പൊളിക്കാൻ 30 കോടി ചെലവഴിക്കുമ്പോൾ ഉത്കണ്ഠപ്പെടുന്നവർ ലക്ഷം കോടിയുടെ അഴിമതികൾ കാണുന്നില്ല 




മരട് ഫ്ലാറ്റ് പൊളിക്കൽ മുതൽ പണി തുടങ്ങിയാൽ കൂടംകുളം ആണവനിലയം ഉപേക്ഷിക്കണമോ എന്ന വിഷയത്തിൽ വരെ  രാഷ്ട്രീയ പാർട്ടികളും സംഘടനകളും സാമ്പത്തികമായ ബാധ്യതകളെ പറ്റി ഏറെ വ്യാകുലപ്പെടാറുണ്ട്. ഇത്തരം വ്യാകുലതകൾക്കു പിന്നിൽ പ്രവർത്തിക്കുന്നത് ആരുടെ സാമ്പത്തിക ശാസ്ത്രമാണ് ? 


പാരിസ്ഥിതിക ആഘാതത്തെ പറ്റി കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കൾ ആശങ്കയിലായത് മരട് നിർമ്മാണങ്ങൾ പാെളിക്കുന്ന വിഷയം ഉയർന്നു വന്നപ്പോളാണ്.ചുറ്റുപാടുകളിലെ താമസക്കാർക്കും പാലത്തിനും പൈപ്പു ലൈനുകൾക്കും ക്ഷതമുണ്ടാകും എന്ന് DYFI നേതാവും MLA കൂടിയുമായ CPI m പ്രതിനിധി അഭിപ്രായപ്പെടുമ്പോൾ ഇത്തരക്കാരുടെ ശാസ്ത്ര ബോധവും ലോക പരിജ്ഞാനവും എത്ര നിരക്ഷരമാണെന്ന് ബോധ്യപ്പെടുവാൻ നമ്മൾ നിർബന്ധിതമാകുകയാണ്. പ്രകൃതി വിഭവങ്ങളുടെ മൂല്യം വിലയിൽ പറയുവാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമ്പത്തിക ശാസ്ത്രജ്ഞന്മാരും മടിച്ചു നിൽക്കുന്നത് പ്രകൃതിവിഭവങ്ങൾ അനന്തമായി കൊള്ളയടിക്കാൻ ഇഷ്ടപ്പെടുന്ന മൂലധന താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിമാത്രമായിരുന്നു.


തീരപ്രദേശത്തുള്ള ചതുപ്പു നിലങ്ങളുടെ പ്രത്യക്ഷ സാമൂഹിക സേവനം പ്രതി വർഷം ഹെക്ടറിന് 103 ലക്ഷം രൂപയാണ് എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.വനങ്ങളുടെ മൂല്യം നിശ്ചയിക്കുമ്പോൾ ഒരു ഹെക്ടർ കാടിന്  50 ലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെയാണ്  സാമൂഹ്യ മൂല്യം. പ്രകൃതി വിഭവങ്ങളുടെ Natural Capital (പ്രകൃതി മൂലധനം) പരിഗണിക്കാതിരിക്കുന്ന രീതിയാണ് വികസനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ  നമ്മുടെ സർക്കാർ സംവിധാനങ്ങളും വ്യക്തികളും പൊതുവേ സ്വീകരിച്ചു പോരുന്നത് .ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് വിഷയത്തിലെ അജ്ഞതയല്ല പകരം പ്രകൃതി വിഭവങ്ങളെ കൊള്ളയടിക്കുവാൻ ശ്രമിക്കുന്ന സംഘടിത ശക്തിയുടെ പൊതു സമൂഹത്തിലുള്ള വൻ സ്വാധീനമാണ്.അവർക്കൊപ്പം മാധ്യമങ്ങൾ കൂടി അണി നിരക്കുമ്പോൾ  ചിത്രം വ്യക്തമായിക്കഴിയും.
പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ 9 ലക്ഷം ഹെക്ടർ കാടുകൾ വെട്ടി നിരത്തിയതിലൂടെ  9 ലക്ഷം X ഒരു കോടി രൂപ കേരളത്തിന് നഷ്ടപെട്ടു എന്ന് കണക്കു കൂട്ടാൻ സർക്കാർ തയ്യാറല്ല.നമ്മൾ മൂടി എടുത്ത നെൽപ്പാടങ്ങൾ പ്രതിവർഷം നാടിനു വരുത്തുന്ന സാമൂഹിക നഷ്ടം 7 ലക്ഷംx 1.03 കോടി വരുന്നു. 


പ്രകൃതി വിഭവങ്ങളുടെ അമിതമായ കൊള്ളയാണ് ഇന്ന്കേരളത്തിൽ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കി കൊടുക്കുന്ന വ്യവസായമായി അറിയപ്പെടു ന്നത് .സംസ്ഥാനത്തെ നിയമങ്ങളെ വെല്ലു വിളിച്ചുകൊണ്ട് ഒരു കാലത്ത് ചാരായ ശക്തികളും കഞ്ചാവ് വ്യാപാരികളും ഒറ്റ പെട്ട ചില വ്യവഹാരങ്ങൾ നടത്തിയിരുന്നു.മദ്യ വ്യാപാരം ഏകദേശം സർക്കാർ നിയന്ത്രണത്തിലേക്ക് മാറിയ ശേഷമുള്ള കാലത്ത്  സമാന്തര സാമ്പത്തിക ലോകമായി ഖനന മുതലാളിമാർ മാറി. പതിമൂന്നാം നിയമസഭയുടെ  പരിസ്ഥിതി സമിതി കരിങ്കൽ ഖനനവുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടിൽ സംസ്ഥാനത്തു വളർന്നു വരുന്ന മാഫിയ ബന്ധത്തെ പറ്റി പരാമർശിച്ചു.കഴിഞ്ഞ വർഷം മൈനർ മൈനിംഗ് പെടുന്ന പാറ ഖനനത്തിൽ നിന്നും സംസ്ഥാന സർക്കാരിന് ലഭിച്ചത് 92.7 6 കോടി രൂപയുടെ വരുമാനമായിരുന്നു.3.85 കോടി ടണ്ണിൽ നിന്നായിരുന്നു പ്രസ്തുത  വരുമാനം (ഒരു ടൺ പാറയ്ക്ക് 25 രൂപ വീതം മാത്രം ചുങ്കം). സർക്കാരിന്റെ അറിവോടെയുള്ള ക്വാറികളുടെ എണ്ണം 740  മാത്രമായിരിക്കെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത് 5942 യൂണിറ്റുകൾ പ്രവർത്തിക്കുന്നു എന്നാണ്. തിരുവനന്തപുരം നഗരത്തിന് ഒൻപത് കിലോമീറ്റർ അകലെയുള്ള മൂക്കുന്നി മലയിൽ  അറുപതോളം ക്വാറികൾ പല സമയങ്ങളിലായി പ്രവർത്തിച്ചു .ഖനനത്തെ പറ്റി അന്വേഴിച്ച വിജിലൻസ്സ് റിപ്പോർട്ടിൽ  3000 കോടി രൂപയുടെ വിഭവങ്ങൾ കടത്തിക്കൊണ്ടു പോയതായി പറയുന്നുണ്ട്.ഒരു പഞ്ചായത്തിൽ നിന്ന് മാത്രം 3000 കോടിയുടെ പാറ അഞ്ചു വർഷത്തിനി ടയിൽ എടുത്തിട്ടുണ്ട്  എന്ന കണക്കിൽ കേരളത്തിൽ നടത്തിയ വ്യവഹാരം മുപ്പത് ലക്ഷം കോടി രൂപയിലധികം വരുന്നു. പ്രതിവർഷം 80,000 കോടി മുതൽ 1.15 ലക്ഷം കോടി വരെയുള്ള പാറ ഉൽപ്പന്നങ്ങൾ കച്ചവടം ചെയ്യുമ്പോൾ കുന്നുകളും മലകളും അതുണ്ടാക്കിയ സാമ്പത്തിക നഷ്ടവും പാരിസ്ഥിതിക ആഘാതവും പൊതു ഖജനാവിലേക്ക് കേവലം 100 കോടി രൂപയിൽ താഴെ മാത്രം ലഭ്യമാക്കുന്നു എന്തുകൊണ്ടാണ്  നമ്മുടെ സർക്കാർ ഈ വിഷയത്തിൽ ആകുലപ്പെടാത്തത്?


ഫ്ലാറ്റ് പൊളിക്കാൻ 30 കോടി രൂപ ചെലവാകുന്ന ഉൽകണ്ഠയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നത് സംശുദ്ധമായ സാമ്പത്തിക കാഴ്ചപ്പാട് അല്ല.ഏതു വിധേനയും മരടിലെ അനധികൃത നിർമ്മാണം അംഗീകരിച്ചു കൊടുക്കുവാനുള്ള കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെയും ഉദ്യോഗസ്ഥ ന്മാരുടെയും ഒരു പരിധി വരെ ജുഡീഷ്യൽ സംവിധാനത്തിന്റെയും താൽപര്യമാണ് പ്രവർത്തിക്കുന്നത് .പൊളിക്കൽ പരിസ്ഥിതി പ്രശ്നമുണ്ടാ ക്കുമെന്നും അതിനായി 30  കോടി രൂപ മുടക്കുന്നത് വലിയ നഷ്ടമായിരിക്കും എന്നു പറയുന്നവർ രക്ഷിക്കുവാൻ ശ്രമിക്കുന്നത്  അനധികൃത നിർമ്മാണക്കാരെയല്ലാതെ മറ്റാരെയുമല്ല. പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശം മുതൽ തീരദേശം വരെ അനധികൃതമായി പണി തുയർത്തിയ കെട്ടിടങ്ങൾക്കായി നിയമങ്ങളെ കാറ്റിൽ പറത്തിയ ഉദ്യോഗസ്ഥ രാഷട്രീയ ലോബികൾക്ക് മരടിലെ ഫ്ലാറ്റു പൊളിക്കൽ  വലിയ തിരിച്ചടിയായിരിക്കും എന്ന് മറ്റാരേക്കാളും അറിയാവുന്നവർ ഇവർ തന്നെയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment