മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും ബഫര്‍ സോണ്‍ നിശ്ചയിക്കുന്ന വിഷയത്തില്‍ വനം വകുപ്പ് പഠനം നടത്തുമെന്ന് മന്ത്രി 




കോഴിക്കോട്: മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും ബഫര്‍ സോണ്‍ നിശ്ചയിക്കുന്ന വിഷയത്തില്‍ വനം വകുപ്പ് പഠനം നടത്തും. കോഴിക്കോട് ജില്ലയില്‍ വിസ്തൃതിയില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച്‌ പഠിക്കാനാണ് വനം വകുപ്പിനെ ചുമതലപ്പെടുത്തിയതെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു.


ഒക്ടോബര്‍ 15നകം വനം വകുപ്പ് പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറും. വിഷയത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ മന്ത്രി ടിപി രാമകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.


കൂടിക്കാഴ്ചയില്‍ സമവായത്തിന് ധാരണയായതായി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. സമരം തുടരണോ എന്ന് കര്‍ഷക സംഘടനകളുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കുമെന്ന് ബിഷപ്പ് വ്യക്തമാക്കി. ഇന്നത്തെ യോഗം പ്രതീക്ഷ നല്‍കുന്നുണ്ടെന്നും ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.


വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍, സംരക്ഷിത വനമേഖലകള്‍ എന്നിവയ്ക്കു സംരക്ഷണ കവചം ഒരുക്കുകയാണു കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതിലോലമേഖലാ വിജ്ഞാപനത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ പരിധി നിര്‍ണയിക്കുന്നത് ആകാശ ദൂരത്തിന്‍റെ അടിസ്ഥാനത്തിലായാല്‍ വലിയ പ്രതിസന്ഥി ഉണ്ടാവുമെന്നാണ് കര്‍ഷക സംഘടനകളുടെ പരാതി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment