പശ്ചിമഘട്ട മേഖലയിൽ നിന്ന് മൂന്ന് പുതിയ ഇനം മണ്ണിരകൾ; ഒരെണ്ണത്തിന് കേരളത്തിന്റെ പേര്




പശ്ചിമഘട്ട മേഖലയിൽ നിന്ന് മൂന്ന് പുതിയ ഇനം മണ്ണിരകളെ കണ്ടെത്തി. മോണിലിഗാസ്റ്റർ ജനുസ്സിൽപ്പെട്ട മൂന്ന്‌ പുതിയ ഇനം മണ്ണിരകളെയാണ് മഹാത്മാഗാന്ധി സർവകലാശാല കണ്ടെത്തിയത്. മോണിലിഗാസ്റ്റർ ബഹ്‌ലൈ, മോണിലിഗാസ്റ്റർ ബ്ലായ്ക്ക്‌മോറൈ, മോണിലിഗാസ്റ്റർ കേരളൻസിസ് എന്നിവയാണ് ഇവ.


ആദ്യമായിട്ടാണ് കേരളത്തിൽ നിന്നുള്ള ഒരു മണ്ണിരയ്ക്ക് സംസ്ഥാനത്തിന്റെ പേര് നൽകപ്പെടുന്നത്. പ്രശസ്ത ഇന്ത്യൻ ജന്തുശാസ്ത്രജ്ഞനായിരുന്ന പ്രൊഫസർ കെഎൻബഹ്ൽ, മണ്ണിര വർഗീകരണ ശാസ്ത്രജ്ഞനായ ഡോ റോബർട്ട് ജെ ബ്ലായ്ക്ക്‌മോർ എന്നിവരുടെ സ്മരണാർഥമാണ് രണ്ട്‌ പുതിയയിനം മണ്ണിരകൾക്ക് പേരുകൾ നൽകിയിരിക്കുന്നത്. മൂന്നാമത്തെ മണ്ണിരയ്ക്ക് കേരളത്തിന്റെ പേരാണ് നൽകിയത്. 


അന്തസ്സർവകലാശാലാ ഗവേഷണ പഠനകേന്ദ്രമായ അഡ്വാൻസ്ഡ് സെന്റർ ഓഫ് എൻവൈറൺമെന്റൽ സ്റ്റഡീസ് ആൻഡ് സസ്റ്റെയിനബിൾ ഡെവലപ്‌മെന്റിലെ മണ്ണിര ഗവേഷണ സംഘത്തിന്റേതാണ് കണ്ടെത്തൽ. ഇതിനൊപ്പം, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 80 വർഷം മുൻപ് രേഖപ്പെടുത്തിയ നാലിനം മോണിലിഗാസ്റ്റർ മണ്ണിരകളെയും കേരളത്തിൽനിന്ന് ആദ്യമായി  സംഘം കണ്ടെത്തി. 


മോണിലിഗാസ്റ്റർ ബഹ്‌ലൈ പറമ്പിക്കുളം കടുവ സങ്കേതത്തിലെ മൂന്ന്‌ സ്ഥലങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. മോണിലിഗാസ്റ്റർ ബ്ലായ്ക്ക്‌മോറൈ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ രണ്ടുസ്ഥലങ്ങളിൽ നിന്നും കണ്ടെത്തി. മോണിലിഗാസ്റ്റർ കേരളൻസിസ് ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പത്തുപ്രദേശങ്ങളിൽ നിന്നാണ് ലഭിച്ചത്.  കണ്ടെത്തലുകൾ ന്യൂസീലൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന പ്രശസ്ത അന്തർദേശീയ ഗവേഷണ ജേണലായ സൂടാക്‌സയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment