മുംബൈ ആരേ കോളനി മേഖലയിലെ 800 ഏക്കര്‍ സ്ഥലം വനമേഖലയായി പ്രഖ്യാപിച്ചു




ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള മുംബൈ ആരേ കോളനി മേഖലയിലെ 800 ഏക്കര്‍ സ്ഥലം മഹാരാഷ്ട്ര സര്‍ക്കാര്‍ വനമേഖലയായി പ്രഖ്യാപിച്ചു. ഇതോടുകൂടി ഇവിടെ വന്‍ തോതില്‍ പരിസ്ഥിതി നാശത്തിന് കാരണമാകുന്ന മുംബൈ മെട്രോ റെയിലിന്‍റെ കാര്‍ ഷെഡ് പദ്ധതി നടപ്പാവില്ല. നൂറുണക്കിന് മരങ്ങളും കണ്ടല്‍ക്കാടുകളും മുറിച്ച്‌ നടപ്പാക്കുന്ന പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.


മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ആരേ മേഖലയെ സംരക്ഷിത വനപ്രദേശമായി പ്രഖ്യാപിച്ചത്. കാര്‍ ഷെഡ് പദ്ധതി കാന്‍ജുര്‍മാഗിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. ആരേ മേഖലയില്‍ നിലവില്‍ പൂര്‍ത്തിയായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മറ്റ് പൊതുതാല്‍പര്യ പദ്ധതികള്‍ക്കായി ഉപയോഗിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.


മുംബൈയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന മേഖലയാണ് ആരേ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രണ്ടു ദിവസം കൊണ്ട് 2141 മരങ്ങള്‍ ഇവിടെ വെട്ടിമാറ്റിയിരുന്നു. പ്രതിഷേധം ശക്തമായതോടെ മരംമുറിക്കലിന് സുപ്രീംകോടതി താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു


ആരേയില്‍ നേരത്തെ മരംമുറിക്കലിനെതിരെ പ്രതിഷേധിച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനും ഉദ്ധവ് താക്കറെ നിര്‍ദേശിച്ചിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment