ആഗോളതാപനത്തിനുള്ള നമ്മുടെ മറുപടി മരങ്ങൾ മുറിച്ച് മാറ്റിയാണ്
മുംബൈ നഗരത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കുന്ന ആരേ കോളനിയില്‍ നിന്ന് രണ്ടു ദിവസം കൊണ്ട് മുറിച്ചുമാറ്റിയത് 2141 മരങ്ങള്‍. ആഗോളതാപനത്തെ ചെറുക്കാൻ ലോകരാഷ്ട്രങ്ങൾ മരം വെച്ച് പിടിപ്പിക്കുന്ന സമയത്ത് തന്നെയാണ് ഇന്ത്യയുടെ വാണിജ്യ നഗരം തങ്ങളുടെ ശ്വാസ കോശത്തെ പോലും മുറിച്ച് മാറ്റി കാർബൺ പുറപ്പെടുവിക്കുന്ന കാറുകൾക്ക് സുരക്ഷിത സ്ഥാനം ഒരുക്കുന്നത്.


കഴിഞ്ഞ വെള്ളി,ശനി ദിവസങ്ങള്‍ക്കിടയിലാണ് ഇത്രയും മരങ്ങള്‍ മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ആരേ കോളനിയില്‍നിന്നും വെട്ടിമാറ്റിയത്. മരം മുറിക്കലിന് തിങ്കളാഴ്ച സുപ്രീംകോടതി താത്കാലിക വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് കഴിഞ്ഞദിവസങ്ങളില്‍ മുറിച്ചുമാറ്റിയ മരങ്ങളുടെ എണ്ണം മുംബൈ മെട്രോ വെളിപ്പെടുത്തിയത്. സുപ്രീംകോടതി ഉത്തരവിനെ ബഹുമാനിക്കുന്നതായും ഇനി മേഖലയില്‍ മരംമുറിക്കില്ലെന്നും മുംബൈ മെട്രോ അറിയിച്ചു. 


അതേസമയം, വെട്ടിമാറ്റിയ മരങ്ങള്‍ നീക്കംചെയ്യുന്ന ജോലികളും കെട്ടിടത്തിന്റെ നിര്‍മാണപ്രവൃത്തികളും മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം തുടരുമെന്നും മുംബൈ മെട്രോ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.
ആരേ കോളനിയില്‍ മുംബൈ മെട്രോയുടെ കാര്‍ ഷെഡ്ഡ് നിര്‍മിക്കാനായാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്. നേരത്തെ മരങ്ങള്‍ മുറിക്കാന്‍ ട്രീ അതോറിറ്റി അനുമതി നല്‍കിയിരുന്നെങ്കിലും പരിസ്ഥിതിപ്രവര്‍ത്തകര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി ഇവരുടെ ഹര്‍ജികള്‍ തള്ളിയതോടെയാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. ഇതിനെതിരെ നാട്ടുകാരും പരിസ്ഥിതി-സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചയാണ് സുപ്രീംകോടതി മരംമുറിക്കലിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവിട്ടത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment