ദേശീയ ഹരിത ട്രൈബ്യൂണൽ - കേരള ഹൈക്കോടതി വിധികളും ഖനനവും : ഭാഗം 1




പാറ ഖനന വിഷയത്തിൽ കേരള ഹൈക്കോടതി ഡിസംബർ 21 ന് പുറപ്പെടുവിച്ച വിധി പരിസ്ഥിതി രംഗത്ത് കൂടുതൽ ചർച്ചകൾക്കും സമരങ്ങൾക്കും അവസരമൊരു ക്കുവാൻ സഹായകരമാണ്. 2020 ജൂലൈ 21 ലെ ദേശീയ ഹരിത ട്രൈബ്യൂണൽ വിധി കേരളത്തെ സംബന്ധിച്ച് ആശ്വാസകരമായിരുന്നു എങ്കിലും അതിൻ്റെ ഫലം ലഭ്യമാകുവാൻ കുറേ കൂടി കാത്തിരിക്കേണ്ടി വരും എന്നതാണ് യാഥാർത്ഥ്യം. സംസ്ഥാനത്തെ സ്ഫോടനം നടത്തി കൊണ്ടുള്ള ഖനനങ്ങൾക്ക് വാസ ഇടങ്ങളിൽ നിന്നും 200 മീറ്റർ ദൂരം പാലിക്കണമെന്ന ആവശ്യം ശാസ്ത്രീയമായി ഉയർത്തുവാൻ പതിനാലാം കേരള നിയമസഭാ പരിസ്ഥിതി സമിതിയും തയ്യാറായിട്ടുള്ളതാണ്.


പാലക്കാട് ജില്ലയിലെ കൊന്നയ്ക്കൽ കടവ് നിവാസികൾ ശ്രീ. M. ഹരിദാസിൻ്റെ നേതൃത്വത്തിൽ 13/2/2019 ൽ ബഹു.പ്രധാനമന്ത്രിക്കും ദേശീയ ഹരിത ട്രൈബ്യൂണലിനും നൽകിയ പരാതിയെ മാനിച്ച് ജൂലൈ മാസം 21 ന് , ട്രൈബ്യൂണൽ എടുത്ത തീരുമാനത്തെ തള്ളിക്കളയുവാൻ കേരള ഹൈകോടതി തയ്യാറായിട്ടില്ല. എന്നാൽ പ്രസ്തുത വിധി നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ടവരുടെ കൂടി വാദത്തെ കേൾക്കുവാൻ അവസരം ഉണ്ടാക്കി കൊണ്ട് ഹരിത ട്രൈബ്യൂണലിന് ഉചിതമായ തീരുമാനത്തിലെത്താം എന്നാണ് ഡിസംബർ 21 ന് സംസ്ഥാന ഹൈക്കോടതിയുടെ വിധി. ഫലത്തിൽ ജൂലൈ 21 ലെ ഹരിത ട്രൈബ്യൂണൽ തീരുമാനം ഏട്ടിലെ പശുവായി നമ്മുടെ മുന്നിൽ നില ഉറപ്പിച്ചിരിക്കുന്നു. 


നമ്മുടെ കോടതികൾ Procedural Institute പട്ടികയിൽ ഉൾപ്പെട്ടവയാണ്. കൃത്യമായ ചിട്ട വട്ടങ്ങൾ പാലിച്ച്, വിവിധങ്ങളായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിധികൾ ഉണ്ടാകുന്നതിൻ്റെ ഒട്ടേറെ ഗുണങ്ങൾ സമൂഹം അനുഭവിക്കുന്നുണ്ട്. കോടതി പറയും പോലെ വൈകി വരുന്ന നീതി ,നീതി നിഷേധമാണെന്ന നിലപാട് ഏറ്റവും അർത്ഥ സമ്പന്നമാകുന്നത് പ്രകൃതി വിഭവങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിലാണ്. കോടതികൾ തന്നെ പ്രസ്തുത യാഥാർത്ഥ്യത്തെ മറന്നു പോകുന്ന അവസ്ഥ അനാരോഗ്യകരവും ജ്യുഡീഷറിയുടെ മതിപ്പു കുറയ്ക്കുന്നതുമായിരിക്കും.


കേരളത്തിലെ പാറ ഖനനത്തെ പറ്റിയുള്ള ആകുലതകൾ ശക്തമായിട്ട് കാൽ നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു.അതുമായി ബന്ധപ്പെട്ട 2014ലെ കേരള സംസ്ഥാന നിയമ സഭ പരിസ്ഥിതി റിപ്പോർട്ട് തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു ഇത്തരം കണ്ടെത്തലുകളെ കോടതികൾ വേണ്ട വണ്ണം പരിഗണിച്ചിരുന്നു എങ്കിൽ ഗോവയിലെ ഇരുമ്പു ഖനനവുമായും  മേഘാലയയിലെ കൽക്കരി ഖനനവുമായി ബന്ധപ്പെട്ടും ഉണ്ടായ സുപ്രീം കോടതിക്കു സമാനമായ ഇടപെടൽ കേരള ഹൈ കോടതിയിൽ നിന്നും ഉണ്ടാകേണ്ടിയിരുന്നു.അങ്ങനെ ഒന്നും സംഭവിക്കാതെ,ദേശീയ ഹരിത ട്രൈബ്യൂണൽ വിധി വന്ന് ഒരാഴ്ച്ചക്കകം പ്രസ്തുത വിധി സ്റ്റേ ചെയ്യുകയും 5 മാസമെടുത്ത് വിഷയത്തിൽ കൂടുതൽ വ്യക്തത വേണമെന്നു സിംഗിൾ ബഞ്ച് തീരുമാനിക്കുകയും ചെയ്യുമ്പോൾ ,നിലവിലെ ഖനന പ്രവർത്തനം തുടരുവാൻ അവസരം ഒരുങ്ങുകയായിരുന്നു.വരും ദിവസങ്ങളിൽ ദേശീയ ഹരിത ട്രൈബ്യൂണൽ തങ്ങളുടെ തീരുമാനത്തെ ശരി വെക്കുകയും സുപ്രീം കോടതി അത് അംഗീകരിക്കു കയും ചെയ്താൽ , ജൂലൈ 21 ന് ശേഷം തകർക്കപ്പെട്ട മല നിരകളെ പുനസ്ഥാപിച്ചു നൽകുവാൻ കേരള ഹൈക്കോടതിക്കു കഴിയുമോ ? കഴിയില്ല എന്നിരിക്കെ കോടതി 200 മീറ്റർ ദൂരത്തിനു താഴെ പ്രവർത്തിക്കുന്ന ഖനന പ്രവർത്തനങ്ങൾ അവസാന തീരുമാനത്തിൽ എത്തുംവരെ നിർത്തി വെക്കുവാൻ ശ്രമിക്കേണ്ടിയിരുന്നു.


കേരള സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന മലിനീകരണ ബോർഡിനോട്  ദേശീയ ഹരിത ട്രൈബ്യൂണൽ ,ഖനന ദൂരം 50 മീറ്ററായി ചുരുക്കിയത് എന്തു കൊണ്ടാണ് എന്ന 6/5/2019 ചോദ്യത്തിന്  കൃത്യമായ ഉത്തരം നൽകുവാൻ കഴിഞ്ഞില്ല.(ഉത്തരം നൽകിയത് 10/7/2019 ൽ ).ദേശീയ ഹരിത ട്രൈബ്യൂണൽ, 50 മീറ്ററിനു മുകളിലെ ഖനനത്തിൻ്റെ ആഘാതം കുറവല്ല എന്ന് 9/10/2019 ൽ വ്യക്തമാക്കിയിട്ടുണ്ട്.


കേരളത്തിൽ 13.06.2007 മുതൽ ഖനനത്തിന് 100 മീറ്റർ ദൂര പരിധി എന്ന തീരുമാനത്തെ 20/7/2011ൽ എല്ലാ ക്വാറികൾക്കും ബാധകമാക്കുവാൻ കേരള സർക്കാർ തയ്യാറായി.എന്നാൽ 6/8/2014ൽ ദൂരം 50 മീറ്ററാക്കി ചുരുക്കുകയായിരുന്നു.2016 ലെ പിണറായി സർക്കാർ ദൂരം 100 മീറ്ററായി ഉയർത്തിയ ശേഷം, 10/10/2017 ൽ അവർ പഴയ 50 മീറ്റർ ദൂരത്തിലെക്കു മടങ്ങിപോകുവാൻ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ നിർദ്ദേശ പ്രകാരം തീരുമാനിച്ചു. കേരള മലിനീകരണ ബോർഡ് 50 മീറ്റർ അകലത്തിൽ ഖനനങ്ങൾ അനുവദിക്കുമ്പോൾ ,അതിൻ്റെ ഭാഗമായി ഖനന രംഗത്തു കൈ കൊള്ളേണ്ട 14 മുൻ കരുതലുകളെ പറ്റി ഹൈക്കോടതി തന്നെ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിപ്രകാരമാണ്.


1. ശാസ്ത്രീയമായ ഖനന രീതികൾ മാത്രമെ അവലംബിക്കാവൂ.


2. മൈനിംഗ്-ജിയോളജി വകുപ്പിനെ ശക്തിപ്പെടുത്തുക.


3. ഖനന ലൈസൻസ്സ് ദീർഘകാലത്തെക്ക് അനുവദിക്കുക.


4. മൈനിംഗ് പ്ലാനുകൾ വിശദമായി ലൈസൻസ് ലഭിക്കുന്ന സമയത്ത് ഉണ്ടാകണം.


5. മൈൻ മാനെജരുടെ സാനിധ്യത്തിലെ ഖനനം നടത്താവു.(certified by Directorate General of Mines Safety).


6. വെള്ളം നനച്ച തുരക്കൽ മാത്രം നടത്തണം.(Wet Drilling) 


7. ഖനനം നടത്തുന്ന ആൾ ലൈസൻസ്സിൻ്റെ കോപ്പി Directorate General of Mines Safety ക്കു നൽകണം.


8. പൊടി നിയന്ത്രിക്കുവാൻ എല്ലാ ഘട്ടത്തിലും Sprinkler സംവിധാനം ഉപയോഗിക്കണം.


9. പൊട്ടിക്കലിന് പരമാവധി 2 Kg വരെ സ്ഫോടന വസ്തുക്കൾ ഉപയോഗിക്കാം. DGMS ൻ്റെ അനുവാദം ഉണ്ടാകണം.


10. Shock tube detonation സംവിധാനം നടപ്പിലാക്കൽ.


11. ജല കാർട്ടിഡ്ജുകൾ ശരിയായ ദൂരത്തിലുപയോഗിച്ച് മാത്രം ഖനനം. 


12. പൊടി പടലങ്ങളെ പിടിച്ചെടുക്കുന്ന തുരക്കൽ മെഷിനുകൾ ഉപയോഗിക്കൽ.


13. വലകളും പൊടിപടലങ്ങളെ പിടിക്കുന്ന Sand Bagകളും സ്ഥാപിക്കൽ.


14. കംപ്രസർ മെഷിൻ ശബ്ദരഹിതമായിരിക്കൽ.


മുകളിൽ പറഞ്ഞ 14 കാര്യങ്ങൾ നടപ്പിലാക്കിയാണ് കേരളത്തിലെ ഖനനങ്ങൾ നടത്തുന്നതെന്നാണ് കേരള മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിനു നൽകിയ വിശദീകരണം. ആയതിനാൽ 50 മീറ്റർ ഖനനം കേരള പരിസ്ഥിതിക്ക് ദുരന്തങ്ങൾ വരുത്തിവെക്കുന്നില്ല എന്നും വ്യക്തമാക്കി. പ്രസ്തുത വിശദീകരണത്തെ ദേശീയ ഹരിത ട്രൈബ്യൂണൽ അംഗീകരിച്ചില്ല. പകരം ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിനോട് കേരളത്തിലെ പാറ ഖനനത്തിൽ ശാസ്ത്രീയമായ നിർദ്ദേശങ്ങൾ അവതരിപ്പിക്കുവാൻ അവർ ആവശ്യപ്പെട്ടു. ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ ശാസ്ത്രീയ ഉപദേശമായിരുന്നു കേരളത്തിലെ സ്ഫോടനം ഉപയോഗിച്ചുള്ള ഖനനത്തിനുള്ള ദൂരം കുറഞ്ഞത് 200 മീറ്റർ വേണമെന്നുള്ളത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment