ന്യൂ മാഹി പഞ്ചായത്തിൽ അനധികൃതമായി വയൽ മണ്ണിട്ട് നികത്തുന്നു; നടപടിയെടുക്കാതെ അധികൃതർ




ന്യൂ മാഹി പഞ്ചായത്തിലെ മങ്ങാട് മണ്ട ബസാറിന് സമീപത്ത് വയൽ മണ്ണിട്ട് നികത്തുന്നു. നിയമം കാറ്റിൽ പറത്തി മണ്ണിട്ട് നികത്തുന്നത് ഏക്കറുകണക്കിന് വയലുകളാണ്. ചൊക്ലി – ന്യൂ മാഹി വില്ലേജോഫീസുകളുടെ അതിർദേശമാണിവിടം. ഉദ്യോഗസ്ഥരുടെ കൂടെ ഒത്താശയോടെയാണ് മാഫിയ പ്രദേശത്ത് വലിയ തോതിൽ മണ്ണിട്ട് നികത്തൽ നടത്തുന്നത്.


പ്രദേശത്തെ മണ്ണിട്ട് നികത്തലിനെതിരെ പലരും പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മാഫിയ വയൽ നികത്തൽ തുടരുകയായിരുന്നു. ചൊക്ലി വില്ലേജ് ഓഫീസ് പരിധിയിലെ കവിയൂർ ബണ്ട് റോഡിലെ ഇരുവശത്തെയും നീർത്തടം കോൺക്രീറ്റ് മാലിന്യങ്ങൾ ഉൾപ്പടെ ഉപയോഗിച്ച് നികത്തിയിരിക്കുകയാണ്. കൺമുന്നിൽ നിയമലംഘനത്തിന്റെ നേർക്കാഴ്ച നടന്നിട്ടും ന്യൂമാഹി – ചൊക്ലി പഞ്ചായത്തുകൾക്കും പരാതിയില്ല. 


ഇതുവരെയും സ്ഥലം സന്ദർശിക്കാനോ പരാതിയെ കുറിച്ച് അന്വേഷിക്കാനോ പഞ്ചായത്ത് തയ്യാറായിട്ടില്ല. സ്റ്റോപ്പ് മെമോ കൊടുക്കുകയും നടപടി എടുക്കുകയും ചെയ്യേണ്ട വിഷയം കണ്മുന്നിൽ തുടർന്നിട്ടും നടപടിയെടുക്കാത്ത പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ട്.


മുൻവർഷങ്ങളെ അപേക്ഷിച്ച് കടുത്ത വേനലാണ് ഈ വര്ഷം ഉണ്ടായത്. ഇതേ കാലയളവിൽ തന്നെയാണ് സംരക്ഷിക്കേണ്ട ജലസ്രോതസ്സുകളും വയലുകളും മണ്ണിട്ട് നികത്തുന്നത്. ഇതിന് കൂട്ട് നിൽക്കുന്നതാവട്ടെ ഇവയെ സംരക്ഷിക്കാം ഉത്തരവാദിത്വപ്പെട്ട  സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കന്മാരുമാണ് എന്നത് ഖേദകരം തന്നെയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment