വനമേഖലയിലെ ഖനനത്തിനുള്ള ദൂരപരിധി 10 കിലോമീറ്ററില്‍ നിന്ന് 1 കിലോമീറ്ററായി കുറച്ച് സർക്കാർ




തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയായിട്ടും പാഠം  പഠിക്കാതെ പ്രകൃതി ചൂഷണ നടപടികൾ തുടർന്ന് സംസ്ഥാന സർക്കാർ.  സംരക്ഷിത വനമേഖലയോടുചേര്‍ന്ന് പത്തുകിലോമീറ്റര്‍ ദൂരത്തില്‍ ക്വാറി, ക്രഷര്‍ തുടങ്ങിയവയ്ക്ക് നിലവിലുണ്ടായിരുന്ന വിലക്ക് ഒരുകിലോമീറ്ററായി കുറയ്ക്കാനാണു   സംസ്ഥാന മന്ത്രിസഭയുടെ പുതിയ തീരുമാനം. 


സംരക്ഷിത വനമേഖലകളോടും ദേശീയോദ്യാനങ്ങളോടും ചേര്‍ന്നുള്ള സംരക്ഷിത പ്രദേശങ്ങള്‍ക്കുചുറ്റും ഒരു കിലോമീറ്റര്‍വരെ പരിസ്ഥിതിലോല മേഖലയാക്കി മാറ്റുന്നുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പാരിസ്ഥിതിക ദുരന്തങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന വിചിത്ര ന്യായം പറഞ്ഞാണ് നടപടി. എന്നാല്‍, ഫലത്തില്‍ ഇത് മേഖലയിലെ ക്വാറികള്‍ക്ക് സഹായകമാകുസഹായകമാകുന്നതാണ് സർക്കാർ തീരുമാനം. 


വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും പത്തുകിലോമീറ്റര്‍ ചുറ്റളവുവരെ പരിസ്ഥിതിലോല മേഖലയാക്കി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കരട് വിജ്ഞാപനമിറക്കിയിരുന്നു. ഓരോ സംസ്ഥാനത്തിനും അവിടത്തെ വനമേഖലയുടെ പ്രധാന്യം കണക്കിലെടുത്ത് ദൂരപരിധി നിശ്ചയിക്കാമെന്നായിരുന്നു വിജ്ഞാപനം. എന്നാല്‍, കുറഞ്ഞത് ഒരു കിലോമീറ്ററുണ്ടാകണം.


ഗോവപോലുള്ള ചെറിയ സംസ്ഥാനങ്ങള്‍ ഒരു കിലോമീറ്റര്‍ പരിധി നിശ്ചയിച്ച്‌ കേന്ദ്രത്തിന് നിര്‍ദേശം സമര്‍പ്പിച്ചു. കരട് വിജ്ഞാപനത്തിന്റെ കാലാവധി കഴിയുംവരെ കേരളം ഇക്കാര്യത്തില്‍ ഒരുനിലപാടും കേന്ദ്രത്തെ അറിയിച്ചില്ല. അതിനാല്‍, പത്തുകിലോമീറ്റര്‍ ദൂരപരിധി കേരളത്തില്‍ ബാധകമായി.


ഇതനുസരിച്ച്‌ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറോട് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ആവശ്യപ്പെട്ടു. രണ്ടുമാസംമുമ്ബ് വനമേഖലയോട് ചേര്‍ന്നുള്ള പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ ക്വാറി-ക്രഷര്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ഉത്തരവുമിറക്കി.


ഇതിന്റെ അടിസ്ഥാനത്തില്‍ ആറു ജില്ലകളിലെ പല ക്വാറികള്‍ക്കും സ്റ്റോപ്പ് മെമ്മോ നല്‍കിവരികയാണ്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരുടെ സഹായത്തോടെ നിയന്ത്രണമേഖല തിട്ടപ്പെടുത്തിയാണ് സ്റ്റോപ്പ് മെമ്മോ നല്‍കുന്നത്. ഇതിനിടെയാണ് ദൂരപരിധി കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം. ദൂരപരിധികുറച്ച സര്‍ക്കാരിന്റെ തീരുമാനം ഇനി കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം. ഇതിനുശേഷം പുതുക്കിയ വിജ്ഞാപനമിറങ്ങിയാലെ തീരുമാനം പ്രാബല്യത്തിലാകൂ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment