ഭീഷണിയാകുന്ന മുക്കുന്നിമലയിലെ ഖനനം; കണ്ണടച്ച് സർക്കാർ




അനന്തൻകാട് എന്ന ഇന്നത്തെ തിരുവനന്തപുരം 7 മലകളുടെയും അതിന്റെ താഴ്വാരങ്ങളുടെയും പൊതുവായ പേരാണ്. മുടവൻ മുകൾ, മൂക്കുന്നിമല, കുടപ്പനക്കുന്ന്, കനകക്കുന്ന്, ബാർട്ടൻ ഹിൽ, തിരുമല, തിരുവല്ലം.എന്നിവയാണ് മലകൾ.  കരമനയാറും അതിന്റെ കൈവഴികളും തീരങ്ങളിലെ ഏലകളും തുടർന്നു കിടക്കുന്ന പ്രദേശങ്ങളും ചേർന്നു രൂപം കൊണ്ട പ്രദേശത്തിന്റെ ആധുനിക പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെട്ടു എന്നു സുവ്യക്തമാണ്. നഗരത്തിലെ ജനസംഖ്യ 10 ലക്ഷം കടന്നു.ജില്ലയുടെ കുടിവെള്ള ശ്രാേതസ്സായ വാമനപുരം, കരമന ആറുകൾ , അതിന്റെ ഉത്ഭവ പ്രദേശങ്ങളായ അഗസ്ത്യർ കൂട താഴ് വര മുതൽ വലിയതുറ, പൂന്തുറ, കോവളം, വിഴിഞ്ഞം തുടങ്ങിയ തീരപ്രദേശങ്ങൾ എല്ലാം രൂക്ഷമായ പാരിസ്ഥിതിക ചൂഷണത്തിന്റെ ഫലമായി ക്ഷയിച്ചു വരുന്നു.അവയുടെ തകർച്ചയ്ക്കു പിന്നിൽ മനുഷ്യരുടെ തെറ്റായ ഇടപെടലുകൾ കാരണമാകുന്നുണ്ട്. ഇവിടെ അവിശ്വസനീയമായ തകർച്ച നേരിടുന്ന കുന്നാണ് മൂക്കുന്നിമല.


നഗരത്തിൽ നിന്നും 10 കിലോമീറ്റർ മാത്രം അകലത്തിൽ  ചന്ദന കാടായിരുന്ന മല, രാജാവിന്റെ വിശ്രമ കേന്ദ്രമായിരുന്നു.1964വരെ വന പദവി ഉണ്ടായിരുന്ന ഇടം, കൃഷി ഭൂമി ഇല്ലാതിരുന്ന മധ്യ തിരുവിതാംകൂറിലെ കർഷകർക്ക് 3.5 ഏക്കർ വെച്ച് കൃഷി ചെയ്യുവാനും വീടു വെച്ചു താമസിക്കുവാനും അനുവാദിച്ചു കൊണ്ട് വിതരണം ചെയ്തു. പോലീസ്സിന്റെ ഫൈറിങ് സ്റ്റേഷൻ (വെടിവെപ്പിനുള്ള പരിശീലന കേന്ദ്രം) പ്രതിരോധ സേനയുടെ റഡാർ കേന്ദ്രം എന്നിവ ഇതേ മലമുകളിൽ പ്രവർത്തിക്കുകയാണ്.1964 മുതൽ റബ്ബർ കൃഷിയും മറ്റും ആരംഭിച്ചവർ ചെറുകിട പാറ ഖനനം പ്രാദേശിക ആവശ്യങ്ങളെ മുൻനിർത്തി നടത്തുകയുണ്ടായി. പിൽക്കാലത്ത് വൻകിട ഖനനങ്ങൾ സജ്ജീവമായി. സംസ്ഥാന ഭൂപരിഷ്ക്കരണ നിയമത്തെ മറികടന്ന് തുടർന്ന ഖനനം സർക്കാർ ഭൂമിയിലേക്കു വ്യാപിച്ചു.150 ഏക്കറോളം വരുന്ന പൊതു ഭൂമിയിൽ എല്ലാ നിയമങ്ങളെയും വെല്ലു വിളിച്ചു കൊണ്ട്, 20 വർഷമായി തുടരുന്ന പാറ പൊട്ടിക്കലിന് സർവ്വ പിൻ തുണയും നൽകുവാൻ പ്രദേശത്തെ പഞ്ചായത്തു ഭരണം, വില്ലേജ് ആഫീസുകൾ മുതലുള്ള റവന്യൂ സംവിധാനം, പോലീസ് സേന, മലിനീകരണ വകുപ്പ്, ജിയോളജി, അഗ്നി സേന, നിയമ നിർമ്മാണ സഭകളിലെ M LA, MP, മന്ത്രിമാർ ഒറ്റകെട്ടായി നിലകൊണ്ടു. എല്ലാ മത നേതാക്കളും പാർട്ടി സംവിധാനവും  ഖനനത്തെ ന്യായീകരിച്ചു. 

 


നിരന്തര സമരങ്ങളുടെ ഭാഗമായി  ഖനനത്തെ ന്യായീകരിക്കുവാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ വിജയിക്കാത്ത സാഹചര്യത്തിൽ വിജിലൻസ്സ് ടീമിനെ വെച്ചുള്ള അന്യേഷണത്തിനുള്ള ഉത്തരവ് ഇറക്കേണ്ടി വന്നു. അന്വേഷണ റിപ്പോർട്ട് പുറത്തു വിടുവാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. 2000 മുതൽ 3000 കോടി വരെ പൊതു ഖജനാവിന് നഷ്ടം ഉണ്ടായി എന്നു പറയപ്പെടുന്ന റിപ്പാേർട്ട് തയ്യാറാക്കുവാൻ പ്രയത്ന്നിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ സർക്കാർ ഒരു വശത്തും അതേ ഉദ്യോഗസ്ഥരെ സമൂഹത്തിൽ താറടിക്കുവാൻ ഖനന മുതലാളിമാരും ചില  മാധ്യമങ്ങളും മറുവശത്തും ഒന്നിച്ചു..


രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും  ബിനാമികളായവരുടെ ഭീഷണിയും പരസ്യമായ നിയമ ലംഘനവും 10 കിലോമീറ്ററിനുള്ളിൽ, 60 ഖനന കേന്ദ്രങ്ങളിലായി നടക്കുമ്പോൾ സമര പ്രവർത്തകരെ കൈയ്യേറ്റം ചെയ്യൽ, വിഷയങ്ങളിലെ പോലീസ് നിഷ്ക്രിയത്വം ഒരു ഗ്രാമത്തിലെ ജനങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തെ ചോദ്യം ചെയ്യലായി. പരമാവധി 20 അടി ഖനനം എന്ന നിയമത്തെ കാറ്റിൽ പറത്തിയതിലൂടെ ഉണ്ടായ വൻ ഗർത്തങ്ങൾ വെള്ളകെട്ടുകളായി തുടരുന്നത് താഴ്വാരത്തിന് ഭീഷണിയായി മാറിയത്.

 


സംസ്ഥാന തലസ്ഥാനത്തു നിന്നും 10 കിലോ മീറ്ററിനുള്ളിൽ എല്ലാ നിയമങ്ങളെയും അവഗണിച്ച് നടതുന്ന ഖനനത്തോട് നിശബ്ദത തുടരുന്ന സർക്കാർ, നിയമ ലംഘന ഖനനം  അവസാനിപ്പിക്കും എന്ന് ആവർത്തിക്കുമ്പോൾ  വിഷയത്തിലെ സർക്കാർ അർത്ഥ ശൂന്യത മൂക്കുന്നിമലയിൽ തട്ടി നിലം പരിശാകുന്നതായി ബോധ്യപ്പെടും..


മൂക്കുന്നിമലയിൽ എന്ന പോലെ കേരളത്തെ തകർത്തെറിയുന്ന വ്യാപകമായ  മണ്ണെടുക്കലും പാറ ഖനനവും കൈയ്യേറ്റങ്ങളും അവസാനിപ്പിക്കുവാൻ ഉതകുന്ന പ്രക്ഷോഭങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകുവാൻ  ജനകീയം (ദക്ഷിണ മേഖല) തിരുവനന്തപുരം സമ്മേളനം തയ്യാറാണ് എന്ന് മൂക്കുന്നിമല സന്ദർശനം നടത്തി കൊണ്ട് ഇന്നലെ  പ്രഖ്യാപിക്കുകയുണ്ടായി. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment