ഭൂമിക്ക് വേണ്ടിയുള്ള സമരത്തിനൊരുങ്ങി മൂഴിക്കുളം ശാല 




ഭ്രാന്ത് പിടിക്കാതിരിക്കാൻ, ആത്മഹത്യ ചെയ്യാതിരിക്കാൻ, തലയ്ക്കു തീപിടിച്ചവർ, കിടന്നാൽ ഉറക്കം വരാത്തവർ എന്തു ചെയ്യണം.? കൂട്ടു കൂട്ടണം. ഭൂമിക്കു വേണ്ടി കൂട്ടു കൂടണം. ആവർത്തിച്ച് വരുന്ന പ്രളയം, വരൾച്ച, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ്, കാട്ടുതീ, സൂര്യാ താപം, സൂര്യാഘാതം എന്നിവയെ തിരിച്ചറിയാതെ, പഠിക്കാതെ, പരിഹാരം കാണാതെ, നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല. തുടർച്ചയായി വരുന്ന ദുരന്തങ്ങൾക്ക് കാരണം നമ്മുടെ അത്യാർത്തിയും അശാസ്ത്രീയ വികസന സങ്കല്പങ്ങളും ആണ്. നമ്മുടെ ഓരോ പ്രവർത്തിയും ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നു.


2015 ൽ പാരീസിൽ നടന്ന ലോക കാലാവസ്ഥാ ഉച്ചക്കോടിയിൽ ഈ വിഷയങ്ങൾ ഗൗരവതരമായി ചർച്ച ചെയ്യുകയും ഫലപ്രദമായി നേരിടുന്നതിന് ഒരു ഉടമ്പടി ഉണ്ടാക്കുകയും ചെയ്തതാണ്. പുറന്തള്ളുന്ന കാർബണിന്റെ അളവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആഗോള താപന നിരക്ക്  2 ഡിഗ്രി (2°C) സെൽഷ്യസിലേക്കു 2030 ഓടെ കുറച്ചു കൊണ്ടുവരണം എന്ന സുപ്രധാനമായ തീരുമാനം എടുത്തിരുന്നു. അതിനു വേണ്ട കർമ്മ പരിപാടികളുടെ ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാൽ കാര്യമായി പുരോഗതി ഉണ്ടായില്ലെന്നു മാത്രമല്ല, കാര്യങ്ങൾ പിടിവിട്ടു പോകുന്ന അവസ്ഥയിൽ എത്തുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് 2019 സെപ്തം 21, 22, 23 തീയതികളിൽ ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്ത് ലോക കാലാവസ്ഥാ ആക്ഷൻ സമീറ്റ് നടക്കുന്നത്.


2030 ഒരു കട്ട് ഓഫ് ഡേറ്റായി ഉൾകൊണ്ട് ലോകത്തിലെ 16 വയസ്സുള്ള ഒരു പെൺകുട്ടി -ഗ്രീറ്റ തൻബർഗ് - (9-ാം ക്ലാസ് ) ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ എല്ലാ വെള്ളിയാഴ്ചകളിലും Fridays For Future ന്റെ നേതൃത്വത്തിൽ സ്ക്കൂൾ ബഹിഷ്ക്കരിച്ച് തെരുവിൽ അണിനിരന്ന് ലോക ജനതയെ ബോധവല്ക്കരിച്ചു കൊണ്ടിരിക്കുകയാണ്. മാർച്ച് 15, മെയ് 24 തീയതികളിൽ ആയി രണ്ടു ക്ലൈമറ്റ് സമരങ്ങൾ നടത്തുകയുണ്ടായി. 135 രാഷ്ട്രങ്ങളിലെ വിദ്യാർത്ഥികൾ ഈ സമരത്തിൽ പങ്കു ചേർന്നിരുന്നു. ഇന്ന് ലോകം ഇവർക്കൊപ്പമാണ്. ഇവർ ആവശ്യപ്പെടുന്നത് ആക്ഷനാണ്; പ്രസംഗങ്ങളല്ല. കേരളത്തിൽ ജൈവ ക്യാമ്പസായ മൂഴിക്കുളം ശാല കേന്ദ്രീകരിച്ചും  ചിലപരിപാടികൾ നടന്നിരുന്നു. ഗ്രീൻ  പാർലമെന്റും, പഞ്ചായത്തിനു മുമ്പിലുള്ള കുത്തിയിരിപ്പും നാടകക്കളരിയും തെരുവുനാടകവും (ഭൂമിയുടെ നിലവിളികൾ ) ഗ്രീറ്റ തൻബർഗിനുള്ള നമ്മുടെ പിന്തുണകളായിരുന്നു. 


21, 22 തീയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന യൂത്ത് സമീറ്റിൽ ഗ്രീറ്റ തൻബർഗ് പങ്കെടുക്കുന്നുണ്ട്. Fridays For Future ന്റെ നേതൃത്വത്തിൽ Sept 20-27 തീയതികളിൽ എർത്ത് സ്ട്രൈക്ക് നടത്തുകയാണ്. ഭൂമിക്ക് വേണ്ടിയുള്ള സമരം. ലോകത്തിന്റെ പല ഭാഗങളിലും പലനിലയിൽ സമരം അരങ്ങേറുന്നുണ്ട്. ഇവിടെയും ഭൂമിക്കു വേണ്ടിയുള്ള സമരം (കർമ്മ പരിപാടികൾ) നടക്കുന്നു. ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിര നമ്മൾ മുമ്പോട്ട് വയ്ക്കുന്ന ആക്ഷൻ പ്ലാൻ കാർബൺ ന്യൂട്രൽ കേരളമാണ്.


എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിനെ കാർബൺ ന്യൂട്രൽ പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തിനായി മൂഴിക്കുളം ശാലയുടെ നേതൃത്വത്തിൽ മുന്നിട്ടിറങ്ങുകയാണ്. ഭരണഘടനാ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ, കുടുംബങ്ങൾ, തുടങ്ങിയവർ ഒരുമിച്ചും അല്ലാതെയും ഇവയുടെ കാരണങ്ങൾക്കെതിരെ ക്രിയാത്മകമായി , ഇന്നോവേറ്റീവായി പ്രവർത്തിച്ചില്ലെങ്കിൽ, നമുക്ക് കനത്ത വില നൽകേണ്ടിവരും. കവളപ്പാറയും പുത്തുമലയും മേപ്പാടിയും ആവർത്തിക്കും. മണ്ണിൽ പൂണ്ടു പോയി ഉറങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി കൂടും. കേരളത്തിലെ ജനങ്ങൾ അഭയാർത്ഥികളായി, ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയേണ്ടിവരും. 


2018 ലെ പ്രളയത്തിനു ശേഷം നടന്ന പഠന റിപ്പോർട്ട് ആരേയും അമ്പരിപ്പിക്കുന്നതാണ്. 21 അണക്കെട്ടുകൾ ഭൂകമ്പബാധിത പ്രദേശത്താണ് നിലനില്ക്കുന്നത്. ഇടുക്കിയും മുല്ലപ്പെരിയാറും പെരിങ്ങൽക്കുത്തും മലമ്പുഴയും എല്ലാം അപകട മേഖലയിലാണ് എന്നോർക്കുക . പുഴകൾ രാജ്യത്തിന്റെ നാഡി ഞരമ്പുകളായിരുന്നു. ഡാമുകൾ നമുക്ക് മഹാക്ഷേത്രകളായിരുന്നു. പാടങ്ങൾ ജലസംഭരണശാലകളായിരുന്നു. പശ്ചിമഘട്ട മലനിരകൾ ജല ഗോപുരമായിരുന്നു. വർഷങ്ങൾ നീണ്ട നമ്മുടെ പ്രവർത്തികൾ കൊണ്ട് എല്ലാം ദുരന്തങ്ങൾ വിതയ്ക്കുന്ന ഇടങ്ങളായി മാറിയിരിക്കുന്നു. ഇവയെ പൂർവ്വസ്ഥിതിയിലേക്ക് മാറ്റാതെ നമുക്ക് ഈ ഭൂമിയിൽ ജീവിക്കാൻ കഴിയില്ല. ഒരു കാര്യം നാം എപ്പോഴും ഓർക്കണം. എല്ലാ ചലനങ്ങളും പരസ്പരം ബന്ധപ്പെട്ടു നില്ക്കുന്നു. ഇതിനാണ് നാം പൂമ്പാറ്റ പ്രഭാവം (Butterfly Effect) എന്നു പറയുന്നത്. ബ്രസൽസ്സിൽ ഒരു ചിത്രശലഭം ചിറകനക്കുമ്പോൾ ടെക്സ്സാസിൽ ഒരു ടൊർണാഡോ രൂപം കൊള്ളുന്നു. അതെ എല്ലാം പരസ്പരം ബന്ധപ്പെട്ടു നില്ക്കുന്നു. 


ദുരന്തമായാലും നല്ല കാലമായാലും . ഇനിയുള്ള കാലം ഒരാൾക്കുമാത്രം, അല്ലെങ്കിൽ കുറച്ചാളുകൾക്കു മാത്രം സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ല. ഇതാണ് മനുഷ്യവംശം അല്ല , ജീവജാലങ്ങൾ മുഴുവൻ നേരിടാൻ പോകുന്ന ദുരന്തം.


കർമ്മ പരിപാടികൾ


1.ഭരണഘടനാ സ്ഥാപനങ്ങൾ
കൂടുതലായി ഒന്നും ചെയ്യേണ്ടതില്ല. രാജ്യത്തെ നിയമങ്ങൾ കർക്കശമായി നടപ്പാക്കുക - പരിസ്ഥിതിയെ മൗലിക അവകാശമായി പ്രഖ്യാപിക്കുക- ഭരണ ഘടനയുടെ ആ മുഖം പ്രവർത്തിയിൽ കൊണ്ടുവരിക. വികസനത്തിന്റെ അളവുകോലായ ജി.ഡി.പി (GDP)യ്ക്കുപകരം  ജനങ്ങളുടെ ആഹ്ളാദം (GNH ഗ്രോസ് നാഷണൽ ഹാപ്പിനസ്സ്) നടപ്പിൽ വരുത്തുക ഇക്കാര്യത്തിൽ ഭൂട്ടാൻ ഒരു മാതൃകയാണ്.


2. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ.
രഷ്ട്രീയത്തിന്റെ മുഖ്യ അജണ്ട പരിസ്ഥിതിയായി പരിഗണിക്കുക-ഭരണ ഘടനയുടെ ആ മുഖത്തിന് അനുസരിച്ച് പ്രവർത്തിക്കുക-


സംഘടനകൾ
1. സന്ദർഭത്തിന്റെ ഗൗരവം കണക്കിലെടുത്ത് , കാർബൺ ന്യൂടൽ ഇന്ത്യ, കേരളം പഞ്ചായത്ത്, നടപ്പിലാക്കാനുള്ള കർമ്മ പദ്ധതിക്കു രൂപം കൊടുത്ത് സമൂഹത്തിൽ ഇറങ്ങി പ്രവർത്തിച്ച് പൊതു ഇടങ്ങൾ തിരിച്ചു പിടിക്കുക.


കുടുംബങ്ങൾ
1. ജീവിതം കഴിയുന്നത്ര പരിസ്ഥിതി സൗഹൃദമാക്കുക. ഭൂമിയെ നോവിക്കാതെ ജീവിക്കുക. പരിസ്ഥിതി ഒരു വികാരമായി എപ്പോഴും നമ്മിൽ നിറഞ്ഞു നില്ക്കണം. ഹോം സ്ക്കൂളിംഗ് ഫലപ്രദമായി നടപ്പാക്കണം.


വ്യക്തികൾ
ഏറ്റവും താഴെ മണ്ണിൽ ചവിട്ടി നടക്കുന്നവരാകണം നമ്മൾ. കാർബൺ ന്യൂട്രൽ പഞ്ചായത്ത് ഒരൊഴിയാബാധ പോലെ കൊണ്ടു നടക്കണം. അതനുസരിച്ചുള്ള പരിപാടികൾക്ക് പ്രവർത്തികൾക്ക് നേതൃത്വം കൊടുക്കണം. സൂര്യപ്രകാശത്തിന്റെ ജനാധിപത്യപരമായ വിതരണത്തിന് വേണ്ടി മരങ്ങളുടെ  കാടിന്റെ വിതാനക്രമം മനസ്സിലാക്കി സ്വന്തം ജീവിതം സജ്ജമാക്കണം.


പൊതു നിർദേശങ്ങൾ

ആഗോള താപനത്തിന് കാരണം ഹരിതഗൃഹ വാതകങ്ങളാണ്. കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ , നൈട്രസ് ഓക്സൈഡ്.


പരിഹാരങ്ങൾ

ഫോസിൽ ഇന്ധ ന ങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക. പൊതു ഗതാഗതം ശക്തിപ്പെടുത്തുക. ഗ്രാമങ്ങളുടെ കണക്റ്റ് വിറ്റി ഉറപ്പു വരുത്തുക. സൈക്കിൾ ഉപയോഗിക്കുക. (സെപ്തം 21 ന് പാറക്കടവ് പഞ്ചായത്തിലൂടെ ഒരു സൈക്കിൾ യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. കൊച്ചിൻ സൈക്കിൾ റൈഡേഴ്സ് ക്ലബ്ബ് സഹകരിക്കുന്നുണ്ട്. സെപ്തം 20-27 തീയതികളിൽ പുതിയ സൈക്കിളുകളുടെ ഡിസ്പ്ലേയും വില്പനയും, റിപ്പയി റിംഗും മൂഴിക്കുളം കവലയിൽ ഉണ്ടാകും. സൈക്കിളുമായി ബന്ധപ്പെട്ട ഒരു ഇൻസ്റ്റലേഷന്റെ സ്ഥാപനം സെപ്തം 20 ന്
 മൂഴിക്കുളം കവലയിൽ ഉണ്ടാകും) സൈക്കിൾ വാടകയ്ക്കും ലഭിക്കുന്നതാണ്.


മീഥേൻ വാതകത്തിന്റെ അനിയന്ത്രിതമായ അളവ് വർദ്ധിക്കാൻ കാരണമായ മാംസാഹാരത്തിന്റെയും പാൽ ഉല്പന്നങ്ങളുടേയും മൃഗ ഉല്പന്നങ്ങളുടെയും ഉപയോഗം കർശനമായി നിയന്ത്രിക്കുക. ഇവയ്ക്കു വേണ്ടി മൃഗങ്ങളെ വ്യവസായികാടിസ്ഥാനത്തിൽ ക്ര‌മാതീതമായി വളർത്തുന്നതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. പറ്റുന്നവർക്ക് ഒഴിവാക്കാം. വേഗൻ ഭക്ഷണം ശീലമാക്കാം. 

 

  • വൈദ്യുതോപകരണങ്ങളുടെ നിയന്ത്രണം. സോളാർ എനർജിയുടെ ഉപയോഗം.
  • മരങ്ങൾ നട്ടുവളർത്തുക.
  • ക്ലോറോ ഫ്‌ളൂറോ കാർബൺ പുറംതള്ളുന്ന AC, ഫ്രിഡ്ജ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക. ഒഴിവാക്കുക.
  • CNG യെ പ്രോത്സാഹിപ്പിക്കുക
  • മലിനീകരണം തടയുക.
  • പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക. ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കുക.
  • പരിസ്ഥിതി സൗഹൃദ നിർമ്മിതികൾ അവലംബിക്കുക. കോൺക്രീറ്റിന്റെ ഉപയോഗം കർശനമായി നിയന്ത്രിക്കുക.
  • ഭൂഗർഭജലത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക.
  • വനവത്ക്കരണം നടപ്പാക്കുക. പ്രാദേശികമായി കുട്ടി വനങ്ങൾ വളർത്തുക.


ഓർക്കണം എപ്പോഴും.
ആഗോളതാപന ദുരന്തം തൊട്ടരികെയാണ്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാൻ നമുക്ക് മുന്നിലുള്ളത് 11 വർഷം മാത്രം. നമ്മുടെ ദുരന്തം നാം തന്നെയാണ്.

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment