കോന്നി താലൂക്കിൽ ഇനി ക്വാറികൾ അനുവദിക്കില്ലെന്ന് കോന്നി എംഎൽഎ 




കോന്നി താലൂക്കിൽ പുതുതായി ക്വാറികൾ അനുവദിക്കരുത് എന്ന് കോന്നി താലൂക്ക് വികസന സമിതി അധ്യക്ഷൻ (കോന്നി MLA) ശ്രീ ജനീഷ് കുമാർ 7/12/19 ൽ നടന്ന വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവും അധികം ക്വാറികളും ക്രഷർ യൂണിറ്റുകളും പ്രവർത്തിക്കുന്ന കോന്നി താലൂക്കിലെ കലഞ്ഞൂർ, അരുവാപ്പുലം, കോന്നി, തണ്ണിതോട്, തുങ്ങിയ പഞ്ചായത്തുകൾ പശ്ചിമഘട്ടത്തിന്റെയോ അതിന്റെ ബഫർ സോണിന്റെയോ  ഭാഗമാണ്. അച്ചൻകോവിൽ, പമ്പ തുടങ്ങിയ നദികളുയുടെയും അതിന്റെ കൈ വഴികളുടെയും ഉത്ഭവ പ്രദേശങ്ങളിലെ കാടുകളുടെ ശോഷണം 1970 കളിൽ തന്നെ വർദ്ധിച്ചിരുന്നു. ഭൂരഹിത കർഷകരെ സഹായിക്കുവാനായി ഭൂപതിവു നിയമത്തിൽ പെടുത്തി, കൃഷി ചെയ്യുവാൻ മാത്രം അനുവദിച്ച ഭൂമിയിൽ നടന്നുവരുന്ന ഖനനങ്ങൾ നിയമ ലംഘന പ്രവർത്തനമാണ്. 


സംസ്ഥാനത്തെ മൈനർ മിനറൽ ഖനന നിയമങ്ങളെ വെല്ലുവിളിച്ചും നിയമപരമായി ലഭിച്ച ലൈസൻസ്സിനെ മുൻനിർത്തിയും നടക്കുന്ന പരിപാടികൾ ജല ശ്രാേത സ്സുകൾക്ക് ഭീഷണിയായിക്കഴിഞ്ഞു. കലഞ്ഞൂർ, അരുവാപ്പുലം പോലെയുള്ള പഞ്ചായത്തുകൾ നിരവധി മലമടക്കുകളുടെ ഇടയിൽ സ്ഥിതി ചെയ്യുന്ന താഴ് വരകളാൽ സമ്പന്നമായിരുന്നു. മലനിരകൾ വെട്ടി വെളിപ്പിച്ചതും അവിടെ നടക്കുന്ന പാറ പൊട്ടിക്കലും മണ്ണെടുക്കലും മറ്റു ജീവി വർഗ്ഗങ്ങൾക്കു കൂടി ഭീഷണിയായി മാറി.


പഞ്ചായത്തുകളിലെ, രാഷ്ട്രീയ പ്രതിനിധികളുടെ പരിസ്ഥിതിയോടുള്ള അനാരോഗ്യ നിലപാടുകൾ, അഴിമതി, വികസനത്തെ പറ്റിയുള്ള തെറ്റായ കാഴ്ച്ചപ്പാട് മുതലായവ നിയമ ലംഘനങ്ങളുടെ തോതു വർദ്ധിപ്പിച്ചു.നിരവധി ജനകീയ പ്രക്ഷോഭങ്ങൾ വളർന്നു വന്നു എങ്കിലും സമരങ്ങൾ ഏറ്റെടുക്കുവാൻ രാഷ്ട്രീയ പാർട്ടികൾ കാട്ടിയ താൽപ്പര്യമില്ലായ്മ ഖനന മുതലാളിമാർക്ക് തുണയായി ഉണ്ട്. 


നിലവിൽ നടന്നുവരുന്ന ഖനനങ്ങൾന്നെ വൻ ആഘാതങ്ങൾ ക്ഷണിച്ചു വരുത്തു മ്പോഴാണ് വിഴിഞ്ഞം പദ്ധതിക്കായി, അദാനി കമ്പനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വൻ ഖനനത്തിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചത്. ഇതിനെതിരെ അരുവാപ്പുലം പഞ്ചായത്തിൽ(കസ്തൂരി രംഗൻ റിപ്പോർട്ടിൽ ഉൾപ്പെട്ട ) ആരംഭിച്ച പ്രക്ഷോഭത്തിന് പൂർണ്ണ പിൻതുണയുമായി കോന്നി M. L. A രംഗത്തുണ്ടായിരുന്നു. കോന്നി നിയാേജക മണ്ഡലത്തിൽ പുതുതായി ഖനന യൂണിറ്റുകൾ അനുവദിക്കുവാൻ സമ്മതിക്കില്ല എന്ന അദ്ദേഹത്തിന്റെ മുൻ പ്രസ്താവനയുടെ തുടർച്ചയായി, കോന്നി താലൂക്ക് വികസന സമിതിയിൽ  (7/12/2019 ) എടുത്ത പുതിയ ക്വാറികൾ അനുവദിക്കില്ല എന്ന തീരുമാനം അഭിനന്ദനാർഹമാണ്. ഇപ്പോൾ തന്നെ ശോഷിച്ചു പോയ കല്ലേലി, അച്ചൻകോവിൽ വനത്തിന്റെ അവശേഷിക്കുന്ന പച്ചപ്പും നീർച്ചാലും സംരക്ഷിച്ചു നിർത്തുവാൻ പുതിയ തീരുമാനം സഹായകരമാകും. എന്നാൽ നിലവിൽ പ്രവർത്തിക്കുന്ന  ഖനന യൂണിറ്റുകൾ പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള മലനിരകളെയാണ് കവർന്നു കൊണ്ടിരിക്കുന്നത്. കലഞ്ഞൂർ പഞ്ചായത്തിലെ കള്ളിപ്പാറ എന്ന 200മീറ്ററിലധികം ഉയരവും 2. Km നീളവുമുള്ള കൃഷ്ണശില തുരന്നു കൊണ്ടിരിക്കുന്നു. അപൂർവ്വ കള്ളി മുൾചെടികൾ നിറഞ്ഞ മലയുടെ നാശം, പഞ്ചായത്തിന്റെ ഭൂഘടനയെ തന്നെ മാറ്റി മറിക്കും. മലയുടെ മറുഭാഗത്ത്, പോത്തു പാറയിൽ നടക്കുന്ന ഖനനവും ക്രഷർ പ്രവർത്തനവും പ്രദേശങ്ങൾക്ക് വലിയ ഭീഷണിയാണ്. 


കാൽ നൂറ്റാണ്ടായി നിയമ ലംഘനങ്ങളിലൂടെ നടന്നു വരുന്ന പാറപൊട്ടിക്കൽ അവസാനിപ്പിക്കുവാൻ സഹായകരമാകും വിധത്തിൽ  സമരങ്ങളെ  പിൻ തുണയ്ക്കുവാനും അവ നിർത്തിവെപ്പിക്കുവാനും ഉതകുന്ന ഇടപെടൽ  കൂടി കോന്നി MLA യുടെ ഭാഗത്തു നിന്നും ഉണ്ടാകും എന്നു പ്രതീക്ഷിക്കാം.


പശ്ചിമഘട്ടത്തിൽ സംഭവിക്കുന്ന തിരിച്ചടികൾ മലനാടുകൾ മുതൽ ഇടനാടിനും തീര പ്രദേശങ്ങൾക്കും ദോഷം വരുത്തിവെക്കും എന്ന വസ്തുത. ആദ്യമായി  അംഗീകരിക്കേണ്ട നമ്മുടെ ജനപ്രതിനിധികൾ നിഷേധ നിലപാടുകൾ തുടരുമ്പോൾ കോന്നി MLA യുടെ സമീപനം വ്യത്യസ്ഥമായിരിക്കുന്നു എന്നതുകൊണ്ട് അദ്ദേഹത്തെ  അനുമോദിക്കുവാൻ നമ്മൾ തയ്യാറാകണം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment