മുല്ലപ്പെരിയാര്‍ ഡാമിന് ഇന്ന് 125 വയസ്സ്




മുല്ലപ്പെരിയാര്‍ ഡാമിന് ഇന്ന് 125 വയസ്സ്. ഈ ജലബോംബ് കേരളത്തിലെ 50 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി ഇന്ന് നിലകൊള്ളുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഏതാണ്ട് 125 വര്‍ഷത്തെ പഴക്കമുണ്ട്. ഒരു അണക്കെട്ടിന്റെ കാലാവധി 50 വര്‍ഷമാണ്. വേണ്ടത്ര മുന്‍കരുതല്‍ എടുത്താലും ഒരു ദുരന്തത്തെ അതിജീവിക്കാന്‍ ഈ അണക്കെട്ടിന് കഴിയില്ല എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. മുല്ലയാര്‍ എന്ന പെരിയാര്‍നദിയാണ് ഈ അണക്കെട്ടിനാല്‍ തടഞ്ഞു നിര്‍ത്തിയിട്ടുള്ളത്. ഈ രണ്ടു പേരില്‍നിന്നുമാണ് അണക്കെട്ടിന്റെ പേരിന്റെ ഉത്ഭവം.


തമിഴ്നാട്ടിലെ ശിവഗിരി മലയിലെ ചൊക്കംപെട്ടിയില്‍ നിന്ന് ഉത്ഭവിക്കുന്ന പെരിയാര്‍ 48 കിലോമീറ്റര്‍ പിന്നിട്ട് മണലാറിനു സമീപം മുല്ലയാറുമായി ചേര്‍ന്ന് മുല്ലപ്പെരിയാറാകുന്നു. ഈ നദിയില്‍ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍ വള്ളക്കടവിലാണ് അണക്കെട്ട്. 1895 ഒക്ടോബര്‍ 10ന് ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചതോടെയാണ് തേക്കടി തടാകമുണ്ടായത്. തേക്കടിയില്‍ നിന്ന് 2 കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിലൂടെ തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടുപോകുന്നു. കുളങ്ങളിലും വൈഗ അണക്കെട്ടിലും സംഭരിക്കുന്ന വെള്ളം തേനി, മധുര, ഡിണ്ടിഗല്‍, രാംനാട്, ശിവഗംഗ ജില്ലകളില്‍ കുടിക്കാനും കൃഷിക്കും വൈദ്യുതോല്‍പാദനത്തിനും ഉപയോഗിക്കുന്നു.


ബ്രിട്ടീഷ് ഭരണകാലത്ത് തേനി, മദുര, ദിണ്ടിക്കല്‍ ‍, രാമനാഥപുരം എന്നീ തമിഴ് പ്രവിശ്യകള്‍ ജലക്ഷാമം അനുഭവിക്കുമ്ബോള്‍ പശ്ചിമഘട്ടത്തിനിപ്പുറമുള്ള കേരളത്തിലെ പെരിയാര്‍ തീരങ്ങളില്‍ പലപ്പോഴും വെള്ളപ്പൊക്കമായിരുന്നു. ഇതിന് സായിപ്പ് ബ്രിട്ടീഷുകാര്‍ കണ്ടുപിടിച്ച ഇലക്കും മുള്ളിനും കേടില്ലാത്ത പ്രതിവിധിയായിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ട്. പെരിയാര്‍ നദിയിലെ വെള്ളം അണകെട്ടി പശ്ചിമഘട്ടം തുരന്ന് മദുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാനാരംഭിച്ച പദ്ധതിയാണ് ഇന്നിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന തലവേദനയായി മലയാളിയുടെ ഉറക്കം കെടുത്തുന്നത്.

 


ലോകത്തില്‍ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. സുര്‍ഖി മിശ്രിതം ഉപയോഗിച്ചു നിര്‍മ്മിച്ച അണക്കെട്ടുകളില്‍ ലോകത്ത് ഇന്ന് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. കേരളത്തില്‍ തന്നെ ഉത്ഭവിച്ച്‌ അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്.


125 വര്‍ഷം പഴക്കമുള്ള ദുര്‍ബലാവസ്ഥയിലുള്ള മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ് ഒക്ടോബര്‍ ഇന്ന് പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എല്ലാ പഞ്ചായത്തിലും സംഘടനയിലെ അംഗങ്ങള്‍ വീടുകള്‍ക്ക് മുന്‍പില്‍ ബാനറുകള്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം പ്രധാന ജംഗ്ഷനുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് 5 ആളില്‍ കൂടാതെ പ്ലക്കാര്‍ഡുകള്‍ പിടിച്ചു പ്രതിഷേധ പ്രകടനം നടത്തുന്നതായി ജനറല്‍ സെക്രട്ടറി അമൃതാപ്രീതം അറിയിച്ചു. 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment