ദേശീയ ഹരിത ട്രൈബ്യൂണൽ - കേരള ഹൈക്കോടതി വിധികളും ഖനനവും: ഭാഗം 2




സംസ്ഥാന മലിനീകരണ ബോര്‍ഡിന്‍റെ തീരുമാന പ്രകാരം കേരള സര്‍ക്കാര്‍ ഖനന ദൂരം 50 മീറ്റര്‍ ആക്കുമ്പോള്‍, അതിനുള്ള 14 മുന്‍ കരുതലുകളെ പറ്റി കേരള ഹൈകോടതിക്ക് അറിവുള്ളതാണ്. ഇവ നടപ്പിലാക്കപ്പെടുന്നില്ല എന്നു കോടതിക്കു ബോധ്യപ്പെടുവാൻ എളുപ്പം കഴിയേണ്ടതായിരുന്നു. അതിനുള്ള ശ്രമങ്ങൾ കോടതി നടത്തിയില്ല. സംസ്ഥാന മലിനീകരണ ബോർഡിൻ്റെ വിവണങ്ങളില്‍ നേരത്തെ തന്നെ തൃപ്തി കാട്ടാതിരുന്ന ദേശിയ ഹരിത ട്രൈബ്യൂണല്‍, സംസ്ഥാന അഭിപ്രായത്തെ വിശ്വാസത്തിലെടുക്കാതെ കേന്ദ്ര മലിനീകരണ ബോര്‍ഡില്‍ നിന്നും വിവരങ്ങള്‍ തേടി. അമേരിക്കയിലെ സമാന ഖനനങ്ങള്‍ പൊതു ഇടങ്ങളില്‍ നിന്നും 93 മീറ്റര്‍ അകലം പാലിക്കണം എന്ന് പറയുമ്പോള്‍, ശബ്ദവും സ്ഫോടനവും നിയന്ത്രിതമായി ഉണ്ടാക്കി (മരടില്‍ കണ്ട രീതിയിലുള്ള)  കൊണ്ടാണ് പ്രവർത്തനം നടത്തി വരുന്നത് എന്ന് ദേശീയ ട്രൈബ്യൂണൽ ശ്രദ്ധിച്ചിരുന്നു.


രാജ്യത്തെ ഖനനങ്ങളെ പറ്റിയുള്ള പ്രാഥമിക നിയമത്തില്‍ (കേന്ദ്ര ഖനന നിയമം,1957) 500 മീറ്റര്‍ ദൂരം വിട്ടു വേണം ഖനനങ്ങള്‍ എന്ന് പറയുന്നു. സംസ്ഥാന നിയമ നിര്‍മ്മാണ സഭകള്‍ ഉണ്ടാക്കിയ നിയമങ്ങളുടെ ബലത്തില്‍ ദൂര പരിധി വ്യത്യസ്ഥമായി തീരുമാനിക്കപെട്ടു. ഓരോ സംസ്ഥാനവും അവരവരുടെ ചുറ്റുപാടുകളുടെ  അവസ്ഥ, ജനസാന്ദ്രത മുതലായ വിഷയങ്ങളെ പരിഗണിച്ചു കൊണ്ട് ഖനനത്തിന് അവസരം ഒരുക്കിയത്. അങ്ങനെ ജമ്മു കശ്മീര്‍ ഖനനങ്ങള്‍ക്ക് 500 മീറ്റര്‍ എന്ന് തീരുമാനിച്ചു. മഹാരാഷ്ട്ര, കര്‍ണ്ണാടക, തമിഴ്നാട് മുതലായ ഇടങ്ങളില്‍ ഖനന ദൂരം 250 മീറ്റര്‍ എന്നാണ്. ബംഗാളില്‍ റെയില്‍ ലൈന്‍ മുതലായ ഇടങ്ങളില്‍ നിന്നും ദൂരം  5 km എന്ന് തീരുമാനിച്ചു.


രാജ്യത്തെ ജനസാന്ദ്രത ഇരട്ടിയുള്ള കേരളത്തില്‍ പശ്ചിമ ഘട്ടം ലോകത്തെ തന്നെ പ്രധാന പരിസ്ഥിതി കലവറയായി ഉണ്ട്. അങ്ങനെയുള്ള നാട്ടില്‍ ഖനനം 50 മീറ്റര്‍ കടന്നാല്‍ മതി എന്ന വിശദീകരണം അംഗീകരിക്കുവാന്‍ ഹരിത ട്രൈബ്യൂണല്‍ തയ്യാറായില്ല. ദേശിയ മലിനീകരണം ബോര്‍ഡ് നല്‍കിയ നിർദേശം ഏതൊരു ശാസ്ത്ര വിദ്യാര്‍ഥിക്കും മനസ്സിലാക്കാന്‍ കഴിയുന്നതാണ്. സ്ഫോടനം നടത്തിയുള്ള ഖനനം 200 മീറ്റര്‍ വിട്ടു വേണം. സ്ഫോടനം ഇല്ലാതെയാണെങ്കില്‍ അത് 100 മീറ്റര്‍ കഴിഞ്ഞാകാം. അപകടം നിറഞ്ഞ പ്രദേശമായി ഖനനം നടക്കുന്ന 500 മീറ്ററിനുള്ളില്‍ വരുന്ന ഇടങ്ങളെ പരിഗണിക്കണം.  


ദേശിയ ട്രൈബ്യൂണല്‍ തീരുമാനത്തെ എതിര്‍ക്കുവാന്‍ ഖനന രംഗത്തെ മുതാളിമാര്‍ ശ്രമിക്കുമെന്നത് ആര്‍ക്കും മനസ്സിലാക്കുവാന്‍ കഴിയും. സംസ്ഥാന സര്‍ക്കാര്‍ ഖനനങ്ങളുടെ യുക്തി രാഹിത്യം ബോധ്യപെടാതെ ദേശിയ ഹരിത ട്രൈബ്യൂണല്‍ വിധിയെ ചോദ്യം ചെയ്യുമ്പോള്‍ അതിനുള്ള കാരണം വ്യക്തമാണ്‌. 2014 മുതലുള്ള വിവിധ നിയമസഭാ പരിസ്ഥിതി സമിതികളുടെ അഭിപ്രായങ്ങള്‍ എല്ലാം ഖനന രംഗത്തെ നിയമ ലംഘനങ്ങളെ വെളിച്ചത്തു കൊണ്ടുവരുവാന്‍ മടിച്ചില്ല. ഏറ്റവും പുതിയ സമിതി റിപ്പോര്‍ട്ട്‌ ഖനനം കുറഞ്ഞത്‌ 200 മീറ്റര്‍ ദൂരത്ത്‌ മാറി മാത്രമെ നടത്താവൂ എന്ന് സർക്കാരിനോടു നിര്‍ദേശിക്കുകയാണ്.


നമ്മുടെ കോടതികള്‍ പരിസ്ഥിതി വിഷയത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്നതിന് തെളിവാണ് ദേശിയ ട്രൈബ്യൂണല്‍ വിധിയില്‍ കൈകൊണ്ട മെല്ലെ പോക്കും ഒപ്പം വിധി നടപ്പിലാക്കുവാന്‍ അവസരം നല്‍കാതെ കോടതി എടുത്ത തീരുമാനവും. ദേശിയ ഹരിത ട്രൈബ്യൂണല്‍ എന്തുകൊണ്ട് ബന്ധപെട്ട എല്ലാവരെയും കേട്ടില്ല എന്ന അഭിപ്രായം കോടതി പറയുകയുണ്ടായി. ചെന്നൈ ബഞ്ച് കേള്‍ക്കേണ്ട വിഷയത്തില്‍ ദല്‍ഹി ബഞ്ച് ഇടപെട്ടതിനെ അവർ പരാമര്‍ശിച്ചു. എന്നാല്‍ പരിസ്ഥിതി വിഷയത്തില്‍ ട്രൈബ്യൂണല്‍ എടുക്കുന്ന തീരുമാനത്തെ തള്ളി കളയുവാന്‍ കോടതി ശ്രമികാതെ തീരുമാനം ഒരിക്കല്‍ കൂടി ബന്ധപെട്ടവരുടെ സാനിധ്യത്തില്‍ ഉണ്ടാകണം എന്നാണു കോടതി പറയുന്നത്.


ജൂലൈ 21 ന് ദേശിയ ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച വിധിയില്‍ അഭിപ്രായം പറയുവാന്‍ കേരള ഹൈക്കോടതി 5 മാസങ്ങള്‍ എടുത്തിരുന്നു. ഒരിക്കല്‍ കൂടി ദേശിയ ട്രൈബ്യൂണല്‍ വിഷയത്തില്‍ ഇടപെടണം എന്ന് ഹൈകോടതി ആവശ്യപ്പെടുമ്പോള്‍, കേരളത്തില്‍ നടക്കുന്ന നിയമ ലംഘനങ്ങളെ പരിഗണിക്കുവാന്‍ ജഡ്ജി തയ്യാറായിട്ടില്ല. പുതിയ ഖനനങ്ങള്‍ക്കും ലൈസന്‍സ് പുതുക്കുന്നവക്കും 200 മീറ്റര്‍ ബാധകമായിരിക്കും എന്ന് പറയുന്ന കോടതി, അവയുമായി ബന്ധപ്പെട്ട പേപ്പര്‍ പണികള്‍ തുടരാം എന്ന് പറയുന്നു. ഹരിത ട്രൈബ്യൂണല്‍ മുന്നോട്ടു വെച്ച ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഖനന വിഷയത്തില്‍ വൈധക്ത്യമില്ലാത്ത സംസ്ഥാനത്തെ മുഖ്യ കോടതി, 200 മീറ്ററില്‍ കുറവ് ദൂരത്തുള്ള ഖനനങ്ങള്‍ നിര്‍ത്തിവെപ്പിച്ചിട്ട് വിഷയത്തില്‍ ഇടപെടുവാന്‍ ദേശിയ ട്രൈബ്യൂണലിനോട് ആവശ്യപെടാമായിരുന്നു. പൊളിച്ചു കടത്തുന്ന മലകളും കുന്നുകളും തകര്‍ത്തു കഴിഞ്ഞാല്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിക്കുവാന്‍ കഴിയില്ല എന്ന് ആര്‍ക്കാണ്‌ അറിയാത്തത്. കോടതിയുടെ, പാറ മുതലാളിമാരുടെ അവകാശങ്ങള്‍ ഭരണഘടനയുടെ 21 ആം അനുച്ഛേദം വഴി സംരക്ഷിക്കപെടണം എന്ന നിലപാട്, പാറ ഖനനത്താല്‍ ജിവിതം വഴി മുട്ടിയ പതിനായിരങ്ങളോടെ ഇതുവരെ കാട്ടിയിട്ടില്ല. 


മൂന്നര കോടി യോളം മലയാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട കേരള സര്‍ക്കാരിന് സംസ്ഥാനത്തെ 1000 ത്തില്‍ താഴെ വരുന്ന പാറ മുതലാളമാരുടെയും അദാനിയുടെയും ബുദ്ധി മുട്ടുകളെ പരിഗണിക്കുവനാണ് ബധ ശ്രദ്ധ. ഹരിത ട്രിബ്യൂണല്‍ വിധി നടപ്പിലാക്കുവാന്‍ കഴിയും വിധം എത്രയും പെട്ടന്ന് നിയമപരമായ പോരാട്ടങ്ങള്‍ സംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. അതിനൊപ്പം  സര്‍ക്കാരിന്‍റെ ഖനനത്തിനോടുള്ള അശാസ്ത്രീയ നിലപാടുകള്‍ തിരുത്തി ജൂലായ്‌ 21 ലെ ദേശിയ ഹരിത ട്രൈബ്യൂണല്‍ വിധി ശരിക്കുവാൻ കേരള സർക്കാരിനെ നിര്‍ബന്ധിക്കുന്ന പ്രക്ഷോഭങ്ങള്‍ സജീവമാക്കേണ്ടിയിരിക്കുന്നു. 


ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക: ദേശീയ ഹരിത ട്രൈബ്യൂണൽ - കേരള ഹൈക്കോടതി വിധികളും ഖനനവും : ഭാഗം 1

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment