പ്രശാന്ത സുന്ദരമായ ഇടമൺ എന്ന നമ്മുടെ കൊച്ചു ഗ്രാമത്തിനു ചിതയൊരുങ്ങുന്നു




ഗുരുതരമായ പാരിസ്ഥിതിക, ആരോഗ്യ, സാമൂഹ്യ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കാൻ ഇടമണ്ണിൽ ആദ്യമായി ഒരു ക്രഷർ യൂണിറ്റിന് വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. തെന്മല പഞ്ചായത്തിലെ ഇടമണ്ണിലെ 13ആം വാർഡായ തേവർക്കുന്നിൽ ഇടമൺ -പാപ്പന്നൂർ റോഡിനു സമിപം നിലകൊള്ളുന്ന തൊട്ടപ്പള്ളിക്കും തേവർക്കുന്നു അംഗൻവാടി ക്കും ഇടയിലായാണ് ഈ പദ്ധതിക്കുവേണ്ട സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇവിടെ വലിയൊരു കുന്നിടിച്ചു കല്ലട ആറിന്റെ തീരവും ചതുപ്പ് നിലവും നികത്തി ആണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.ഇത് മൂലം നിലവിൽ ആർഡിഒ നിർമാണ പ്രവർത്തനത്തിന് സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്.


ഇത് ഇടമണ്ണിലെ തന്നെ ഏറ്റവും ഉയരമുള്ള പ്രദേശങ്ങളിൽ ഒന്നാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുവാൻ ഉതകുന്ന ഈ പദ്ധതി നടപ്പിലായാൽ ഉയർന്നു പൊങ്ങുന്ന പൊടിപടലങ്ങൾ നമ്മുടെ നാടിനെ ഒരു ചുടലപ്പറമ്പാക്കി മാറ്റും എന്ന കാര്യത്തിൽ സംശയമില്ല. ഇതിന്റെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞാൽ ഉയർന്നു പൊങ്ങുന്ന പൊടിപടലങ്ങൾ ഏതാണ്ട് ഒരു കിലോമീറ്റര് ചുറ്റളവിൽ വ്യാപിക്കുന്നത് കൂടാതെ കാറ്റിന്റെ ഗതി അനുസരിച്ചു മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കും. അതോടെ ഈ ഭാഗങ്ങളിലെ വായുവും അന്തരീക്ഷവും മലിനമാകും. ചെറു ജല സ്രോതസ്സുകളും നീരുറവകളും ഇല്ലാതെയാകും. കിണറുകളിലെ ജലം മലിനമാക്കപ്പെടുന്നതോടൊപ്പം വരൾച്ചയ്ക്ക് വളരെ നാൾ  മുൻപ് തന്നെ കിണറുകൾ വറ്റി വരളും. ചെടികളിലും മരങ്ങളിലും പാറപ്പൊടിയുടെ സാനിധ്യം  ഉണ്ടാകുന്നതോടെ പരാഗണം ഇല്ലാതെയാകും ഇത് വ്യാപകമായ കൃഷി നാശത്തിനു കാരണമാകും. ടിപ്പറുകളും ടോറസുകളും നമ്മുടെ റോഡുകൾ കയ്യടക്കുന്നതോടെ റോഡുകൾ നശിക്കും. അതോടൊപ്പം തന്നെ റോഡപകടങ്ങളും തുടർക്കഥയാകും. റബര് പാലിൽ പാറപ്പൊടി വീഴുന്നതോടെ റബര് പാലും ഉപയോഗ ശൂന്യമാകും. അതോടെ റബർ കൃഷിയും അവസാനിക്കും.

 


M/S പ്രൈം സാൻഡ്‌സ് ആൻഡ് അഗ്ഗ്രിഗേറ്റസ് എന്ന ഈ സ്ഥാപനത്തിന്റെ സൈറ്റ് പ്ലാനിൽ 260 മീറ്റർ ദൂരത്തു കല്ലടയാർ സ്ഥിതി ചെയ്യുന്നതായി കാണപ്പെടുന്നു. എന്നാൽ 220മീറ്ററിലാണ് കല്ലടയാർ സ്ഥിതി ചെയ്യുന്നത്. സ്ഥാപനത്തിന്റെ 240മീറ്റർ ദൂരത്ത് അഞ്ചൽ ഫോറെസ്റ്റ് റിസർവ് വനം സ്ഥിതി ചെയ്യുന്നു. എന്നാൽ കേരള മലിനീകരണ നിയന്ത്രണ ബോർഡ് ഈ സ്ഥാപനത്തിന് വേണ്ടി  നൽകിയ കൺസെന്റിലെ സൈറ്റ് പ്ലാനിൽ വനം ഉള്ളതായി കാണിച്ചിട്ടില്ല. ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ എൻഒസി ഇല്ലാതെയാണ് മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപനത്തിന് കൺസെന്റ് നൽകിയിട്ടുള്ളത്. 


സംരക്ഷണ വനസമ്പത്തും മൃഗസമ്പത്തും ഔഷധ സസ്യങ്ങളും ശെന്തുരിണി മരങ്ങളുമുള്ള സ്ഥലമാണിത്. ശെന്തുരിണി വന്യ ജീവി സങ്കേതം ഇതിന്റെ തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്.  ലോകത്തിൽ തന്നെ ശെന്തുരിണി മരങ്ങൾ ഈ പ്രദേശങ്ങളിൽ അല്ലാതെ മറ്റൊരിടത്തുമില്ലാത്തതാണ്.


ഒരു തണ്ണീർത്തടം സ്ഥാപനത്തിന്റെ സൈറ്റിൽ നിന്ന് 50 മീറ്ററിൽ സ്ഥിതി ചെയ്യുന്നു. വർഷത്തിൽ 12 മാസവും ജലത്താൽ ആവൃതമായതും ജലനിർഭരമായതും തനതായ പാരിസ്ഥിതികസവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണിത്. ജലസസ്യങ്ങൾക്കും ജീവികൾക്കും വസിക്കുവാൻ യോഗ്യമായ ഈ പ്രദേശത്ത് ചെളി കലർന്നതും ജൈവാവശിഷ്ടങ്ങളാൽ സമ്പുഷ്ടമായതുമായ മണ്ണും കാണപ്പെടുന്നുണ്ട്.

 


സവിശേഷമായ പാരിസ്ഥിതിക സവിശേഷതകളുള്ളതുമായ പ്രദേശമാണിത്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എം സാൻഡ് യൂണിറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട്, അടുത്തുള്ള വസ്തുവിലെ കുന്നിടിച്ചു റോഡ് നിർമ്മിച്ചു. സ്ഥലത്തെ കല്ലുകളും മണ്ണും ഈ നീരുറവയുടെ പാതയിൽ നിക്ഷേപിക്കപ്പെട്ടു, പ്രകൃതിദത്ത ജലസ്രോതസ്സുകളുടെ പാതയെ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.


മലിനീകരണം ഉണ്ടാക്കുന്ന ഓറഞ്ച് കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ വ്യവസായം ഏക്കോളജിക്കൽ സെൻസിറ്റീവ് സോൺ (ESZ1) കാറ്റഗറിയിൽ ഉള്ള ഈ പരിസ്ഥിലോല പ്രദേശത്ത് തുടങ്ങുവാൻ അനുവദനീയമല്ലെന്ന് കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡിന്റെ നിയമാവലിയിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment