തീരദേശ പരിപാലനച്ചട്ടം ലംഘിച്ച് വീട് നിർമിച്ചു; എം.ജി. ശ്രീകുമാറിനെതിരെ കേസെടുക്കേണ്ടെന്ന് വിജിലന്‍സ്




ബോള്‍ഗാട്ടിയില്‍ കായല്‍ കയ്യേറി വീട് നിര്‍മിച്ച കേസില്‍ ഗായകൻ എം ജി ശ്രീകുമാറിനെതിരായ നടപടിയിൽ മലക്കം മറിഞ്ഞ് വിജിലൻസ് വകുപ്പ്. ഉദ്യോഗസ്ഥതലത്തിലുള്ള ക്രമക്കേടുമാത്രമാണിതെന്നും വിജിലന്‍സ് അന്വേഷണം വേണ്ടെന്നുമാണ് വിജിലന്‍സ് ഡയറക്ടറേറ്റില്‍നിന്നുള്ള പുതിയ ശുപാര്‍ശ. നേരത്തെ, കേസില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിനെ പത്താംപ്രതിയാക്കി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.


തീരദേശ പരിപാലനച്ചട്ടം ലംഘിച്ചാണു വീട് നിര്‍മിച്ചതെന്നും അതിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്നുമായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. മുളവുകാട് പഞ്ചായത്ത് മുന്‍സെക്രട്ടറിമാരും ഓവര്‍സീയര്‍മാരുമാണ് ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള പ്രതികള്‍. ഉദ്യോഗസ്ഥതല അഴിമതികള്‍ അന്വേഷിക്കാനുള്ള തദ്ദേശസ്വയംഭരണ ഒാംബുഡ്‌സ്‌മാന്‍ മാത്രം അന്വേഷിച്ചാല്‍ മതിയെന്ന വിജിലൻസിന്റെ പുതിയ ശുപാര്‍ശ അംഗീകരിച്ചാല്‍ കേസ് അപ്രസക്തമാകും. ഉദ്യോഗസ്ഥര്‍ മാത്രമായി ഇതിലെ പ്രതികള്‍ ചുരുങ്ങുകയും ചെയ്യും. സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്ത ശ്രീകുമാറിനെതിരേ ഏതുരീതിയില്‍ ഓംബുഡ്‌സ്‌മാന് അന്വേഷണം നടത്താനാകും എന്ന പ്രശ്നവും ഇതോടൊപ്പം ഉയരും. 


മുളവുകാട് വില്ലേജില്‍ 11.5 സെന്റ് സ്ഥലമാണ് ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ളത്. 2010-ലാണ് ഈ സ്ഥലം വാങ്ങിയത്. കായലിനോടുചേര്‍ന്ന സ്ഥലത്ത് തീരദേശ പരിപാലന ചട്ടവും പഞ്ചായത്തീരാജ് കെട്ടിട നിര്‍മാണവ്യവസ്ഥകളും ലംഘിച്ച്‌ കെട്ടിടം നിര്‍മിച്ചു എന്നു കാണിച്ചാണ് വിജിലന്‍സില്‍ പരാതി. കെട്ടിടനിര്‍മാണത്തിന് മുളവുകാട് പഞ്ചായത്ത് അനധികൃതമായി അനുമതി നല്കിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. 


കായലില്‍നിന്ന് ഒന്നരമീറ്റര്‍ പോലും അകലം പാലിക്കാതെയായിരുന്നു നിര്‍മാണം. ഇക്കാര്യം അറിഞ്ഞിട്ടും നിര്‍മാണം തടയാനോ, കാരണംകാണിക്കല്‍ നോട്ടിസ് കൊടുക്കാനോ, റിപ്പോര്‍ട്ട് ചെയ്യാനോ പഞ്ചായത്ത് സെക്രട്ടറി തയാറായില്ല. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് രാജ് ആക്‌ട് അനുസരിച്ചും അഴിമതി നിരോധന നിയമപ്രകാരവുമാണു വിജിലന്‍സ് കേസെടുത്തത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment