നെൽകൃഷി വ്യാപിപ്പിക്കുക തന്നെയാണ് സർക്കാർ നയം ; കുര്യനെതിരെ പരാതി നൽകും : മന്ത്രി വി.എസ് സുനിൽകുമാർ




നെൽകൃഷി വ്യാപിപ്പിക്കുക ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ നയമാണെന്നും സർക്കാർ നയത്തിനെതിരെ സംസാരിച്ച റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ. കുട്ടനാട്ടിൽ നെൽകൃഷി പ്രായോഗികമല്ലെന്നും നെല്‍കൃഷിയുടെ ഏരിയ കൂട്ടുന്നത് എന്തോ മോക്ഷം പോലെയാണ് കൃഷി മന്ത്രി കരുതുന്നതെന്നും പി.എച്ച്.കുര്യൻ പരിഹസിച്ചിരുന്നു. ഒരുനെല്ലും ഒരുമീനും പദ്ധതി കൊണ്ട് ഗുണമൊന്നുമുണ്ടാകുന്നില്ല. നെല്‍കൃഷി അവസാനിപ്പിച്ച് കുടിവെള്ള യൂണിറ്റുകളോ മത്സ്യകൃഷിയോ ടൂറിസമോ നടത്തണം. കുട്ടനാട്ടിലെ നെല്‍കൃഷി രീതി പരിസ്ഥിതി വിരുദ്ധമെന്നുമായിരുന്നു പി.എച്ച്.കുര്യന്റെ ആരോപണം. ഇതിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 


 സർക്കാർ നയം നടപ്പിലാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും നെൽകൃഷി വ്യാപിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമാണെന്നും മന്ത്രി വ്യക്തമാക്കി. തനിക് എതിരെയുള്ള വ്യക്തിപരമായ പരാമർശങ്ങൾ കണക്കാക്കുന്നില്ല. എന്നാൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ സർക്കാർ നയത്തിനെതിരെ സംസാരിക്കുന്നത് അംഗീകരിക്കാനാകില്ല. ഉദ്യോഗസ്ഥന് സർക്കാർ നയത്തിൽ വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കിൽ നോട്ടെഴുതി സർക്കാരിന് സമർപ്പിക്കാം. അതല്ലാതെ പരസ്യ പ്രതികരണം നടത്തുന്നത് ഗൗരവത്തോടെ കാണുമെന്നും മന്ത്രി പറഞ്ഞു. 

 

സർക്കാർ നയം പറയേണ്ട ഉദ്യോഗസ്ഥൻ മണ്ടത്തരം പറയരുത്. നെൽകൃഷി നഷ്ടമാണ് എന്നത് സർക്കാരിന്റെ അഭിപ്രായമല്ല. എന്ത് ശാസ്ത്രീയ അടിത്തറയാണ് കുര്യന്റെ അഭിപ്രായങ്ങൾക്ക് ഉള്ളതെന്നും  മന്ത്രി ചോദിച്ചു.കുട്ടനാട്ടിൽ നെൽകൃഷി വ്യാപിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വാമിനാഥൻ കമ്മീഷന്റെ നിർദ്ദേശവുമതാണ്. കുട്ടനാട് പാക്കേജ് നടപ്പാക്കാൻ വേണ്ടി കൃഷിവകുപ്പും പ്ലാനിംഗ് ബോഡും ചേർന്ന് പദ്ധതികൾ തയ്യാറാക്കുകയാണ്. ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകുമെന്നും  സുനിൽ കുമാർ പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment