മൊസാംബിക്ക് കേരളത്തിന് നൽകുന്ന പാഠം




തെക്കന്‍ കിഴക്കന്‍ ആഫ്രിക്കയില്‍ കഴിഞ്ഞ ആഴ്ച്ചയില്‍ ആഞ്ഞടിച്ച idia എന്ന കൊടും കാറ്റ് ഏറ്റവും അധികം നാശ നഷ്ടങ്ങള്‍ വരുത്തി വെച്ച ഒരു രാജ്യം   മൊസംബിക്കായിരുന്നു. മലാവി, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിലും കാറ്റും മഴയും വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കി. 300 mm മഴയും ഒപ്പം 160 km ലധികം വേഗത്തില്‍ വീശിയടിച്ച കാറ്റും 25 ലക്ഷം ആളുകളെ ബുദ്ധിമുട്ടിലാക്കി.പതിനായിരക്കണക്കിന്  വീടുകള്‍ പൂര്‍ണ്ണമായും അതിലുമധികം  വീടുകള്‍ ഭാഗികമായും തകര്‍ന്നു. മലാവിയില്‍ 2.5 ലക്ഷം ആളുകള്‍ക്ക്  വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നു. 8 ലക്ഷം ആളുകളെ കാലാവസ്ഥ പ്രതിഭാസം ദുരിതത്തില്‍ എത്തിച്ചു. സിംബാവെയിലും കാറ്റ് വീശിയടിച്ചു.


മൊസാംബിക്കിലെ 4.15 ലക്ഷം ഏക്കര്‍ കൃഷി പൂർണ്ണമായും ഒലിച്ചുപോയി.അവിടെ ഉണ്ടായ മരണം 1000 ലധികമാണ്. പുനര്‍ നിര്‍മ്മാണത്തിനായി 1.6 കോടി ഡോളര്‍ വേണ്ടി വരും. പട്ടിണി കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന രാജ്യത്ത് ഉണ്ടായ ദുരന്തം കൂടുതല്‍  പ്രതിസന്ധികള്‍ രൂക്ഷമാക്കും . 


മൊസാംബിക്കിലെ  2000 ത്തില്‍ ഉണ്ടായ വെള്ളപൊക്കം 800 പേരുടെ ജീവന്‍ എടുത്തു. 590 mm ശരാശരി മഴ ലഭിക്കുന്ന മോസംബിക്കിലെ പ്രധാന നദി സാംബസിയുടെ നീളം 2500 km ലധികമാണ്. കാലാവസ്ഥയിലെ വ്യതിയാനം രാജ്യത്തെ ദൈനം ദിനം  പിടിച്ചുലക്കുകയാണ്.ചൂടില്‍ ശരാശരി ഉണ്ടായ 3 ഡിഗ്രീ വര്‍ദ്ധനവ്  വെള്ളപൊക്കവും അനുബന്ധ വിഷയങ്ങളും ക്ഷണിച്ചു വരുത്തി കൊണ്ടിരിക്കുന്നു. കൃഷിയും ടൂറിസവും പ്രാധാന വരുമാന മാര്‍ഗ്ഗമായി കണ്ടു വന്ന രാജ്യത്ത്  ഇന്നു ചൈനയുടെ നേതൃത്വത്തില്‍ നടത്തുന്ന വന്‍ ഖനനങ്ങള്‍ പ്രദേശങ്ങളുടെ ഘടനയെ അട്ടിമറിച്ചു. ഇന്ത്യന്‍ ഖനി മുതലാളിമാരും മൊസാംബിക്കിലെ  പ്രകൃതി വിഭവങ്ങള്‍ കൊള്ളനടത്തുവാന്‍ രംഗത്തുണ്ട്.


മൊസാംബിക്ക് , മലാവി,സിംബാവെ, ദക്ഷിണാഫ്രിക്ക മുതലായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉണ്ടായ വെള്ള പൊക്കവും അതിന്‍റെ ആവര്‍ത്തന ക്ഷമതയും കേരളത്തിനെ ഉല്‍ക്കണ്ഠ പെടുതണ്ടേതാണ്. കടലിന് അഭിമുഖമായി കിടക്കുന്ന സംസ്ഥാനം, ഇവിടെ പ്രതിവര്‍ഷം പെയ്യുന്ന 3000 mm മഴ. ഈ പ്രതിഭാസങ്ങളുടെ സ്വഭാവത്തില്‍ ഉണ്ടായ ചെറിയ മാറ്റം കേരളത്തില്‍ ഉണ്ടാക്കിയ പ്രതിസന്ധികള്‍  നമ്മള്‍ കഴിഞ്ഞ വര്‍ഷം അനുഭവിച്ചു .അറബി കടല്‍ കാലവര്‍ഷത്തെ ഓര്‍മ്മിപ്പിക്കും  വിധം ഇപ്പോള്‍ തന്നെ  പ്രക്ഷുബ്ധമാണ്. വലിയ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടായികൊണ്ടിരിക്കുന്നു. ആഫ്രിക്കന്‍ വന്‍ കരയില്‍ സംഭവിക്കുന്ന കൊടും കാറ്റുകള്‍ മഴക്കൊപ്പം എത്തുന്നില്ല എന്നതാണ് തല്‍ക്കാലം നമ്മുക്കുള്ള ആശ്വാസം. പേമാരിക്കൊപ്പം  കടല്‍ കരയിലേക്ക്  ഇരച്ചു കയറുവാന്‍  അവസരം ഉണ്ടായാല്‍ എന്താകും കേരളക്കരയുടെ അവസ്ഥ ?


നമ്മുടെ നേതാക്കള്‍ ,അവരുടെ ഉപദേശകരായ ഉദ്യോഗസ്ഥന്മാര്‍ ,കേരളത്തിന്‍റെ പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുവാന്‍ തെല്ലും തല്പ്പരരല്ല എന്ന് ദിനം പ്രതി തെളിയിച്ചു വരുന്നു.  കര്‍ഷകരുടെ കടങ്ങള്‍ക്ക്  മൊററ്റൊറിയം നടപ്പില്‍ കൊണ്ടു വറുവാന്‍ മടിച്ച സര്‍ക്കാര്‍  ,നിലവില്‍ നിയന്ത്രങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ പോലും ഖനന അനുമതി അനുവദിക്കുന്ന നിയമം നടപ്പിലാക്കുവാന്‍ എടുത്ത  താല്പര്യം ഇപ്പോൾ വാർത്തയാണ്.നമ്മുടെ നേതാക്കള്‍ പ്രകൃതി സംരക്ഷണത്തില്‍ കാട്ടുന്ന അലംഭാവം ദിനംപ്രതി  ശക്തമായി വരുന്നു. കേരളത്തില്‍ ഉണ്ടായ 500 മരണങ്ങളും  31000  കോടിയുടെ നഷ്ടവും ഒരു തരത്തിലും ആലോസരപെടുത്തുന്നില്ല. എങ്കിൽ പിന്നെ  മൊസാംബിക്ക് സംഭവങ്ങൾക്ക്   ഭരണകൂടം എന്തെങ്കിലും  പ്രാധാന്യം നല്‍കുമെന്ന് കരുതേണ്ടതില്ലല്ലൊ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment