മുണ്ടത്തടത്ത് കവളപ്പാറ ആവർത്തിച്ചാൽ ഉത്തരവാദികൾ ആരൊക്കെ?




മുണ്ടത്തടം മറ്റൊരു കവളപ്പാറ ആവർത്തിക്കുമോ എന്ന ഭീഷണിയുടെ മുകളിൽ ജീവിക്കുകയാണ് വലിയൊരു ജനവിഭാഗം. നിയമങ്ങളെല്ലാം കാറ്റിൽ പറത്തി പ്രദേശത്ത് നടക്കുന്ന പരിസ്ഥിതി വിരുദ്ധ പ്രവർത്തങ്ങൾ ബന്ധപ്പെട്ട അധികാരികളും സർക്കാരും കണ്ടില്ലെന്ന് നടിക്കുകയാണ്. പഞ്ചായത്ത്, പോലീസ്, ജിയോളജിസ്റ്റ്, ജില്ലാ കലക്ടർ തുടങ്ങിയവർക്കെല്ലാം വ്യക്തമായ പങ്കുള്ള ഈ നിയമലംഘനങ്ങൾ പൊതു ജനങ്ങൾ കൂടി അറിയേണ്ടതുണ്ട്. അതിനായി കാസർഗോഡ്  ജില്ലാ പരിസ്ഥിതി സമിതി ചർച്ചയ്ക്കായി മുന്നോട്ട് വെച്ച കരട് രേഖയാണ് താഴെ...


വെള്ളരിക്കുണ്ട് തഹസിൽദാർ രേഖപ്പെടുത്തിയത് പോലെ മുണ്ടത്തടം പ്രദേശം താലൂക്കിലെ ഏറ്റവും ഉയർന്ന പ്രദേശമാണ്. ആയതിനാൽ ദുരന്ത സാദ്ധ്യതകൾ ഏറെ നിലനിൽക്കുന്ന പ്രദേശവുമാണ്. ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ മേപ്പിൽ ചുവന്ന മേഖലയിൽ രേഖപെടുത്തപ്പെട്ട പ്രദേശവും ആണ്. ഈ ഒരൊറ്റ കാരണം കൊണ്ട് മാത്രം ഖനനാനുമതി നിഷേധിക്കേണ്ടുന്ന പ്രദേശവും കൂടിയാണ്.


ഖനന പ്രദേശത്തുണ്ടായിരുന്ന നീരുറവകൾ പരപ്പ ചാലിലേക്കും തുടർന്ന് തേജസ്വനിയിലേക്കും ഒഴുകി കൊണ്ടിരിക്കുകയായായിരുന്നു. അത് കനത്ത ഉയരത്തിൽ മണ്ണിട്ട് നികത്തിയതിനാൽ സമ്മർദ്ദത്തിലാവുകയും മഴ ശക്തമാകുന്ന സമയത്ത് ഉരുൾപൊട്ടലിന് സമാനമായി ശക്തമായി പുറത്തേക്ക് ഒഴുകി വരാൻ സാദ്ധ്യതയുമുണ്ട്.


വ്യവസ്ഥ അനുസരിച്ച്‌ 5 മീ വീതം 2 തട്ടുകളായി പരമാവധി 10 മീ ആഴത്തിൽ മാത്റം ഖനനം ചെയ്യുന്നതിന്നാണ് അനുമതി. മാത്രമല്ല, ഒരു തട്ട് പൂർത്തിയാക്കി RDO, ജിയോളജിസ്റ്റ് എന്നിവർ പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തണം. അതിന്ന് ശേഷം മാത്രമാണ് അടുത്ത ബഞ്ച് നിർമ്മിക്കേണ്ടത്. എന്നാൽ ഇതെല്ലാം ലംഘിച്ച് ' 35-40 മീ ഉയരത്തിൽ ഏതാണ്ട് 90 ഡിഗ്രിയോടടുത്ത് കിഴക്കാം തൂക്കായി ഖനനം ചെയ്തതിനാൽ മറ്റ് കാരണങ്ങൾ കൂടി ചേർന്ന് കവളപ്പാറക്ക് സമാനമായ ഭീമമായ ഉരുൾപൊട്ടൽ ആയി രൂപം കൊള്ളാനും സാധ്യതയുണ്ട്.


45 ഡിഗ്രിയിൽ കൂടുതൽ ചെരിവ് തലത്തിൽ ഖനനം ചെയ്യുന്നത് അപകടങ്ങൾ ഉണ്ടാക്കാം എന്നത് കൊണ്ടാണ് ഉയർന്ന ചെരിവ് തലങ്ങളിൽ ഖനനം അനുവദിക്കാത്തത്. ഇത് കൂടി ചേരുമ്പോൾ ഉരുൾപൊട്ടൽ സാധ്യത പിന്നെയും കൂടുന്നു


നിയമപ്രകാരം ക്വാറി ഉടമ സമർപ്പിക്കുന്ന അപേക്ഷ ജില്ലാ കലക്ടർ അദ്ധ്യക്ഷനായ DEIAA കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച സുദീർഘമായ മാർഗ്ഗ നിർദ്ദേശ രേഖ മാനദണ്ഡമാക്കി സൂക്ഷ്മ പരിശോധന നടത്തേണ്ടതാണ്. എന്നാൽ DEIAA അത്തരം ഒരു പരിശോധന നടത്തിയില്ല. അപേക്ഷ വായിച്ച് നോക്കിയിരിക്കാൻ തന്നെ ഇടയില്ല എന്നാണ് മനസ്സിലാകുന്നത്. ഒരു പക്ഷെ മാർഗ്ഗരേഖയും വായിച്ച് മനസ്സിലാക്കി കാണില്ല. അപേക്ഷ വായിക്കാത്തവർ മാർഗ്ഗരേഖ വായിച്ച് മനസ്സിലാക്കാൻ സാദ്ധ്യത ഏറെ കുറവാണ്.


DElAA യുടെ സൂക്ഷ്മപരിശോധനക്ക് ശേഷം DEAC സ്ഥലം സന്ദർശിക്കേണ്ടതുണ്ട്. സ്ഥലം സന്ദർശിച്ച DEAC അംഗീകൃത മൈനിംഗ് പ്ലാൻ പ്രകാരം വനാതിർത്തിക്ക് 50 മീ. നുള്ളിലും പഞ്ചായത്ത് റോഡ് തന്നെയും ഖനനം ചെയ്യാമെന്ന വസ്തുത പോലും രേഖപ്പെടുത്തുകയോ അത് പ്രകാരം അനുമതി നിഷേധിക്കുകയോ ചെയ്തില്ല.


അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടുന്ന ഒരു രേഖയുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ സമ്മതപത്രം. ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകണം. എന്നിട്ടും സമ്മതപത്റം ലഭ്യമായി.


നമ്മുടെ ബ്രഹത്തായ ജനാധിപത്യ സമ്പ്രദായത്തിൻ കീഴിൽ സമ്മതപത്രങ്ങൾ വിലക്ക് വാങ്ങാൻ പറ്റുന്നതാണ്. അതിന് തയാറില്ലാത്തവരെ സമ്മർദ്ദത്തിലാക്കുകയും ചെയ്യും.


പരപ്പ, പള്ളത്ത് മലയിലെ വെടിമരുന്ന് സൂക്ഷിപ്പ് ശാലക്കടുത്ത് 9.05.17ന് ഒരു അഗ്നിബാധ ഉണ്ടായിരുന്നു. അഗ്നിശമന വകുപ്പിനെ വിവരമറിയിച്ചു. എന്നാൽ പ്രസ്തുത റോഡിലൂടെ അഗ്നിശമന വകുപ്പിൻ്റെ വാഹനത്തിന് അവിടെ എത്തി ചേരാൻ പറ്റിയില്ല. എന്നാൽ പ്രസ്തുത വെടിമരുന്ന് സൂക്ഷിപ്പ് ശാലക്ക് (Magazine) അഗ്നിശമന വകുപ്പ് പരിശോധന നടത്തി അനുമതി നൽകിയതാണ്. പ്രധാനപ്പെട്ട കാര്യം അഗ്നിശമന വകുപ്പിൻ്റെ വാഹനത്തിന്ന് അവിടെ എത്തിചേരാൻ പറ്റണം എന്നാണ്. നമ്മുടെ പണാധിപത്യ സമ്പ്രദായo സാധാരണക്കാരുടെ ജീവന്ന് യാതൊരു വിലയും കൽപ്പിച്ചിട്ടില്ല. പണത്തിന്ന് / മൂലധനത്തിന്ന് ഏത് അപകടമേഖലയിലും ലൈസൻസ് ലഭ്യമായിരിക്കും.


കാസറഗോഡ് ജില്ലാ പരിസ്ഥിതി സമിതി നിയമസഭാ പെറ്റീഷൻ കമ്മിറ്റിക്ക് നൽകിയ പരാതിയിൽ ജില്ലാ ജിയോളജിസ്റ്റ് പരിശോധന നടത്തുകയും യാതൊരു ലംഘനങ്ങളും ഇല്ലെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ആര് എപ്പോൾ ചെന്ന് പരിശോധിച്ചാലും കാണാവുന്ന വസ്തുതകളാണ് ജിയോളജിസ്റ്റ് നിഷേധിക്കുന്നത്. ഒന്നും വരാനില്ലെന്ന് അദ്ദേഹത്തിന്ന് അറിയാം.


ഒരു വിദഗ്ദ പഠനം നടത്തുന്നത് വരെ നിർത്തിവെക്കാൻ 11.06.19 ൻ്റെ ജില്ലാ കലക്ടറുടെ ഉത്തരവ് മറികടക്കുന്നതിന്നായി 2019 സപ്ത. 17 ന് നാലു് ജില്ലാ ജിയോളജിസ്റ്റ് മാരുടെ സംയുക്ത പരിശോധനാ സമയത്ത് വ്യവസ്ഥാ ലംഘനങ്ങളും പതിയിരിക്കുന്ന അപകടങ്ങളും നേരിട്ട് ചൂണ്ടി കാണിച്ച് കൊടുക്കുന്നതിന്ന് വേണ്ടി നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും സ്ഥലത്ത് പ്രവേശിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ജില്ലാ ജിയോളജിസ്റ്റ് അനുവദിച്ചില്ല.ഹൈക്കോടതി ഉത്തരവ് ഉണ്ടെന്നും പോലീസിനെ വിളിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. 


(നിയമപ്രകാരം ഖനനം നടത്താൻ മാത്രമാണ് ഹൈക്കോടതി സംരക്ഷണം നൽകാൻ ആവശ്യപ്പെട്ടത്. നിയമവിരുദ്ധ ഖനനം നടത്തുന്നതിന്നായി പോലീസ് സംരക്ഷണം ലഭ്യമാക്കുന്നത് കോടതിയലക്ഷ്യം തന്നെയാണ്.)


കൂടാതെ ഉടമകളിലൊരാളുടെ നേതൃത്വത്തിൽ ഒരു സായുധസംഘം എന്തിനും തയാറായി നിൽക്കുന്നുമുണ്ടായിരുന്നു. സ്ഥലത്തെത്തിയ പോലീസ് അനുരജ്ഞനശ്രമം നടത്തിയെങ്കിലും ജിയോളജിസ്റ്റ് വഴങ്ങിയില്ല. ഇല്ല,ജിയോളജിസ്റ്റ് വഴങ്ങില്ല, കാരണം അവിടെ നടന്നത് സംയുക്ത പരിശോധനയായിരുന്നില്ല, ജനങ്ങൾക്കെതിരെയുള്ള ഗൂഡാലോചനയായിരുന്നു. മുണ്ടത്തടത്ത് ഒരു ദുരന്തമുണ്ടായാൽ ഒന്നാം പ്രതിയായി വിചാരണ ചെയ്യപ്പെടേണ്ട വ്യക്തിയാണ് ജില്ലാ ജിയോളജിസ്റ്റ്.


കേരള വാട്ടർ അതോറിറ്റിക്ക് ഖനന പ്രദേശത്ത് ഒരു കുടിവെള്ള പദ്ധതി ഉണ്ടായിരുന്നു. യന്ത്രങ്ങളും വൈദ്യുതിയും ഇല്ലാത്ത അപൂർവ്വമായ ഒരു പദ്ധതി. ഖനന പ്രദേശത്ത് ഉണ്ടായിരുന്ന ഒരു തണ്ണീർതടത്തിൽ നിന്നും തൊട്ട് താഴെ നിർമ്മിച്ച ഒരു ടാങ്കിൽ ശേഖരിച്ചു താഴ്ചയിലെ മറ്റൊരു ടാങ്കിലേക്ക് വെള്ളം എത്തിച്ച് വിതരണം ചെയ്തിരുന്ന ഒരു പദ്ധതി. വാട്ടർ അതോറിറ്റി പഞ്ചായത്തിന്ന് കൈമാറിയതാണ്. എന്നാൽ പഞ്ചായത്തിൻ്റെ ആസ്തി രജിസ്റ്ററിൽ അത് ഇല്ലത്രെ. തണ്ണീർതടം നികത്തി അതിന്ന് മുകളിലാണ് ക്രഷർ ഉടമ ക്രഷർ നിർമ്മിച്ചത്.


പഞ്ചായത്ത് രേഖകളിൽ2600 മീ ദൈർഘ്യമുണ്ടായിരുന്നതും അത്രയും ഭാഗം ടാർ ചെയ്തതുമായ പരപ്പ - മുണ്ടത്തടം റോഡ് 2400 മീറ്ററിൽ ക്വാറി ഉടമ റോഡ് ഗെയിറ്റ് വെച്ച് അടയ്ക്കുകയും ഈയടുത്ത് മണ്ണിട്ട് ഉയരത്തിൽ നികത്തുകയും ചെയ്തു. പഞ്ചായത്ത് പറയുന്നത് അത്രയും ഭാഗം സ്വകാര്യ റോഡ് എന്നാണ്. പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ നിന്നും ഇത്രയും ഭാഗം നീക്കം ചെയ്ത് ക്വാറി ഉടമയെ സഹായിക്കുന്നത് എളുപ്പമാകില്ലെന്ന് തോന്നുന്നു. രേഖകളിലൊക്കെ കൃത്രിമത്വം കാണിക്കാൻ പറ്റിയാലും നാട്ടുകാരുടെ ആദിവാസികളുടെ ഓർമ്മ നിങ്ങൾക്ക് മായ്ക്കാൻ പറ്റുമോ?


അംഗീകൃത മൈനിംഗ് പ്ലാൻ പ്രകാരം പഞ്ചായത്ത് നൽകിയ D&O ലൈസൻസ് അവരുടെ തന്നെ ഇരുനൂറോളം മീറ്റർ ഖനനം ചെയ്യാനാണ്. കേരളത്തിൽ സ്വന്തം റോഡ് ഖനനം ചെയ്യാൻ D& O ലൈസൻസ് കൊടുക്കുന്ന ആദ്യത്തെ പഞ്ചായത്ത് ആയിരിക്കും കിനാനൂർ-കരിന്തളം. 


അത്രയും ഭാഗം സ്വകാര്യ റോഡ് ആണെന്ന് പഞ്ചായത്ത് പറയുന്നതിലെ കാര്യം എന്താണെന്ന് നോക്കാം. പഞ്ചായത്ത് റോഡ് ഉണ്ടെങ്കിൽ ഇരുവശത്തും അവസാനത്തിലും 50 മീ ഖനനത്തിന്ന് അകലം പാലിക്കണം. അങ്ങിനെ അകലം പാലിക്കുകയാണെങ്കിൽ നിലവിലെ ഖനന നിയമപ്രകാരം പ്രസ്തുത പ്രദേശത്ത് ഖനനം ചെയ്യാൻ സാദ്ധ്യമല്ല.
ആദിവാസികൾക്കുള്ള വഴി പോലും അടച്ച് കെട്ടിയിട്ട് പഞ്ചായത്ത് യാതൊരു നടപടിയും എടുത്തിട്ടില്ല.


28.12.19 ലെ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ക്വാറി പ്രവർത്തനം സംബന്ധിച്ച് അവസാന തീരുമാനം പഞ്ചായത്തിൽ നിക്ഷിപ്തമാണ്. പഞ്ചായത്തിന് നേരത്തെ പറഞ്ഞത് കൂടാതെ11.06.19 ൻ്റെ ADM റിപ്പോർട്ടിലെ താഴെ പറയുന്ന വസ്തുതകൾ കൂടി പരിഗണിച്ച് തീരുമാനo എടുക്കാവുന്നതാണ്.


1. ചെങ്കുത്തായ മലയുടെ ചെരിവിലാണ് ക്വാറി സ്ഥിതി ചെയ്യുന്നത്.
2. റിസർവ്വ് ഫോറസ്റ്റിൽ നിന്നും പുറപ്പെടുന്ന രണ്ട് ജലസ്രോതസുകൾ കടന്ന് പോകുന്നുണ്ട്.
3. ഭൂമിക്ക് ഉള്ളിൽ നിന്നും ഉത്ഭവിച്ച് ഒഴുകന്ന ഒരു ജലസ്രോതസ്കൾ ഉണ്ട്.
4. ഭീമാകാരമായ ഉരുളൻ കല്ലുകൾ അപകട ഭീഷണി ഉയർത്തി നിൽക്കുന്നു.
5. ഖനനം നടത്തിയത് 5 മീx 5 മീ ബഞ്ച് കട്ടിംഗ് രീതിയിലല്ല
6. പതിനഞ്ച് മീറ്ററും അതിലും ഉയരത്തിലും അപകടകരമായ രീതിയിൽ ഖനനം നടത്തി.
7. കനത്ത കാലവർഷത്തിൽ ജീവനും സ്വത്തിനും സുരക്ഷാ ഭീഷണി ഉള്ളതായി കാണുന്നു.


പാരിസ്ഥിതികാനുമതി പ്രകാരമുള്ള നിബന്ധന ലംഘിച്ചതിനാൽ മേൽനടപടി സ്വീകരിക്കുന്നതിന്നായി സബ്ബ് കലക്ടർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അനുമതി വ്യവസ്ഥ 36 പ്രകാരം ഏതെങ്കിലും വ്യവസ്ഥ ലംഘിക്കപ്പെട്ടാൽ അനുമതി റദ്ദ് ചെയ്യാമെന്നാണ്. സബ്ബ് കലക്ടറുടെ റിപ്പോർട്ട് സഹിതം പരാതിപ്പെട്ടിരുന്നുവെങ്കിലും ജില്ലാ കലക്ടർ നടപടി സ്വീകരിച്ചില്ല.


പഞ്ചായത്ത്, പോലീസ്, ജിയോളജിസ്റ്റ്, ജില്ലാ കലക്ടർ എന്നിവർ ഗുരുതരമായ വ്യവസ്ഥാ ലംഘനങ്ങൾ ഉണ്ടായിട്ടും അപകട ഭീഷണി വ്യക്തമായിട്ടും നിയമവാഴ്ച കാററിൽ പറത്തി പണാധിപത്യവും രാഷ്ടീയ സ്വാധീനവും ചേർന്ന് നിസ്സഹായരായ പരപ്പ - മുണ്ടത്തടം നിവാസികളെ അവരുടെ വിധിക്ക് വിടുകയാണ്. 


സെക്രട്ടറി, ജില്ലാ പരിസ്ഥിതി സമിതി, കാസർഗോഡ്
Mob 9497295895

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment