പരിസ്ഥിതി ലോല മേഖലകളെന്നാൽ ഒരു നിർമാണവും പാടില്ലാത്ത സ്ഥലങ്ങൾ എന്നല്ല




മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നിഷ്കർഷിക്കുന്ന മാനദണ്ഡമനുസരിച്ച്  പഞ്ചായത്ത്തല പരിസ്ഥിതിലോല മേഖലകൾ നിർണയിക്കണമെന്നും  പുതിയ കേരള നിർമ്മാണം അവിടെ നിന്നും ആരംഭിക്കണമെന്നും പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി. പ്രധാന പ്രളയ ദുരിത ജില്ലകളിൽ പരിസ്ഥിതി ആഡിറ്റിങ്ങ് നടത്തുമെന്നും സമിതിയുടെ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. 

 

കേരളം അനുഭവിച്ച മഹാപ്രളത്തിനു ശേഷം ഭൂമിയിൽ ഉണ്ടായി വരുന്ന മാറ്റങ്ങൾ സൂക്ഷ്മമായി അറിയേണ്ടതുണ്ട്.  ഗാഡ്ഗിൽ പാനൽ പശ്ചിമഘട്ടത്തെ മാത്രമാണ് നിശ്ചിതമാനദണ്ഡത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങളെ 1 ,2,3 സോണുകളായി നിർണയിച്ച് ജനപങ്കാളിത്തത്തോടെ നിയന്ത്രിത നിർമ്മാണ പ്രവർത്തനങ്ങൾ നിർദ്ദേശിച്ചത്.അത് അവഗണിച്ചത് ദുരന്തത്തിന് വലിയ അളവിൽ ആക്കം കൂട്ടിയിട്ടുണ്ട്.തകർന്നടിഞ്ഞ മലയോര മേഖലകളും അതേ ദുരന്തം ഏറ്റുവാങ്ങിയ ഇടനാടും തീരദേശവും എല്ലാം ഇന്ന് കടുത്ത പരിസ്ഥിതി ആഘാതങ്ങൾ നേരിടുന്നു. 


പരിസ്ഥിതി ലോല മേഖലകളെന്നാൽ ഒരു നിർമാണവും പാടില്ലാത്ത സ്ഥലങ്ങൾ എന്നല്ല, നിർമ്മാണത്തിന്റെ തോത് വർധിക്കുന്നതനുസരിച്ച് പരിസ്ഥിതി പ്രശ്നങ്ങൾ വർധിക്കാൻ സാധ്യതയുള്ളത് മുൻകൂട്ടി തിരിച്ചറിഞ്ഞ് നിയന്ത്രിക്കണമെന്നാണ് .അത് മനസ്സിലാക്കാതെ ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെയുള്ള വ്യാജ പ്രചരണങ്ങൾ ഭരണകൂടത്തെ തന്നെ നിയന്ത്രിക്കുന്ന രാഷ്ടീയ സമുദായ ഭൂ മാഫിയകൾ നടത്തി റിപ്പോർട്ട്  അട്ടിമറിച്ചത് കേരളം ഈ അവസരത്തിലെങ്കിലും ഓർക്കണമെന്ന് ഏകോപന സമിതി സംസ്ഥാന കമ്മിറ്റി വിലയിരുത്തി.


ഇന്നത്തെ കേരളത്തെ പഠിക്കുന്നതിനും പഞ്ചായത്ത്തലം വരെയുള്ള പരിസ്ഥിതി ലോല മേഖലകൾ നിർണ്ണയിക്കുന്നതിനും അതേ മാനദണ്ഡങ്ങൾ സ്വീകരിക്കണമെന്നും അതനുസരിച്ച് മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ പാടുള്ളു എന്നും ഏകോപന സമിതി ആവശ്യപ്പെട്ടു. 14 ജില്ലകളിലും പ്രളയ ദുരന്തം ഏറ്റുവാങ്ങിയ പ്രദേശങ്ങളിലെ പരിസ്ഥിതി ആഘാതങ്ങൾ സംബന്ധിച്ച് വസ്തുതാപഠനം നടത്തി അത് ജില്ലാതല ജനസഭകളിൽ ചർച്ച ചെയ്യും  .സർക്കാർ നിയോഗിക്കുന്ന വിദഗ്ധ സമിതികളുടെ മുമ്പിൽ റിപ്പോർട്ട് സമർപ്പിക്കും. പശ്ചിമഘട്ട രക്ഷായാത്ര 2017 ഒരു വർഷമാകുന്ന ഒക്ടോബർ 16 ന് തിരുവനന്തപുരത്ത് വിപുലമായ ജനകീയ കൺവൻഷൻ നടക്കും.ഏറ്റവുധികം  ദുരന്തമേറ്റു വാങ്ങിയ വയനാട് ,ഇടുക്കി, ആലപ്പുഴ ,പത്തനംതിട്ട ജില്ലകജിൽ പരിസ്ഥിതി ആഡിറ്റിങ്ങ് പ്രഖ്യാപിക്കും.ഡോ.റ്റി.വി.സജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഏകോപന സമിതി ഭാരവാഹികൾ പങ്കെടുത്തു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment