1987 ലെ രാജിയും പ്ളാച്ചിമടയും വീരേന്ദ്രകുമാർ എന്ന നേതാവും




പൊതുപ്രവർത്തകരോ അധികാര കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നവരോ മരണപ്പെടുമ്പോൾ അവർ വഹിച്ച ഉയർന്ന സ്ഥാനങ്ങൾ പറഞ്ഞാണ് പൊതുവേ അനുശോചന സന്ദേശങ്ങൾ ആരംഭിക്കുന്നത്. സോഷ്യലിസ്റ്റ് നേതാവായിരുന്ന ശ്രീ എം പി വീരേന്ദ്രകുമാറിൻ്റെ മരണ വാർത്ത ആരംഭിച്ചതും കേന്ദ്ര മന്ത്രി സ്ഥാനത്തെ പറ്റി പരാമർശിച്ച ശേഷം പാർലമെൻ്റ് അംഗത്വം, മാധ്യമ സ്ഥാപനത്തിൻ്റെ ഉടമസ്ഥാവകാശം, സാഹിത്യ അവാർഡുകൾ, പുസ്തക രചന, പാരമ്പര്യം എന്നീ രംഗങ്ങളെ സൂചിപ്പിച്ചു കൊണ്ടാണ്.


അധികാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഇരു മുന്നണികളിലും നേതൃത്വ പരമായ പങ്കുവഹിച്ച വ്യക്തിയായിരുന്നു ശ്രീ വീരേന്ദ്രകുമാർ. പരിസ്ഥിതി വിഷയങ്ങളിൽ കൈകൊണ്ട സമീപനത്താൽ 48 മണിക്കൂറിനകം മന്ത്രി കസേര ഒഴിയേണ്ടി വന്ന  സംഭവം, അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ അനുഭവമായി പരിസ്ഥിതി ലോകം വിലയിരുത്തുന്നു.


സംസ്ഥാനത്ത് മരങ്ങൾ മുറിക്കരുത് എന്ന കേരള വനം വകുപ്പു മന്ത്രി എടുത്ത തീരുമാനത്തിനാൽ, ഇടതുപക്ഷ സർക്കാരിൻ്റെ ക്യാബിനറ്റിൽ നിന്ന് രാജി വെച്ച് പുറത്തു പോകേണ്ടി വന്നത് പശ്ചിമ ഘട്ടത്തിലെ കൈയ്യേറ്റക്കാരുടെ (1980കളിൽ ഉണ്ടായിരുന്ന) രാഷട്രീയ സ്വാധീനത്തിൻ്റെ തെളിവാണ്. അവരുടെ രാഷ്ട്രീയ ബാന്ധവം പടിപടിയായി വളർന്നതിനനുസരിച്ച് കേരളത്തിൻ്റെ കാടും പുഴയും നെൽപ്പാടവും കുളവും കായലും തീരവും അനാഥമായി. 


സംസ്ഥാനത്തെ പിന്നോക്ക ജില്ലയായ പാലക്കാട്ടേക്ക് വികസനത്തിൻ്റെ ഭാഗമായി കൊക്കോകോള എത്തിയത്, വീരേന്ദ്രകുമാറിന് മന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ടപ്പോൾ മുഖ്യമന്ത്രിയായിരുന്ന അതേ നേതാവിൻ്റെ ഭരണ പരിഷ്ക്കരണത്തിൻ്റെ ഭാഗമായിട്ടാണ്. പ്ലാച്ചിമട സമരത്തിൽ പങ്കാളിയായ ശ്രീ വീരേന്ദ്രകുമാർ, തൻ്റെ രാഷ്ട്രീയ സുഹൃത്ത് ശ്രീ. ജോർജ്ജ് ഫെർണാണ്ടസ്, 1977 ൽ കൊക്കോകോളയെ ഇന്ത്യയിൽ നിന്നു കെട്ടുകെട്ടിച്ച സംഭവത്തെ, കേരളത്തിൽ പുനസൃഷ്ട്ടിക്കുന്നതിൽ പ്രധാന പങ്കാളിയായി. പക്ഷേ സമരം വിജയിച്ചിട്ടും ജനം തോറ്റു പോയി എന്നതാണു വസ്തുത.


ഒരേ പാർട്ടിയുടെ രണ്ടു മുഖ്യമന്ത്രിമാരിൽ രണ്ടാമനായി എത്തിയ ശ്രീ. വി എസ്. അച്യുതാനന്ദൻ, പാർട്ടിക്കുള്ളിലെ തൻ്റെ രാഷ്ടീയ സമരത്തിൻ്റെ കൂടി ഭാഗമായി മുൻ നേതാവിൻ്റെ തീരുമാനത്തെ തിരുത്തി എഴുതി.ബഹു രാഷ്ട്ര കുത്തകയിൽ നിന്നും 261 കോടി രൂപ നഷ്ട്ട പരിഹാരം വാങ്ങി എടുക്കുവാൻ അദ്ദേഹത്തിൻ്റെ സർക്കാർ തീരുമാനിച്ചു.ആ തീരുമാനം നടപ്പാക്കാതിരിക്കുവാൻ രാഷ്ട്രപതിമാരും ചിദംബരവും ഇന്നത്തെ കേന്ദ്ര സർക്കാരും ഒന്നിച്ചു നിന്നു.


ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിൽ (നമ്പർ 91) നൽകിയ വാഗ്ദാനം, പ്ലാച്ചിമടക്കാർക്ക് തീരുമാനിക്കപ്പെട്ട നഷ്ടപ്പെട്ട പരിഹാരം നേടി കൊടുക്കുവാൻ വേണ്ട ശ്രമങ്ങൾ നടത്തുമെന്നായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാജ്യ സഭാ അംഗവും സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരകനുമായി പരിസ്ഥിതി വിഷയത്തിൽ വ്യക്തമായ  കാഴ്ച്ചപാടു പുലർത്തിയിരുന്ന ശ്രീ. വീരേന്ദ്രകുമാർ ചരിത്രത്തിൻ്റെ ഭാഗമാകുമ്പോൾ, പ്ലാച്ചിമടയെ പറ്റിയുള്ള ഇടതു മുന്നണി വാഗ്ദാനം സാക്ഷാത്കരിച്ചു കൊണ്ടു വേണം അദ്ദേഹത്തിൻ്റെ ഓർമ്മകളോടു നീതി പുലർത്തേണ്ടത്.


ശ്രീ. എം പി വീരേന്ദ്രകുമാറിന് ഗ്രീൻ റിപ്പോർട്ടറിന്റെ സ്മരണാജ്ഞലികൾ 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment