‌പാതയോരങ്ങളിലെ തണല്‍ മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റുന്നു




സംസ്‌ഥാന വനംവകുപ്പും തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളും ലക്ഷങ്ങള്‍ ചെലവിട്ട്‌ വഴിയോരങ്ങളിലും സംസ്‌ഥാന-അന്തര്‍ സംസ്‌ഥാന പാതയുടെ ഇരുവശങ്ങളിലും തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നു. റോഡ്‌ നവീകരണത്തിന്റെ പേരില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ ഉദ്യോഗസ്‌ഥരും കരാറുകാരും ചേര്‍ന്ന്‌ പാതയോരങ്ങളിലെ തണല്‍ മരങ്ങളിലേറെയും ആരുടെയും അനുമതിയില്ലാതെയും ലേല നടപടികള്‍ സ്വീകരിക്കാതെയും മുറിച്ചുതളളുന്നു. ഇതാണ് കേരളത്തിലെ സ്ഥിതി. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നെടുമങ്ങാട് നടക്കുന്നത്.


സാമൂഹ്യ വനവല്‍ക്കരണത്തിന്റെയും പരിസ്‌ഥിതി പ്രവര്‍ത്തനങ്ങളുടെയും പേരിലാണ്‌ സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവിട്ട്‌ തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത്‌. ഇതോടൊപ്പം ഫലവൃങ്ങളും നട്ടുപിടിപ്പിക്കാറുണ്ട്‌. റോഡ്‌ നവീകരണത്തിന്റെ പേരില്‍ നെടുമങ്ങാട്‌ താലൂക്കിലെ മിക്ക റോഡുകളിലെയും പാതയോരങ്ങളില്‍ നിന്ന തണല്‍ മരങ്ങളും ഫലവൃക്ഷങ്ങളും കരാറുകാരും പൊതുമരാമത്ത്‌ റോഡ്‌സ് വിഭാഗം ഉദ്യോഗസ്‌ഥരും ചേര്‍ന്ന്‌ വ്യാപകമായി മുറിച്ചുതളളുകയാണ്‌.


നിയമാനുസൃതം അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ നാട്ടുകാര്‍ പരാതിപ്പെട്ടാല്‍ സോഷ്യല്‍ ഫോറസ്‌ട്രിക്കു കത്തു നല്‍കി വില നശ്‌ചയിച്ച്‌ ലേല നടപടികള്‍ സ്വീകരിച്ചാണ്‌ മുറിച്ചുമാറ്റേണ്ടത്‌. എന്നാല്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ഒരു നടപടികളും സ്വീകരിക്കാതെയാണ്‌ കഴിഞ്ഞ ആറുമാസത്തിനിടയില്‍ കോടികള്‍ വിലപിടിപ്പുളള മരങ്ങള്‍ പൊതുമരാമത്ത്‌ ഉദ്യോഗസ്‌ഥര്‍ മുറിച്ചുതളളിയത്‌.


ഇവയെല്ലാം റോഡിന്റെ വശങ്ങളില്‍ ഗതാഗത തടസമുണ്ടാക്കിയും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന നിലയിലും കിടക്കുകയാണ്‌. ചിലയിടത്തൊക്കെ തടികള്‍ ചിതലെടുത്ത്‌ നശിച്ചുതുടങ്ങി. ചില സ്‌ഥലങ്ങളില്‍ പൊതുമരാമത്ത്‌ ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ രാത്രിയുടെ മറവില്‍ പാരിതോഷികങ്ങള്‍ നല്‍കി ഹോട്ടലുകാര്‍ കടത്തിക്കൊണ്ടുപോയി. സര്‍ക്കാര്‍ ഖജനാവില്‍ എത്തേണ്ട തുകയാണ്‌ ഇതിലൂടെ ഉദ്യോഗസ്‌ഥര്‍ അടിച്ചുമാറ്റുന്നത്‌.


മാനദണ്ഡങ്ങള്‍ പാലിക്കാതെ റോഡിന്റെ വശങ്ങളില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്ന ഉദ്യോഗസ്‌ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ ശക്‌തമായ നിയമനടപടി സ്വീകരിക്കണമെന്ന്‌ പരിസ്‌ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment