നാശം വിതച്ച് തീരം തൊട്ട് നിവാർ




തമിഴ്‌നാട് തീരത്ത് നാശം വിതച്ച്‌ നിവാര്‍ ചുഴലിക്കാറ്റ് പുതുച്ചേരിക്കടുത്ത് കാരയ്ക്കലില്‍ കര തൊട്ടു. പിന്നീട് കാറ്റ് ശാന്തതയിലേക്ക് പതിയെ മാറുകയാണ്. 135 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. അതിതീവ്രചുഴലിക്കാറ്റായി തീരംതൊട്ട നിവാര്‍ ഇപ്പോള്‍ ശക്തി കുറഞ്ഞ് തീവ്രചുഴലിക്കാറ്റ് എന്ന ഗണത്തിലേക്ക് മാറിയിട്ടുണ്ട്. കാറ്റിന്റെ വേഗം അടുത്ത മണിക്കൂറുകളില്‍ കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതിന് ആറ് മണിക്കൂര്‍ വരെ സമയമെടുത്തേക്കാം. വേഗം 65-75 കീമി ആയി കുറയും എന്നാണ് കണക്കുകൂട്ടല്‍.


അഞ്ചുമണിക്കൂറില്‍ തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം വടക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരും. തീവ്രത കുറയുന്നത് ആശങ്കകള്‍ക്കും വിരാമമിടുന്നുണ്ട്. പുതുചേരിയിലാണ് കുടുതല്‍ മഴ കിട്ടിയത്. കൂടല്ലൂരിലും ചെന്നൈയിലും നല്ല മഴ പെയ്തു.


പുതുച്ചേരിക്കും മാരക്കാനത്തിനും ഇടയ്ക്കുള്ള തീരത്താണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം പുതുച്ചേരിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ്. ലക്ഷക്കണക്കിന് ആളുകളെയാണ് തീരദേശത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ചത്. ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിവാര്‍ നാശം വിതയ്ക്കുമെന്ന് ആശങ്കയുള്ള കടലൂര്‍, തഞ്ചാവൂര്‍, ചെങ്കല്‍പേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂര്‍, വിഴുപുറം, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍നിന്നു ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.


ബുധനാഴ്ച രാത്രി 10:30 ഓടെയാണ് പോണ്ടിച്ചേരിയില്‍ കരയിലെത്തിയ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട്ടില്‍ ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ ശനിയാഴ്ച വരെ പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈ വിമാനത്താവളം 12 മണിക്കൂര്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. തീരപ്രദേശങ്ങളില്‍ വ്യാഴാഴ്ച വരെ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വിഭാഗം അറിയിക്കുന്നത്. ചുഴലിക്കാറ്റ് വീടുകള്‍ക്കും മരങ്ങള്‍ക്കും വിളകള്‍ക്കും കനത്ത നാശനഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ശക്തമായ കാറ്റ് വൈദ്യുതി വിതരണത്തെയും ബാധിക്കുമെന്ന് കരുതുന്നു.


മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീഴുന്നത്. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ ജനജീവിതം സ്ഥംഭിച്ച അവസ്ഥയിലാണ്. കടലൂരില്‍ വ്യാപക നാശനഷ്ടമുണ്ടായി. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു. ചെന്നൈയിലും പുതുച്ചേരിയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment