കടുവകളെയും ഗോത്ര അംഗങ്ങളെയും ഒരമ്മയുടെ മക്കളായി കാണുന്ന മിഷമി ഗോത്രവർഗത്തെ കുറിച്ച് അറിയാനുണ്ട് ഏറെ...




'പ്രകൃതി നമ്മളേക്കാള്‍ ശക്തരാണ്,  പ്രകൃതിയെ വണങ്ങുക'  എന്ന് ഗോത്രത്തിലെ എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നതാണ് മിഷമി സമുദായത്തിന്‍റെ രീതി. വടക്ക് കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ ദിബാങ് താഴ്വരയിലും ലുഹിത് നദിക്കരയിലുമായി 35000 ത്തോളം ഈ വിഭാഗത്തിലെ ആളുകള്‍  താമസിക്കുന്നു. .കൃഷി പ്രധാന ഉപജീവന മാര്‍ഗ്ഗമായി കാണുന്ന മിഷമികള്‍ ബാര്‍ട്ടർ സംവിധാനം ഇന്നും ഒരു പരിധി വരെ പിന്തുടരുന്നു.


മിഷമികള്‍ പ്രധാനമായി വളര്‍ത്തുന്ന മിതുന്‍ പശുക്കളുമായി സാമ്യമുള്ളതാണ്. അതിനെ പ്രധാന സമ്പത്തായി കരുതി  കൈമാറ്റം ചെയ്യുന്ന രീതി ഇന്നും തുടരുന്നു. മൃഗങ്ങളെ വേട്ടയാടിയും കൂടി ജീവിക്കുന്ന  മിഷമികള്‍ കടുവകളെ അവരുടെ കുലത്തിന്‍റെ ഭാഗമായി കാണുന്നുണ്ട്. മിഷമികള്‍ക്ക്  കടുവയും ഗോത്ര അംഗങ്ങളും ഒരമ്മയുടെ മക്കളാണ്. മനുഷ്യകുരങ്ങളുടെ ചെറുരൂപമായ hoolock gibbons നേയും അവർ  പ്രത്യേകം  സംരക്ഷിക്കുന്നു. ഇവയെ  കൊലപെടുത്തുന്നവര്‍ക്ക് മനുഷ്യ കൊലക്ക് സമാനമായ ശിക്ഷ നല്‍കുവാന്‍ ഗോത്രം ശ്രദ്ധിക്കാറുണ്ട്. 3200 മീറ്റര്‍ ഉയരത്തില്‍ കടുവകള്‍ വസിക്കുന്ന ദിബാങ്ങ് നിരകളില്‍ 12 ലധികം കടുവകള്‍ ഉള്ളതായി പഠനങ്ങള്‍ പറയുന്നു. അവിടെയുള്ള കടുവകളുടെ എണ്ണം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെച്ച് ഏറ്റവും കൂടുതലാണ്.  


ദിബാങ്ങ്  താഴ്വരയെ കടുവാ സംരക്ഷണ കേന്ദ്രമായി പ്രഖാപിച്ചത് 1998 ലാണ്. കടുവകളെ സ്വന്തം കുടുംബാങ്ങളായി കരുതി  വിജയകരമായി സംരക്ഷിച്ചു വരുന്നവരെ പോലും അറിയിക്കാതെ സര്‍ക്കാര്‍ വനത്തെ കടുവാ സങ്കേതമാക്കിയ   നടപടിയില്‍ സമൂഹം അന്നു മുതല്‍ അസ്വസ്ഥരാണ്.  തങ്ങള്‍ സംരക്ഷിച്ചു വന്ന കാടുകളുടെയും അതിലെ ജീവികളുടെയും ഉടമസ്ഥാവകാശം സര്‍ക്കാര്‍ സംവിധാനത്തില്‍ എത്തിയത്തിലൂടെ പ്രകൃതിയെ പൂര്‍ണ്ണമായി സംരക്ഷിച്ചു വരുന്ന സമൂഹത്തെ  സര്‍ക്കാര്‍ വനത്തിലെ അവരുടെ അവകാശത്തെ ചോദ്യം ചെയ്യുകയായിരുന്നു. പ്രാദേശിക ജനങ്ങളെ വിശ്വസത്തിലെടുക്കാത്ത കടുവാ സംരക്ഷണവും ഒപ്പം പ്രകൃതി സംരക്ഷണവും ലക്ഷ്യത്തില്‍ എത്തുകയില്ല എന്ന് മനസ്സിലാക്കുവാൻ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.


രാജ്യത്തെ 50 കടുവാ സാങ്കേതങ്ങളിലെയും കൂടി കടുവകളുടെ എണ്ണം  2226 എന്നാണ് 2014 ലെ കണക്കുകള്‍ പറയുന്നത്.കഴിഞ്ഞ 35 വര്‍ഷമായി കടുവാ സങ്കേതങ്ങള്‍ക്ക് 1200 കോടി രൂപ മുടക്കിയാണ് സംരക്ഷിച്ചുവന്നത്. അവ രാജ്യത്തെ 2.3% സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.അവിടെ നിന്നും 300 നദികള്‍ ഉല്‍ഭവിക്കുന്നു എന്നത് പ്രദേശങ്ങളുടെ   പരിസ്ഥിതി പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്നുണ്ട്.


പറമ്പികുളവും പെരിയാറുമാണ് കേരളത്തിലെ  രണ്ടു കടുവാ സാങ്കേങ്ങൾ  .ശബരിമല ഉള്‍പെടുന്ന 1000 ച.കി.മീ താഴെ വിസ്താരമുള്ള പെരിയാര്‍ കാടുകളിലും പറമ്പികുളത്തും കൂടി 135 കടുവകള്‍ ജീവിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ള പശ്ചിമഘട്ട മലനിരകള്‍ പ്രകൃതിക്ക് നല്‍കുന്ന സംഭാവനകള്‍ അറിഞ്ഞു  വരുന്നവരണ് നമ്മള്‍.


കടുവകളെയും വന്യ ജീവികളെയും സംരക്ഷിക്കുവാന്‍ സര്‍ക്കാരുകള്‍  നടപടികള്‍ എടുക്കേണ്ടിവരുന്ന അവസ്ഥ ലോകത്തെല്ലായിടത്തും ഉണ്ടാകാറുണ്ട്.  ഒരു പ്രദേശത്തെ ജനങ്ങള്‍ ,കടുവയെ പോലെയുള്ള ഏറ്റവും ശ്രദ്ധേയമായ ജീവികളെ സ്വന്തം സഹോദരങ്ങളെ പോലെ സ്നേഹിച്ചു സംരക്ഷിച്ചു വരുമ്പോള്‍ അവരുടെ അനുവാദത്തിനു പോലും കാത്തു നില്‍കാതെ പ്രദേശത്തെ സര്‍ക്കാര്‍ വകുപ്പുകളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന പരിപാടികള്‍ വിപരീത ഫലമേ നല്‍കുകയുള്ളൂ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment