മണിപ്പൂരിലെ മണ്ണിടിച്ചിൽ ദുരന്തങ്ങൾ മനുഷ്യനിർമ്മിതമെന്ന് കേന്ദ്രസർക്കാർ




കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും ഉരുൾ പൊട്ടലിലും നിരവധി ജീവനുകളാണ് കേരളത്തിൽ പൊലിഞ്ഞത്. സമാനമായ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന സംസ്ഥാനമാണ് മണിപ്പൂർ. മണിപ്പൂരിലെ മണ്ണിടിച്ചിൽ ഭൂരിഭാഗവും മനുഷ്യ ഇടപെടലിന്റെ ഭാഗമായി ഉണ്ടാകുന്നതാണെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കണ്ടെത്തൽ.

 

"മണിപ്പൂരിലെ പരിസ്ഥിതി ദുർബലമായ മലയോര പ്രദേശങ്ങളിൽ മൺസൂൺ സമയത്ത് തുടർച്ചയായി മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും മനുഷ്യനിർമ്മിതമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി കുന്നിൻ ചെരുവുകളിൽ മാറ്റം വരുത്തൽ, കുന്നിടിക്കൽ, ക്വാറി പ്രവർത്തനങ്ങൾ, സങ്കീർണ്ണമായ ഭൂഘടന, കനത്ത മഴ തുടങ്ങി നിരവധി കാരണങ്ങളാണ് മണിപ്പൂരിലെ മണ്ണിടിച്ചിൽ ദുരന്തങ്ങൾക്ക് കാരണം"  കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി മഹേഷ് ശർമ്മ ആഗസ്റ്റ് 6 ന് രാജ്യസഭയിൽ പറഞ്ഞു.  

 

പെട്ടെന്ന് ഇടിയാൻ സാധ്യതയുള്ള കളിമൺ പാറകളും, കുന്നിൻ ചെരുവുകളിലെ അമിതമായ നിർമ്മാണ പ്രവർത്തനങ്ങളുടെ ആഘാതവും മണ്ണിടിച്ചിലിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞ മറുപടിയിൽ വ്യക്തമാക്കി. ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും പിന്തുണ നൽകുമെന്നും, ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ കണ്ടെത്തി ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം അടിസ്ഥാനമാക്കി ഈ മേഖലകളുടെ മാപ്പ് തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.  

 

ജൂലൈ 11 ന് ടാമിങ്‌ലോങ് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു. മെയ് മാസം മുതൽ ഇതുവരെ ആറു വമ്പൻ മണ്ണിടിച്ചിൽ ദുരന്തങ്ങളാണ് മണിപ്പൂരിൽ ഉണ്ടായത്. 2017 ൽ 3, 2015 ൽ 1, 2010 ൽ 4 വീതം ദുരന്തങ്ങളും മണിപ്പൂരിൽ സംഭവിച്ചു. 

 

അടിയന്തിരമായി ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ കണ്ടെത്തി ദുരന്ത സാധ്യതാ പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്നും വിദഗ്ദർ പറയുന്നു. ഹിമാലയൻ മേഖലയും, പശ്ചിമഘട്ടത്തിലെ ചില പ്രദേശങ്ങളും അടിസ്ഥാനപരമായി തന്നെ ഉരുൾപൊട്ടൽ സാധ്യതാ മേഖലകളാണ് ഈ മേഖലയിലെ വിദഗ്ധരെ ഉദ്ദരിച്ച് പി.ടി.ഐ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. വനനശീകരണം, ഖനനം, മല തുരക്കൽ, സ്‌ഫോടനങ്ങൾ, കയ്യേറ്റങ്ങൾ, നീർച്ചാലുകളുടെ ശോഷണം എന്നിവയും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതായി സൗത്ത് ഏഷ്യ നെറ്റ്‌വർക്ക് ഓഫ് ഡാംസ്, റിവർ ആൻഡ് പീപ്പിൾ എന്ന സംഘടനയിലെ ഹിമാൻഷു താക്കർ പറയുന്നു.

 

ഉത്തരാഖണ്ഡിൽ 2012 ൽ തന്നെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വികസന പ്രവർത്തനങ്ങളുടെ പേരിൽ  ഒരു തരത്തിലുള്ള ഖനനങ്ങളും നടത്താൻ പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. 2013 ലാണ് ഉത്തരാഖണ്ഡിനെ ആകെ തകർത്ത പ്രളയം ഉണ്ടായത്. താക്കർ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ പാരിസ്ഥിതിക ആഘാത പഠനങ്ങളുടെ അടിസ്ഥാനത്തിൽ അത്തരം മേഖലകളിൽ ദുരന്ത സാധ്യത ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കുക എന്നതാണ് മണ്ണിടിച്ചിലും അതിനെ തുടർന്നുണ്ടാകുന്ന ദുരന്തങ്ങളും തടയാനുള്ള മാർഗ്ഗം, അദ്ദേഹം കൂട്ടിച്ചേർത്തു. 

 

മണിപ്പൂരിലേതിന് സമാനമായ സാഹചര്യമാണ് കേരളത്തിന്റെ പശ്ചിമഘട്ട മേഖലയിലും നിലനിൽക്കുന്നതെന്ന് വിദഗ്ദർ പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത വിധമുള്ള വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും സംസ്ഥാനം നേരിടുമ്പോൾ,  ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം അടിയന്തരമായി കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ  ദുരന്തം ഒഴിവാക്കാൻ ആവശ്യമായ നിയന്ത്രണ നടപടികൾ സ്വീകരിക്കണം എന്നാണ് ഉയരുന്ന ആവശ്യം. 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment