നാട്ടറിവ് പഠനക്കളരിയുടെ ഓൺലൈൻ ക്ലാസിന് തുടക്കമായി




മൂഴിക്കുളം ശാല നാട്ടറിവ് പഠനക്കളരിയുടെ ഓൺലൈൻ ക്ലാസ് ഏപ്രിൽ 14 ന് രാത്രി ഏഴു മണിക്ക് ആരംഭിച്ചു. കാർഷിക മാസത്തിൽ വിഷുദിനത്തിൽ അശ്വതി ഞാറ്റുവേലയിലായിരുന്നു ഞാറ്റുവേലക്കൃഷിയെക്കുറിച്ചുള്ള ആദ്യ ക്ലാസ് എന്നത് ഏറ്റവും അർത്ഥവത്തായി തോന്നി. മഴയ്ക്കു ശേഷം വിളവിറക്കാൻ നില മൊരുക്കുന്നതു പോലെ ഈ ക്ലാസുകളും ഒരു മുന്നൊരുക്കമാണ്, മണ്ണിലും മനസ്സിലും ആണ്ടു കിടക്കുന്ന അറിവിടങ്ങളെ പുനരുജ്ജീവിപ്പിക്കാൻ..


പഠനക്കളരിയുടെ നെടുംതൂണായ പ്രേംകുമാർ മാഷിനോടൊപ്പം കില ഫാക്വൽറ്റി മെമ്പറും നാട്ടറിവ് പഠനപ്രവർത്തകനുമായ വി. കെ ശ്രീധരൻ മാഷ്, കേരള ജൈവകർഷക സമിതി മുൻ പ്രസിഡൻ്റ് ചന്ദ്രൻ മാസ്റ്റർ, നാട്ടറിവ് പഠനക്കളരിയോടൊപ്പം പ്രവർത്തിക്കുന്ന മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം അദ്ധ്യാപകൻ ഡോ. എം. എച്ച് രമേഷ് കുമാർ എന്നിവരും ആദ്യ ഓൺലൈൻ ക്ലാസിൽ പങ്കാളികളായി. പഠിതാക്കൾക്കും നാട്ടറിവ് വിദഗ്ധർക്കും സ്വാഗതമാശംസിച്ചുകൊണ്ട് സംസാരിച്ച പ്രേംകുമാർ മാഷ് പഠനക്കളരിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും കോഴ്സ് ഘടനയെക്കുറിച്ചും പഠനസഹായക ഗ്രന്ഥങ്ങളെക്കുറിച്ചും വിശദീകരിക്കുകയുണ്ടായി. ഓൺലൈൻ ക്ലാസിൻ്റെ അനൗപചാരിക ഉദ്ഘാടനം നിർവ്വഹിച്ചത് കോഴ്സ് ഡയറക്ടർ കൂടിയായ ശ്രീധരൻ മാഷായിരുന്നു. വിഷുദിനാശംസകൾ നേർന്നു കൊണ്ട് സംസാരിച്ച ശ്രീധരൻ മാഷ് പഠന പരീക്ഷണ നിരീക്ഷണങ്ങളിലൂടെ മുന്നോട്ട് പോകേണ്ട പങ്കാളിത്ത ഗവേഷണ പരിപാടിയെക്കുറിച്ചുള്ള ആശയങ്ങൾ പഠിതാക്കളുമായി പങ്കുവച്ചു. അമ്മൂമ്മ വൈദ്യത്തിൻ്റെ അനുപമ മാതൃകകൾ ചൂണ്ടിക്കാട്ടിയും ദിനാന്തരീക്ഷ സ്ഥിതിയുടേയും കൃഷി നിരീക്ഷണത്തിൻ്റേയും പ്രാധാന്യം  എടുത്തു പറഞ്ഞും ശ്രീധരൻ മാഷ് പഠനക്കളരിയുടെ സാധ്യതകൾ പഠിതാക്കൾക്കു മുന്നിൽ തുറന്നിട്ടു.


അശ്വതി ഞാററുവേലയെക്കുറിച്ചുള്ള ക്ലാസ് നയിച്ചത് ചന്ദ്രൻ മാസ്റ്ററായിരുന്നു. സ്നേഹാർദ്രമായ വിഷു ആശംസകൾ നേർന്നു കൊണ്ട് ആരംഭിച്ച ചന്ദ്രൻ മാസ്റ്റർ കാലം ആവശ്യപ്പെടുന്ന ഒന്ന് എന്നാണ് നാട്ടറിവ് പഠനക്കളരിയെ വിശേഷിപ്പിച്ചത്. 'സമഗ്രമായ പ്രകൃതി വായനയ്ക്കനുസരിച്ച് കൃഷിയെ ജീവിതത്തിൻ്റെ ഭാഗമാക്കി മുന്നോട്ടു പോയതിൻ്റെ ഫലമാണ് ഞാറ്റുവേലക്കൃഷി, ഇത് കാർഷിക ജീവിതവ്യവസ്ഥയാണ്.' നാട്ടുവിത്തുകളുടെ അതിജീവന ശേഷിയെക്കുറിച്ചും കാലാനുസൃത വിളകളുടെ ഭക്ഷണ മൂല്യത്തെക്കുറിച്ചും അനുഭവസാക്ഷ്യങ്ങൾ നിരത്തിയാണ് ചന്ദ്രൻ മാസ്റ്റർ വിവരിച്ചത്. അശ്വതി ഞാറ്റുവേലയിലെ നെൽക്കൃഷിയും പറമ്പുകൃഷിയും വർഷകാല പച്ചക്കറികളുടെ നഴ്സറി തയ്യാറാക്കലും. കൈത്തഴക്കമുള്ള കൃഷിക്കാരൻ മാസ്റ്ററുടെ വാക്കുകളിൽ തെളിഞ്ഞു നിന്നു.


കോഴ്സിൻ്റെ ഭാഗമായ പ്രബന്ധരചനയ്ക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകിയത് രമേഷ് മാഷായിരുന്നു. ബദൽജീവിത സാധ്യതകളെ അന്വേഷിക്കുന്നവയാകണം ഓരോ പ്രബന്ധവും എന്ന മാഷിൻ്റെ വാക്കുകൾ ഗവേഷകൻ്റെ സാമൂഹികമായ ഉത്തരവാദിത്ത്വത്തെ ഉയർത്തിക്കാട്ടി.


രണ്ടു മണിക്കൂറിലധികം നീണ്ട നാട്ടറിവ് പഠനക്കളരിയുടെ ആദ്യ ഓൺലൈൻ ക്ലാസ് അവസാനിപ്പിക്കുമ്പോൾ 'ചരിത്രഗതിയെ നിയന്ത്രിക്കുന്ന നിർണ്ണായക നിമിഷം എന്ന നിലയിൽ അടയാളപ്പെടുത്തപ്പെടാൻ പോകുന്ന ഉദ്യമം' എന്നാണ് ശ്രീധരൻ മാഷ് വിശേഷിപ്പിച്ചത്.


റിപ്പോർട്ട്: ധന്യ ആലുവ

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment