'എല്ലാം കോടതി പറയും പോലെ' : മരട് വിഷയത്തിൽ കോടതിക്ക് മുൻപിൽ ഉത്തരം മുട്ടി സർക്കാർ




ജസ്റ്റിസ് അരുൺ മിശ്ര, 
ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവർ അടങ്ങിയ ബെഞ്ച് ഇന്ന് (23-09-2019) പരിഗണിച്ച 17-ാമത്തെ കേസ് ആയിരുന്നു മരട് ഫ്ലാറ്റ് പൊളിക്കലും ആയി ബന്ധപ്പെട്ട ഹർജി.


സമയം 12.04.


കോർട്ട് മാസ്റ്റർ 17 ആമത്തെ ഹർജി വിളിക്കുന്നു.


ജസ്റ്റിസ് അരുൺ മിശ്ര : സാൽവെ, നിങ്ങൾ ഈ കേസിൽ ആർക്ക് വേണ്ടി ആണ് ഹാജർ ആകുന്നത് ?


ഹരീഷ് സാൽവെ: ഞാൻ കേരള ചീഫ് സെക്രട്ടറിക്ക് വേണ്ടി ആണ് ഹാജർ ആകുന്നത്.


ജസ്റ്റിസ് അരുൺ മിശ്ര: ചീഫ് സെക്രട്ടറി എവിടെ ?


സാൽവെ: അദ്ദേഹം ഇവിടെ ഉണ്ട്. (പിന്നിൽ നിന്ന ചീഫ് സെക്രട്ടറിയോട് മുന്നിലേക്ക് വരാൻ സാൽവെ നിർദേശിക്കുന്നു. സാൽവേ വാദിക്കാൻ തുടങ്ങുന്നു) ഞങ്ങൾ ഒരു അഫിഡവിറ്റ് ഫയൽ ചെയ്തിട്ടുണ്ട്.


ജസ്റ്റിസ് അരുൺ മിശ്ര: സാൽവേ, താങ്കൾ നിർത്തൂ. ഞങ്ങൾക്ക് ചീഫ് സെക്രട്ടറിയെ ആണ് കേൾക്കേണ്ടത്.


(ചീഫ് സെക്രട്ടറി സാൽവേയ്ക്ക് സമീപത്ത് എത്തുന്നു. സാൽവേയുടെ ഇടത് ഭാഗത്ത് നിന്നു)


ജസ്റ്റിസ് അരുൺ മിശ്ര : ഞങ്ങൾ നിങ്ങളുടെ സത്യവാങ്മൂലം കണ്ടു. അതിൽ വിധി നടപ്പിലാക്കാൻ എത്ര സമയം വേണം എന്ന് പറഞ്ഞിട്ടില്ലല്ലോ. എത്ര സമയം വേണ്ടി വരും ?


ചീഫ് സെക്രട്ടറി ടോം ജോസ്: കുറച്ച് സമയം വേണ്ടി വരും. മൂന്ന് നാല് ...... (പതിഞ്ഞ ശബ്ദത്തിൽ ആണ് പറഞ്ഞത്. അത് കൊണ്ട് വ്യക്തത കുറവ് ഉണ്ട്).


ജസ്റ്റിസ് അരുൺ മിശ്ര: കേരളത്തിലെ പ്രളയത്തിൽ എത്ര പേരാണ് മരിച്ചത് എന്ന് നിങ്ങൾക്ക് അറിയാമോ ?


ചീഫ് സെക്രട്ടറി : (മൗനം)


ജസ്റ്റിസ് അരുൺ മിശ്ര: മരടിൽ ഇങ്ങനെ ഉള്ള എത്ര കെട്ടിടങ്ങൾ ഉണ്ട് ?


ചീഫ് സെക്രട്ടറി: സോൺ 2 ലോ, 3 ലോ ?


ജസ്റ്റിസ് അരുൺ മിശ്ര: സോൺ അടിസ്ഥാനനത്തിൽ അല്ല. മൊത്തത്തിൽ എത്ര കെട്ടിടങ്ങൾ ഉണ്ട് എന്നാണ് ഞങ്ങൾക്ക് അറിയേണ്ടത്.


ചീഫ് സെക്രട്ടറി: (മൗനം)


ജസ്റ്റിസ് അരുൺ മിശ്ര: കേരളത്തിലെ മൊത്തം തീരദേശ നിയമലംഘനങ്ങളെയും കുറിച്ചും ഞങ്ങൾക്ക് അന്വേഷിക്കേണ്ടി വരും. ഞങ്ങൾ ഞെട്ടലിൽ ആണ്. അനധികൃത നിർമാണങ്ങൾക്ക് എതിരെ സർക്കാർ എന്ത് നടപടി ആണ് സ്വീകരിക്കുന്നത് ?


ചീഫ് സെക്രട്ടറി: (മൗനം)


ജസ്റ്റിസ് അരുൺ മിശ്ര: കേരളത്തിലെ ചില തീരദേശ മേഖലകളിൽ കഴിഞ്ഞ പ്രളയത്തിന് ശേഷം ഒന്നും അവശേഷിച്ചിരുന്നില്ല. എത്ര പേർക്കാണ് വീട് നഷ്ടം ആയത്. ആ പ്രളയത്തിൽ വീട് നഷ്ടപെട്ടവരിൽ പലർക്കും ഇത് വരെ സർക്കാർ വീട് വച്ച് നൽകിയിട്ടില്ല. ഞങ്ങൾ ജഡ്ജിമാർ പോലും പ്രളയത്തിൽ നശിച്ച കേരളത്തിന്റെ പുനഃനിർമ്മാണത്തിന് സംഭാവന നൽകിയിട്ടുണ്ട്.


ഹരീഷ് സാൽവെ: ലോർഡ്ഷിപ്പ് (ജസ്റ്റിസ് അരുൺ മിശ്രയോട്) വനം പരിസ്ഥിതി ബെഞ്ചിൽ ഇരിക്കുന്നതിനാൽ പരിസ്ഥിതി വിഷയങ്ങളിൽ എന്താണ് നടക്കുന്നത് എന്ന് അറിയാം.


ജസ്റ്റിസ് അരുൺ മിശ്ര: സാൽവേ, നിങ്ങൾ ഈ കേസിൽ ആദ്യമായാണ് വരുന്നത്. ഈ കോടതിയിൽ ഉള്ള പല സീനിയർ അഭിഭാഷകർക്കും ഈ കേസിൽ എന്താണ് നടന്നത് എന്ന് അറിയാം.


ജസ്റ്റിസ് അരുൺ മിശ്ര: ( ചീഫ് സെക്രട്ടറിയോട്) നിങ്ങളുടെ സത്യവാങ്മൂലം വായിച്ചാൽ അറിയാം, അതിന് പിന്നിലെ താത്പര്യം എന്താണ് എന്ന്. നിങ്ങൾ കൃത്യമായ ചിത്രം ഞങ്ങൾക്ക് തരുന്നില്ല. കേരളം പ്രകൃതിയോട് ആണ് കളിക്കുന്നത്. ഭീമമായ നഷ്ടം ആണ് കേരളത്തിന് ഉണ്ടായത്. എന്നിട്ടും ആർക്ക് എതിരെയും നടപടി ഉണ്ടാകുന്നില്ല. ഈ വിഷയത്തിൽ നിങ്ങൾ (ചീഫ് സെക്രട്ടറി) സമാധാനം പറയേണ്ട വ്യക്തി ആക്കും. നിങ്ങൾക്ക് ആണ് വ്യക്തിപരമായ ഉത്തരവാദിത്വം. നിങ്ങൾ മറുപടി പറയേണ്ടി വരും.


ജസ്റ്റിസ് മിശ്ര: നിരവധി വാർത്തകൾ ആണ് ഈ വിഷയത്തിൽ വരുന്നത്. ആരാണ് അതിന് പിന്നിൽ എന്ന് അറിയില്ല. എന്നാൽ ഞങ്ങൾക്ക് കാര്യം എന്താണ് എന്ന് അറിയാം.


ജസ്റ്റിസ് അരുൺ മിശ്ര: (ചീഫ് സെക്രട്ടറിയോട്) ഇതാണ് നിങ്ങളുടെ ശൈലി എങ്കിൽ അത് തെറ്റാണ്. ഇത് കടുത്ത നിലപാട് സ്വീകരിക്കുന്ന കോടതി ആണ്. അക്കാര്യം ഞങ്ങൾ മുന്നറിയിപ്പ് നൽകുക ആണ്. ഞങ്ങൾക്ക് മനസിലാകുന്നില്ല എന്താണ് നടക്കുന്നത് എന്ന്. ഇത് കടുത്ത നിയമലംഘനം ആണ്. നിങ്ങൾ ആണ് ഇതിന് ഉത്തരവാദി കാരണം നിങ്ങൾക്ക് അനധികൃത കെട്ടിടങ്ങൾക്ക് എതിരെ നടപടി എടുക്കാൻ കഴിയുന്നില്ല. ഞങ്ങൾ ഒരാളെ പോലും വെറുതെ വിടില്ല


ജസ്റ്റിസ് അരുൺ മിശ്ര: (സാൽവെയോട്) ഈ കേസ് കുറച്ച് കഴിഞ്ഞ് പരിഗണിക്കാം. അതിനിടയിൽ നിങ്ങൾ സർക്കാരിനോട് ചോദിച്ചിട്ട് കെട്ടിടങ്ങൾ പൊളിക്കാൻ എത്ര സമയം വേണ്ടി വരും എന്ന് അറിയിക്കുക.


ഹരീഷ് സാൽവെ: ഈ ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റണം. അന്ന് സർക്കാർ കൃത്യമായ ഒരു മറുപടി കോടതിക്ക് നൽകും.


ജസ്റ്റിസ് അരുൺ മിശ്ര: ഇനി ഒരു പ്രളയം ഉണ്ടായാൽ ആദ്യം ഒലിച്ച് പോകുക ഈ 370 ഓളം ഫ്ലാറ്റുകളിൽ താമസിക്കുന്നവർ ആയിരിക്കും.


ഹരീഷ് സാൽവെ: വെള്ളിയാഴ്ച സർക്കാർ കൃത്യമായ രൂപരേഖ നൽകും.


ജസ്റ്റിസ് അരുൺ മിശ്ര: ഞങ്ങൾ ഈ ഹർജിയിൽ വിശദമായ വിധി പ്രസ്താവിക്കും. ചീഫ് സെക്രട്ടറിക്ക് ആയിരിക്കും വ്യക്തിപരമായ ഉത്തരവാദിത്വം. (കോർട്ട് മാസ്റ്ററോട്) ഈ ഹർജിയും ആയി ബന്ധപ്പെട്ട എല്ലാ രേഖകളും ചേമ്പറിൽ എത്തിക്കുക.


കോർട്ട് മാസ്റ്റർ അടുത്ത കേസ് വിളിച്ചു. എല്ലാവരും പുറത്തേക്ക്.


കേരളവും ആയി ബന്ധപ്പെട്ട ഈ ഹർജിയിലെ നടപടികൾ ഇന്ന് കോടതിയിൽ നീണ്ടു നിന്നത് 10 മിനുട്ടോളം സമയം മാത്രം ആണ്. എന്നാൽ ഈ നടപടികൾ നടക്കുമ്പോൾ കോടതിയിൽ അഭിഭാഷകർക്ക് ആയുള്ള ഇരിപ്പിടത്തിലെ നാലാമത്തെ നിരയിൽ വലത് ഭാഗത്ത് ഇരുന്ന് കൊണ്ട് ഒരാൾ എല്ലാം ഗൗരവത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ സുപ്രീം കോടതി കടുത്ത ഭാഷയിൽ ശാസിക്കുന്നതിന് സാക്ഷ്യം വഹിച്ചത് മറ്റാരും അല്ല - കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ സി പി സുധാകർ പ്രസാദ്


ഊർജസ്വലനും സന്തോഷവാനും ആയാണ് ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് രാവിലെ സുപ്രീം കോടതിയുടെ പടവുകൾ കയറിയത്. രണ്ട് മണിക്കൂറിന് ശേഷം കോടതിയുടെ പടവുകൾ ഇറങ്ങുമ്പോൾ മുഖത്ത് കാണാൻ കഴിഞ്ഞത് നിരാശ. കോടതിക്ക് പുറത്ത് വച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ പ്രതികരണം ഒറ്റ വാക്കിൽ ഒതുക്കി.


'എല്ലാം കോടതി പറയും പോലെ'.


കടപ്പാട്

(അവലംബം: മാതൃഭൂമി ഓൺലൈൻ - ബി.ബാലഗോപാൽ )

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment