തണുപ്പിൽ മുങ്ങി നീലഗിരി കുന്നുകൾ; സഞ്ചാരികളുടെ പ്രവാഹം
തണുപ്പിൽ മുങ്ങി നിൽക്കുകയാണ് നീലഗിരി കുന്നുകൾ. പെയ്‌തിറങ്ങുന്ന തണുപ്പും കോടമഞ്ഞും കുന്നുകളെ കൂടുതൽ മനോഹരിയാക്കുന്നു. ഈ മനോഹാരിത ആസ്വദിക്കാനായി നിരവധി സഞ്ചാരികളാണ് ദിനം പ്രതി ഊട്ടിയിലേക്ക് എത്തുന്നത്. ഊട്ടിയുടെ നിത്യഹരിത മനോഹാരിതയുടെ കൂടെ മനം കുളിർക്കുന്ന തണുപ്പ് കൂടി ആയതോടെ സഞ്ചാരികൾക്ക് പ്രിയപ്പെട്ട യാത്രാ സങ്കേതമായി നീലഗിരി കുന്നുകൾ മാറി.


നാടുകാണി, ഗൂഡല്ലൂർ, പന്തല്ലൂർ, മുതുമല, തൊറപ്പള്ളി, മസിനഗുഡി തുടങ്ങിയ പ്രദേശങ്ങളെല്ലാം പുതുവർഷാരംഭം മുതൽ മഞ്ഞിൽ കുളിച്ച് നിൽക്കുകയാണ്. വൈകുന്നേരം ആകുന്നതോടെ കൂടുതൽ കുളിരേകുന്ന തണുപ്പ് നേരം ഉച്ചവെയിൽ എത്തുന്നത് വരെ അങ്ങിനെ തന്നെ തുടരുകയാണ്. സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതും ഇതുതന്നെയാണ്. 


നീലഗിരി മൗണ്ടൈൻ റെയിൽവേ, സസ്യോദ്യാനം, ആവലാഞ്ചി തടാകം, ഷൂട്ടിങ് പോയിന്റ്, ദോഡാബെട്ട, റോസ് ഗാർഡൻ, ഊട്ടി തടാകം, എമറാൾഡ് തടാകം, മുകൃതി പീക്ക് തുടങ്ങി ഊട്ടിയിലെ പ്രധാന സ്ഥലങ്ങളെല്ലാം സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഹോട്ടലുകളിലും റിസോർട്ടുകളിലും സഞ്ചാരികൾ ധാരാളമായി റൂമുകൾ ബുക്ക് ചെയ്‌തിട്ടുണ്ട്‌.


ഊട്ടി സസ്യോദ്യാനം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ 4 ഡിഗ്രിയോളം കുറഞ്ഞ താപനിലയായിരുന്നു. ഇതിലും താഴ്ന്ന ഊട്ടിയുടെ മറ്റു പ്രദേശങ്ങളിൽ താപനില രണ്ട് ഡിഗ്രിയിലും താഴെയായിരുന്നു. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. 


നീലഗിരിയിലെ തണുപ്പിന് സമാനമായിട്ടാണ് വയനാട്ടിലും തണുപ്പ് അനുഭവപ്പെടുന്നത്. ഉച്ചയോടെ വരണ്ട കാലാവസ്ഥയിലേക്ക് മാറുന്ന വയനാട്ടിൽ രാത്രി ഏഴുമുതൽ പുലർച്ചെ വരെ നല്ല തണുപ്പാണ്. കോടമഞ്ഞ് ആസ്വദിക്കാൻ നാടുകാണി ചുരത്തിലും സഞ്ചാരികളെത്തുന്നുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment