ഭാരതപ്പുഴയിലെ മണൽക്കടത്തിനെതിരെ എൻഎപിഎം 




തൃശൂർ: തൃശൂർ ജില്ലയിൽ ഭാരതപ്പുഴ ചങ്ങണാംകുന്ന് റെഗുലേറ്ററിൽ നിന്ന് പരിസ്ഥിതി നിയമങ്ങളും കോടതി വിധികളും മറികടന്ന് മണൽഖനനം നടത്തുന്നത് നിർത്തിവെക്കാൻ നിർദ്ദേശിക്കണം എന്ന ആവശ്യം സംബന്ധിച്ച് എൻഎപിഎം കേരള ജലവിഭവ വകുപ്പ് മന്ത്രിക്ക് കത്തയച്ചു. എൻഎപിഎമ്മിന് വേണ്ടി കുസുമം ജോസഫ് ആണ് കത്തയച്ചത്. 


കത്തിന്റെ പൂർണ രൂപം 


പ്രേഷിത

കുസുമം ജോസഫ്
NAPM കേരള


സ്വീകർത്താവ്

ബഹു. ജലവിഭവ വകുപ്പ് മന്ത്രി
കേരള സർക്കാർ


വിഷയം: തൃശൂർ ജില്ലയിൽ ഭാരതപ്പുഴ ചങ്ങണാംകുന്ന് റെഗുലേറ്ററിൽ നിന്ന് പരിസ്ഥിതി നിയമങ്ങളും കോടതി വിധികളും മറികടന്ന് മണൽഖനനം നടത്തുന്നത് നിർത്തിവെക്കാൻ നിർദ്ദേശിക്കണം എന്ന ആവശ്യം സംബന്ധിച്ച്:


സൂചന: 

1.  കേരള നദീതീരസംരക്ഷണവും മണൽവാരൽ നിയന്ത്രണവും നിയമം..2001 , 2002

3. ഹൈക്കോടതി ഉത്തരവ് w. p (C) 3128 dt.30.3.2009

4. സുപ്രീം കോടതി ഉത്തരവ് SLP  NO: 19628- 19629/2009 dt. 20.12.2009

5. NGT ഉത്തരവ് OA 173/2013

6. പ്രിൻസിപ്പൽ സെക്രട്ടറി പരിസ്ഥിതി  A ഉത്തരവ് No:825/ 3/2015/. Evnt.dt. 13. 5. 2015


സർ,

തൃശൂർ ജില്ലയിൽ ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള  ദേശമംഗലം പഞ്ചായത്ത് ഭാഗത്ത്  ഭാരതപ്പുഴയിൽ ചങ്ങണാംകുന്ന് റെഗുലേറ്ററിന്റെ പില്ലറുകളോട് ചേർന്ന് കിടക്കുന്നതുൾപ്പെടെയുള്ള മണൽ ഇന്നലെ ( 24.7 .2020 ,വെള്ളിയാഴ്ച) മുതൽ ഖനനം നടത്തുന്നുണ്ട്. ഈ മണൽ ഖനനം സർവ്വ നിയമങ്ങളും കോടതി ഉത്തരവുകളും ലംഘിച്ചുകൊണ്ടാണ് നടക്കുന്നത്. 


നദികളിൽ നിന്ന് മണൽഖനനം ചെയ്യണമെങ്കിൽ സാന്റ് ഓഡിറ്റ് നടത്തിയിരിക്കണം. പരിസ്ഥിതി ആഘാത പഠനം നടത്തണം. അതിനെ തുടർന്ന് പരിസ്ഥിതി അനുമതി (Environment Clearance - EC) ലഭിച്ചിരിക്കണം. അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ നേതൃത്ത്വത്തിൽ  ജില്ലാ വിദദ്ധ സമിതി ചേർന്ന് കടവ് കമ്മിറ്റിയെ നിയോഗിക്കണം. ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിലാവണം മണൽ ഖനനം നടക്കേണ്ടത്.


പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തി ഖനനം നടത്തുന്നതിന്  സുപ്രീം കോടതിയും ദേശീയ ഹരിത ട്രിബ്യൂണലും ഹൈക്കോടതിയും സംസ്ഥാന സർക്കാരും പുറപ്പെടുവിച്ച ഉത്തരവുകൾ നിലവിലുണ്ടു്.


ഭാരതപ്പുഴയിലെ ചങ്ങണാംകുന്ന് റെഗുലേറ്ററിനു പരിസരത്തു നിന്ന് മണലെടുക്കുന്നത് ഇത്തരം നടപടി ക്രമങ്ങളൊന്നും  പൂർത്തിയാക്കാതെയാണ്.


തൃശൂർ ജില്ലാ കലക്ടർക്ക് വിവരാവകാശ നിയമ പ്രകാരം കൊടുത്ത അപേക്ഷക്ക് അദ്ദേഹം തന്ന മറുപടിയിൽ പറയുന്നത്. ഭാരതപ്പുഴയിൽ നിന്ന് മണൽഖനനത്തിന് ആർക്കും അനുമതി കൊടുത്തിട്ടില്ല എന്നാണ്.


വലിയ പോലീസ് സന്നാഹത്തോടെ ഭാരതപ്പുഴയിലെ ജലപ്രവാഹത്തിലേക്ക് ജെസിബിയും ലോറിയും ഇറക്കി നിർത്തിയാണ് പില്ലറിന്റെ തൊട്ടു താഴെ നിന്ന് ഉൾപ്പെടെ മണൽ കോരുന്നത്.


മണലെടുക്കുമ്പോൾ വാഹനങ്ങൾ നദിയിലേക്ക് ഇറക്കരുത് എന്ന് കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ട്.


പ്രദേശത്തെ തൊഴിലാളികൾക്ക് ലഭിക്കേണ്ട തൊഴിലവസരമാണ് ഇതുമൂലം നഷ്ടപ്പെടുന്നത്.

ഇവിടുത്തെ മണലെടുപ്പിൽ പഞ്ചായത്തിന് എന്തെങ്കിലും വരവ് ഉള്ളതായോ , നിയന്ത്രണാധികാരം ഉള്ളതായോ അറിവില്ല.


ദുരന്തനിവാരണ നിയമത്തിന്റെ പേരിലാണ് മണൽഖനനം നടക്കുന്നത് എന്നറിയുന്നു. ദുരന്തനിവാരണ നിയമമനുസരിച്ച് നദികളിൽ അടിഞ്ഞുകൂടിയ എക്കലും ചളിയും അവശിഷ്ടങ്ങളുമാണ് നീക്കം ചെയ്യേണ്ടത് , മണലല്ല.


ചങ്ങണാം കുന്ന് റെഗുലേറ്റർ നിർമ്മാണം ഭാഗികമായെങ്കിലും പൂർത്തിയാക്കിയത് 2019 ൽ മാത്രമാണ്. 2020ലെ വേനൽക്കാലത്ത് മലമ്പുഴ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് റെഗുലേറ്ററിന്റെ ഷട്ടറുകൾ താഴ്ത്തിയത്.

അതിനർത്ഥം 2018 ലെയോ 2019 ലെയോ പ്രളയാവശിഷ്ടങ്ങൾ റെഗുലേറ്ററിൽ അടിഞ്ഞുകൂടിയിട്ടില്ല എന്നാണ്. 


പമ്പയിൽ നടന്നതിനു സമാനമായ ഒരു മണൽ കൊള്ളയും സാമ്പത്തിക അഴിമതിയുമാണ് ഭാരതപ്പുഴയിലും നടക്കുന്നത്.


ദുരന്തനിവാരണ നിയമത്തിന്റെ മറവിൽ പുഴയിൽ സ്വാഭാവികമായുള്ള മണൽ കടത്തിക്കൊണ്ടുപോവുന്ന പ്രവൃത്തിയാണ് അവിടെ നടക്കുന്നത്.


ജലസേചന കുടിവെള്ള പദ്ധതികൾ , റെയിൽ / റോഡ് പാലങ്ങൾ എന്നിവയുടെ  500 മീറ്റർ ദൂരപരിധിയിൽ നിന്ന് മണൽഖനനം പാടില്ല എന്നാണ് നദീസംരക്ഷണ നിയമത്തിൽ പറയുന്നത്. 


ഷൊർണൂരിൽ കൊച്ചിൻ പാലം എന്നു അറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ പാലം തകർന്നു വീഴാൻ ഇടയായത് അശാസ്ത്രീയവും അനിയന്ത്രിതവുമായി പാലത്തിന്റെ പില്ലറിനു സമീപത്തു നിന്നു വരെ മണൽവാരി എടുത്തതു കൊണ്ടാണെന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ..


പ്രളയ ദുരന്തനിവാരണത്തിന്റെ മറവിൽ ചെയ്യുന്ന തിരക്കിട്ടുള്ള ഈ മണൽക്കടത്ത് സംശയാസ്പദമാണ്. 


ഭാരതപ്പുഴയിൽ ഓരോ തടിയണകൾക്കും താഴെ നീരൊഴുക്ക് അനുവദിക്കാത്തതിനാൽ വലിയ പുൽക്കാടുകളും തിട്ടകളും രൂപപ്പെട്ടിട്ടുണ്ട്. ഇവയാണ് ജലപ്രവാഹത്തിന് പ്രധാന തടസം . പ്രളയജലത്തെ ഒഴുക്കിവിടാനാണെങ്കിൽ  ഈ പുൽക്കാടുകൾ നീക്കം ചെയ്യുകയാണ് ഒന്നാമതായി നടക്കേണ്ടത്‌. അത്തരമൊരു ആലോചന ഭാരതപ്പുഴയുടെ കാര്യത്തിൽ ഒരു ജില്ലാ കലക്ടറും നടത്തിയതായറിയില്ല. പകരം ചളിയും എക്കലും നീക്കാൻ ലഭിച്ച നിർദ്ദേശം ദുരുപയോഗം ചെയ്ത് മണൽക്കൊള്ളക്ക് അവസരം ഒരുക്കുകയാണ്.


നദിയുടെ ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് മണൽ. വിവിധങ്ങളായ ജൈവ വ്യവസ്ഥ പുഴയിൽ ഉണ്ടാവണമെങ്കിൽ മണലിന്റെ സാന്നിധ്യം അനിവാര്യമാണ്. പുഴയോരത്തെ ഭൂഗർഭ ജലനിരപ്പ് ഉയരണമെങ്കിലും പുഴയിലും തീരത്തും മണൽ ആവശ്യമാണ്. വെള്ളത്തിലെ മാലിന്യങ്ങളെ മാറ്റി വെള്ളം ശുദ്ധീകരിക്കുന്ന പ്രവർത്തനം കൂടി മണലിനുണ്ടു്. 


കൊറോണ നിയന്ത്രണങ്ങൾ നിലനിൽക്കെ ജനങ്ങൾക്ക് പ്രതിഷേധിക്കാനോ സമരം ചെയ്യാനോ ഉള്ള അവകാശങ്ങൾ എടുത്തു നീക്കിയതിനു ശേഷം ഇത്തരം നിയമ ലംഘന പ്രവർത്തനങ്ങൾ സർക്കാർ അനുമതിയോടെ നടക്കുന്നത് പ്രതിഷേധാർഹമാണ്.


തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിനു പരിസരത്തു നിന്ന് മണൽതിട്ട നീക്കാൻ ശ്രമമുണ്ടായപ്പോൾ പ്രാദേശികമായി പരിസ്ഥിതി പ്രവർത്തകർ എതിർക്കുകയും ( അന്നത്തെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ) പ്രകടനം നടത്തുകയും ചെയ്തു. അതിനെ തുടർന്ന് നിയമാനുസൃതം പഠനം നടത്തിയ ശേഷം മാത്രം മണൽഖനനം മതിയെന്ന് തീരുമാനിച്ച് നിർത്തിവെച്ചതായറിയുന്നു.


വെള്ളിയാങ്കല്ലിലെ അതേ നിയമ സാഹചര്യങ്ങളാണ് ചങ്ങണാംകുന്ന് റെഗുലേറ്ററിലും നിലനിൽക്കുന്നത്. പക്ഷെ കോവിഡ് മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കിയതിനാൽ ഈ നിയമ ലംഘനത്തെ എതിർക്കാൻ ജനാധിപത്യത്തിലും നിയമ വ്യവസ്ഥയിലും വിശ്വസിക്കുന്ന ഞങ്ങൾക്ക് പ്രയാസമുണ്ട്.


അതിനാൽ നിയമാനുസൃതമുള്ള പഠനങ്ങൾക്കും അനുമതികൾക്കും ശേഷം മാത്രമേ മണലെടുക്കാവൂ എന്നും ഇപ്പോൾ നടക്കുന്ന അശാസ്ത്രീയവും അന്യായവുമായ മണൽഖനനം ഉടനടി അവസാനിപ്പിക്കണമെന്നും NAPM ആവശ്യപ്പെടുന്നു.


വിശ്വസ്തതയോടെ

കുസുമം ജോസഫ്
ചോലയാർ

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment