നവകേരള സൃഷ്ടി ഒരു നിർമ്മാണ ചാകരയായി മാറരുത് ; ഭവന നിർമ്മാണ ബോർഡ് ശിൽപ്പശാല




നവകേരള സൃഷ്ടി ഒരു നിർമ്മാണ ചാകരയായി മാറരുതെന്ന് ഭവന നിർമ്മാണ ബോർഡ് സംഘടിപ്പിച്ച ശിൽപ്പശാലയിൽ അഭിപ്രായം. സംസ്ഥാനത്ത് 11.89 ലക്ഷം വീടുകൾ ഒഴിഞ്ഞു കിടപ്പുണ്ടെന്ന 2011 ലെ സെൻസസ് കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് നവകേരളത്തിന് പുതിയ ഭവന നിർമ്മാണ സാക്ഷരത എന്ന പേരിൽ നടന്ന ശില്പശാലയിൽ ഈ അഭിപ്രായമുയർന്നത്. വികലമായ വികസനസങ്കല്പം അപകടങ്ങൾക്ക് കാരണമാകുമെന്നും പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള വീടുകളാണ് ഇനി പണിയേണ്ടതെന്നും ശിൽപ്പശാല ഉദ്‌ഘാടനം ചെയ്ത റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. പുതിയ കേരളത്തിൽ കേവല ഭവനനിർമ്മാണമല്ല ആവശ്യം, സമൂഹനിർമ്മാണമാണ് വേണ്ടത്, അതിന് എല്ലാ രംഗത്തുള്ളവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

 

ആർഭാടാധിഷ്ഠിതവും കമ്പോളവത്കൃതവുമായ നിർമ്മാണ നീക്കങ്ങൾ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും. സാങ്കേതിക വിദ്യയിലൂന്നിയതും നൂതനരീതിയിൽ ഉള്ളതുമായ പരിസ്ഥിതി സൗഹൃദ ഭവനങ്ങൾ നിർമ്മിക്കണമെന്നും മന്ത്രി പറഞ്ഞു. 2011 ലെ കണക്കുകൾ പ്രകാരം 57,272 വീടുകൾ ആറിലധികം മുറിയുള്ളവയാണ്. 73,975 വീടുകൾ അഞ്ചിലധികം മുറികളും, 1.96 ലക്ഷം വീടുകൾ നാലിലധികം മുറികൾ ഉള്ളവയുമാണ്. സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൻ കീഴിൽ ഏഴു ലക്ഷം പേരാണ് വീടിന് അപേക്ഷ നൽകിയിരിക്കുന്നത്. വീടില്ലാത്തവരേക്കാൾ കൂടുതൽ വീടുകൾ കേരളത്തിൽ അടഞ്ഞു കിടക്കുന്നുണ്ട്. കേരളത്തിന്റെ അമിതമായ കരിങ്കൽ ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാൻ കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന് കാലങ്ങളായി പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ട് വരുന്നുണ്ട്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment