ആറ് വർഷത്തിനിടെ നിലമ്പൂര്‍ കാടുകളിൽ ചരിഞ്ഞത് 67 കാട്ടാനകൾ 




2014 മുതല്‍ നിലമ്പൂര്‍ കാടുകളിൽ ചരിഞ്ഞത് 67 കാട്ടാനകളെന്ന് വിവരാവകാശ രേഖ. പരിസ്ഥിതി പ്രവര്‍ത്തകന്‍ അന്‍വര്‍ കൈനോട്ടിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് 67 ആനകൾ ചരിഞ്ഞതായുള്ള വിവരം വനം വകുപ്പ് തന്നെ വ്യക്തമാക്കുന്നത്. നിലമ്പുർ നോര്‍ത്ത്, സൗത്ത് ഫോറസ്റ്റ് ഡിവിഷനുകള്‍ക്ക് കീഴിലായാണ് 67 കാട്ടാനകള്‍ ചരിഞ്ഞത്.


നിലമ്പുർ സൗത്തില്‍ 37, നോര്‍ത്തില്‍ 30 എന്നിങ്ങനെയാണ് എണ്ണം. ഗര്‍ഭിണികളടക്കം 24 പിടിയാനകളും കൂട്ടത്തിലുണ്ടായിരുന്നു. എടക്കര പടുക്ക ഫോറസ്റ്റ് സ്റ്റേഷനില്‍ ജൂണ്‍ 19ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത 22 വയസ്സുള്ള പിടിയാനയാണ് ഒടുവിലത്തേത്. 2014 സെപ്റ്റംബര്‍ മുതല്‍ 2019 ഡിസംബര്‍ വരെ സൗത്ത് ഡിവിഷനിലെ കാളികാവ് റേഞ്ചില്‍ 16ഉം കരുളായിയില്‍ 21ഉം ആനകള്‍ ചരിഞ്ഞു.


2014 ജനുവരി-2019 ഡിസംബര്‍ കാലയളവില്‍ നോര്‍ത്ത് ഡിവിഷനിലെ വഴിക്കടവില്‍ 23, നിലമ്പൂരില്‍ മൂന്ന് എടവണ്ണയില്‍ നാല് എന്നിങ്ങനെ ജീവന്‍ നഷ്ടമായി. എടക്കരയില്‍ പിടിയാന ചരിഞ്ഞത് വെടിയേറ്റാണോ എന്ന് ഉറപ്പുവരുത്തണമെന്ന് പരിസ്ഥിതി സംഘടനയായ 'പ്രളയാനന്തര നിലമ്പൂര്‍' ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 


ആനയുടെ വയറ്റില്‍ ആഴത്തില്‍ മുറിവുണ്ടായെന്നും എട്ടുദിവസത്തിനുശേഷമാണ് പോസ്റ്റ്മോർട്ടം നടന്നതെന്നും ഇവര്‍ ആരോപിച്ചു. കടുവകളുടെ കാര്യത്തില്‍ നടപ്പാക്കുന്ന നടപടിക്രമം ആനകളുടെ കാര്യത്തിലുമുണ്ടാകണം. ആനത്താരകളുടെ പുനരുജ്ജീവനം വേഗത്തില്‍ നടപ്പാക്കണമെന്നും ചെയര്‍മാന്‍ രാജേന്ദ്രന്‍ കളരിക്കല്‍, കണ്‍വീനര്‍ അന്‍വര്‍ സാദത്ത് കൈനോട്ട്, ട്രഷറര്‍ ഗിരീഷ് അമരമ്പലം എന്നിവര്‍ ആവശ്യപ്പെട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment