ചൂടിന്റെ പിടിയിൽ മുംബൈ നഗരവും




മുംബൈ: കനത്ത ചൂടിൽ പൊറുതിമുട്ടി മുംബൈ നഗരം. താപനില കുത്തനെ ഉയര്‍ന്നത് മുംബൈയിലെ നഗരവാസികളെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കയാണ്. നഗരത്തിന് അപൂര്‍വമായ ഉഷ്ണക്കാറ്റുമൂലമാണ് അന്തരീക്ഷത്തിന്റെ പെട്ടെന്നുള്ള ഭാവമാറ്റമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. ആവശ്യത്തിന് മരങ്ങളോ മറ്റു തണലുകളോ ഇല്ലാത്ത മുംബൈ നഗരത്തിൽ ചെറിയ ചൂടിൽ പോലും ജനങ്ങൾ വെന്തുരുകുകയാണ്. 


അന്തരീക്ഷ മര്‍ദം കൂടുകയും ചൂടുകാറ്റ് താഴേക്ക് ഇറങ്ങിവരികയും ചെയ്യുന്ന പ്രതിഭാസമാണ് പെട്ടെന്നുള്ള മാറ്റത്തിന് കാരണമെന്നാണ് മുംബൈ റീജണല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഗുജറാത്തിനും രാജസ്ഥാനും മുകളിലുള്ള ചൂടുവായു സമീപപ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് മുംബൈയില്‍ ചൂട് കൂടിയത്. മുംബൈയിലും പരിസരങ്ങളിലും ഇനിയുള്ള നാലഞ്ച് ദിവസങ്ങളിലും താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.


ഞായറാഴ്ചയും തിങ്കളാഴ്ചയും ചൂട് 40.3 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയതോടെ തണലില്ലാത്ത ഈ കോൺക്രീറ്റ് കാട്ടിൽ ജനജീവിതം ദുസ്സഹമായത്.  കഴിഞ്ഞയാഴ്ച ശരാശരി 32 ഡിഗ്രി ചൂട് അനുഭവപ്പെട്ട സ്ഥാനത്തുനിന്നാണ് രണ്ടു ദിവസം കൊണ്ട് താപനില കുതിച്ചുയര്‍ന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ 41 ഡിഗ്രിയോളം എത്തിയ ചൂട് ഇപ്പോൾ കുറഞ്ഞ് വരുന്നുണ്ട്. എങ്കിലും പൂർണമായും താഴ്ന്ന് പഴയ നിലയിലേക്ക് എത്തിയിട്ടില്ല. കോൺക്രീറ്റുകൾ മാത്രമാണ് മുംബൈ നഗരമെന്നിരിക്കെ ചെറിയ ചൂട് പോലും ഇവിടെ വലിയ തോതിലാണ് അനുഭവപ്പെടുക.


കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മാര്‍ച്ച്‌ മാസത്തില്‍ മുംബൈയില്‍ അനുഭവപ്പെടുന്ന ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ താപനിലയാണ് ഈ ആഴ്ചയിലെ ആദ്യ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. മുംബൈയില്‍ മാര്‍ച്ച്‌ മാസത്തിലെ ശരാശരി ഉയര്‍ന്ന ചൂട് 32.8 ഡിഗ്രിയാണ്. ഇതിലും 7.5 ഡിഗ്രി കൂടുതലാണ് തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ നഗരം രേഖപ്പെടുത്തിയിരിക്കുന്നത്.


മുംബൈയുടെ ചരിത്രത്തില്‍ ഏറ്റവും അധികം ചൂട് 41.7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 1956 മാര്‍ച്ച്‌ 28നായിരുന്നു ഈ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിട്ടുള്ളത്. പിന്നീട് 2011ലെ മാര്‍ച്ച്‌ മാസത്തിലാണ് ഈ ദശകത്തിലെ ഏറ്റവുമുയര്‍ന്ന ചൂടുണ്ടായത്. 41.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അന്നത്തെ താപനില.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment