ഇന്ത്യയിൽ ഇത്തവണ മൺസൂൺ മഴ കുറയും 




കേരളം ചൂടിൽ പിടിയിൽപ്പെട്ട് പൊള്ളാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ആയിട്ടും ഇതുവരെയും ആശ്വാസമായി വേനൽ മഴ എത്തിയില്ല. ഇടക്ക് വേനൽ മഴ ഉടനുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും  വിദഗ്‌ധരും സൂചന നൽകിയെങ്കിലും മഴ ഇപ്പോഴും വിട്ടു നിൽക്കുകയാണ്. ഇതോടെ വരും ദിനങ്ങളിൽ ചൂട് കൂടുകയും കേരളത്തിന്റെ മൊത്തം സാഹചര്യങ്ങളെ വേനൽ സാരമായി ബാധിക്കാനുമിടയുണ്ട്. കേരളത്തിനൊപ്പം ഉത്തരേന്ത്യയിലും ചൂട് കനക്കുകയാണ്.


അതേസമയം, ഈ വര്‍ഷം രാജ്യത്ത് മഴയുടെ അളവു കുറവായിരിക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്‌കൈമെറ്റിന്റെ പ്രവചനം. ദീര്‍ഘകാല ശരാശരിയില്‍ 93 ശതമാനം മണ്‍സൂണ്‍ മഴയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്ന് സ്‌കൈമെറ്റ് അറിയിച്ചു. എല്‍നിനോ പ്രതിഭാസമാണ് ഇക്കുറി മണ്‍സൂണ്‍ കുറയാന്‍ കാരണമെന്നാണ് സ്‌കൈമെറ്റിന്റെ വിലയിരുത്തല്‍. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മഴ കുറയാനുള്ള സാധ്യത 55 ശതമാനാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, മൺസൂൺ ജൂൺ തുടക്കം മുതലേ ലഭ്യമാകും.


ജൂൺ - ജൂലൈ മാസങ്ങളിൽ തെക്കേ ഇന്ത്യയിൽ മഴ തരക്കേടില്ലാതെ ലഭ്യമാകുമ്പോൾ മധ്യ പടിഞ്ഞാറൻ ഇന്ത്യയിൽ മഴ കുറവായിരിക്കും. ഓഗസ്റ്റിൽ മധ്യ ഇന്ത്യയിലും പശ്ചിമഘട്ടത്തിലും വടക്ക് - തെക്ക് ഇന്ത്യയിലും മെച്ചപ്പെട്ട മഴ ലഭിക്കും. സെപ്റ്റംബറിൽ രാജ്യം മുഴുവൻ പതുവുപോലെ മഴപെയ്യുമെന്നും സ്‌കൈമെറ്റ് പ്രവചിക്കുന്നു. 


കേരളം, തമിഴ്‌നാട്, കർണാടക. ആന്ധ്രപ്രദേശ്, തെലങ്കാനാ സംസ്ഥാനങ്ങളിൽ മൺസൂണിൽ നല്ല രീതിയിൽ മഴ ലഭിക്കും. മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ്, ബീഹാർ, ജാർഖണ്ഡ്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ മഴ കുറയും. അതേസമയം തീരപ്രദേശങ്ങളിൽ മഴ ശക്തമാക്കാനും സാധ്യതയുണ്ട്.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment