓ, ആൽഫ സരിൻ എന്നിവ ഇന്നലെ പൊളിച്ച് നീക്കിയിരുന്നു. നിയന്ത്രിത സ്ഫോടനങ്ങളിലൂടെ തികച്ചും ശാസ്ത്രീയമായാണ് ഇവ എല്ലാം പൊളിച്ച് നീക്കിയത്.  


അതേസമയം, സുപ്രീം കോടതിയുടെ നിർണായക ഇടപെടലിലൂടെ നടത്തിയ ഈ പൊളിക്കലുകൾ വരും കാലത്തേക്കുള്ള നിർമാണങ്ങൾക്കുള്ള താക്കീതായാണ് കാണേണ്ടത്. ഇതോടെ അനധികൃത നിർമാണങ്ങൾക്കുള്ള മുന്നറിയിപ്പാണ് ലഭിക്കുന്നത്. വരും കാലത്തെങ്കിലും ഈ പൊളിക്കലിൽ നിന്നും പാഠം പഠിച്ച് പരിസ്ഥിതിയെ ചൂഷണം ചെയ്‌തും ചട്ടങ്ങൾ ലംഘിച്ചുമുള്ള നിർമാണങ്ങൾ നടക്കില്ല എന്ന് നമുക്ക് പ്രത്യാശിക്കാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment