നെന്മാറ അകംപാടത്ത്‌ ക്വാറി അനുമതി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് കളക്ടർക്ക് കത്ത് നൽകി 




പാലക്കാട്: നെന്മാറ ഗ്രാമപഞ്ചായത്തിൽ അകംപാടത്ത് ക്വാറിയക്ക് നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് കളക്ടർക്ക് കത്തുനൽകി. അതീവപരിസ്ഥിതി പ്രാധാന്യമുള്ള നെല്ലിയാമ്പതി വനമേഖലയോടു ചേർന്നും പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ കോർഏരിയായിലും ബഫർസോണിൽപ്പെട്ട അകംപാടത്ത് ബോർഡ് ഓഫ് വൈൽഡ് ലൈഫിന്റെ അനുമതിയില്ലാതെയാണ് ജില്ല എൻവയോൺമെന്റ് ഇംപാക് അസസ്മെന്റ് അതോറിറ്റിയും നെന്മാറ ഗ്രാമപഞ്ചായത്തും അകംപാടത്ത് സീതു ഗ്രാനൈറ്റ്സിന് അനുമതി നൽകിയിരിക്കുന്നത് എന്നു ചൂണ്ടിക്കാട്ടി നെന്മാറ ഡി.എഫ്.ഒ എൻ.രാജേഷ് കളക്ടർക്ക് കത്തുനൽകി.


നെല്ലിയാമ്പതി വനമേഖലയിലെ മണ്ണുകൊണ്ട് നിർമ്മിച്ച സർക്കാർ ചരിത്ര സ്മാരകമായി സംരക്ഷിച്ചുവരുന്ന പോത്തുമ്പിഡാമിനു സമീപം ബഫർ സോണിൽപ്പെട്ട അതീവ പരിസ്ഥിതി ദുർബ്ബല പ്രദേശമായ കൽച്ചാടി വനമേഖലയിൽനിന്നും 9.3 കിലോമീറ്ററും മറ്റൊരു ബഫർ സോണായ കോതശേരി ഭാഗത്തുനിന്നും 1.9 കിലോമീറ്റർ വായൂദൂരത്തിലുമായി അകംപാടത്ത് ആയിരക്കണക്കിന് ലോഡ് കൃഷിയോഗ്യമായ മേൽമണ്ണ് വളരെആഴത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ എടുത്തുമാറ്റി ഉന്നത രാഷ്ട്രീയ ബന്ധത്തിൽ ഖനന, പരിസ്ഥിതിനിയമങ്ങൾ കാറ്റിൽപ്പറത്തി ക്വാറി പ്രവർത്തിപ്പിക്കുന്നത്.


കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം വന്യജീവി സങ്കേതത്തിന്റെയും ദേശീയ വന്യജീവി സംരക്ഷണത്തിന്റെയും പത്ത് കിലോമീറ്റർ ചുറ്റളവിൽ വനേതരപ്രവർത്തനങ്ങൾ നടത്താൻ പാടില്ലയെന്ന നിയമം നിലനിൽക്കെയാണ് നെന്മാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ക്വാറി മാഫിയയുടെ രാഷ്ട്രീയ സ്വാധീനത്തിലും സാമ്പത്തിക സ്വീകരണങ്ങളിലും വഴങ്ങി കരിങ്കൽ ക്വാറിയ്ക്ക് ജനകീയ അഭിപ്രായം മാനിക്കാതെ ലൈസൻസ് നൽകിയതെന്ന് അകംപാടത്ത് ക്വാറിവിരുദ്ധ സമരസമിതി സെക്രട്ടറി ഷെഫീഖ് ഗ്രീൻ റിപ്പോർട്ടറോടു പറഞ്ഞു.


കരിങ്കൽ ക്വാറിയിലെ ഉഗ്രസ്ഫോടനത്തിൽ പ്രദേശത്തെ 16ഓളം വീടുകൾക്ക് വിള്ളലുകൾ വീഴുകയും ഇതിനെതിരെ പ്രദേശവാസികൾ പാലക്കാട് ജില്ലാകളക്ടർക്കും, ജില്ലാ പോലീസ് മേധാവിയ്ക്കും നെന്മാറ പഞ്ചായത്ത് സെക്രട്ടറിയ്ക്കും നൽകിയ പരാതികൾ ഉന്നത രാഷ്ട്രീയ സ്വാധീനത്തിൽ അന്വോഷണം നടത്താതെ പൂഴ്ത്തിവച്ചിരിക്കുകയാണെന്ന് സ്ഫോടനാഘാതത്തിന്റെ ഇരകളായ പരാതിക്കാർ പറയുന്നു.


രാപ്പകൽ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന ക്വാറിയിലെ കൂറ്റൻയന്ത്രസാമഗ്രികളിൽ നിന്നു ഉയരുന്ന കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളും സ്ഫോടനങ്ങളും പ്രദേശവാസികളിൽ മാനസിക വിഭ്രാന്തി ഉളവാക്കുകയും പാറയും മണ്ണുമായി ചെമ്മൺ പാതയിലൂടെ ചീറിപ്പായുന്ന ടിപ്പർലോറികൾ കുട്ടികളുടെയും മുതിർന്നവരുടെയും ജീവനും സഞ്ചാരസ്വാതന്ത്ര്യത്തിനും ഭീഷിണിയായിരിക്കുകയാണ്.


പ്രദേശത്തെ ഖനനം വൻപാരിസ്ഥിതിക ആഘാതങ്ങൾക്കും വംശനാശഭീഷിണി നേരിടുന്ന വന്യജീവികളുടെ അവസവ്യവസ്ഥയ്ക്കും ജീവനും ഭീഷിണിയായിരിക്കുകയാണെന്നും അതീവ പ്രാധാന്യമുള്ള മലഞ്ചരിവുകളായതിനാൽ അകംപാടത്തെ ക്വാറി പ്രവർത്തനം പ്രദേശത്ത് ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ, എന്നിവയ്ക്ക് ആക്കം കൂട്ടുമെന്ന് പശ്ചിമഘട്ട സംരക്ഷണസമിതിയും പരിസ്ഥിതി ശാസ്ത്രഞ്ജരും ബന്ധപ്പെട്ട വകുപ്പുകൾക്ക് ചൂണ്ടി കാണിച്ചിട്ടുണ്ട്.


ജനവാസമേഖലയായ അകംപാടത്ത് ക്വാറി തുടങ്ങാൻ നെന്മാറ ഗ്രാമപഞ്ചായത്തും ജിയോളജിയും പരിസ്ഥിതി വകുപ്പും നൽകിയ അനുമതി റദ്ദ് ചെയ്യണമെന്നും പാറമടപ്രവർത്തനം ഉടൻ നിർത്തിവയ്പ്പിക്കണമെന്നും സമരസമിതി പ്രസിഡന്റ് സാബു, സെക്രട്ടറി ഷെഫീഖ്, ഷാജി എന്നിവർ ആവശ്യപ്പെട്ടു.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment