മന്ത്രിതല യോഗതീരുമാനം ധിക്കരിച്ച് ഉദ്യോഗസ്ഥർ; പൊന്തൻപുഴ സമരസമിതി പ്രക്ഷോഭത്തിലേയ്ക്ക് 




പെരുമ്പെട്ടി വില്ലേജിലെ പട്ടയം ലഭിച്ചിട്ടില്ലാത്ത കൈവശകർഷകരുടെ ഭൂമിയും വലിയ കാവ് വനവും സംയുക്ത സർവേ നടത്തണമെന്ന സർക്കാർ ഉത്തരവ് ധിക്കരിച്ച് ഉദ്യോഗസ്ഥർ. ജനുവരി 31ന് സർവേ പൂർത്തിയാക്കണമെന്ന നിർദ്ദേശം ലഭിച്ചിട്ടും സർവേ ടീമിനെ പോലും ഇതുവരെ രൂപീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച (feb - 4) സമര സമിതിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടക്കും. സർക്കാർ ഉത്തരവ് ലഘിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് റാന്നി ഡിവിഷണൽ ഫോറെസ്റ് ഓഫീസ് വളഞ്ഞാണ് സമരം.


പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമിക്ക് 150 ൽ പരം വർഷത്തിന്റെ കൈവശ പാരമ്പര്യമുണ്ട്. ഭൂമി 1958ലെ വനം നോട്ടിഫിക്കേഷൻ പ്രകാരം വനത്തിത്തിന്റെ ഭാഗമാണെന്ന് വനം വകുപ്പ് വാദിച്ചു. നോട്ടിഫിക്കേഷൻ പ്രകാരം തങ്ങൾ വനപരിധിക്ക് പുറത്താണെന്ന് തെളിവുകൾ നിരത്തി  കർഷകരും വാദിച്ചു. തർക്കം പരിഹരിച്ച് യഥാർത്ഥ വസ്തുത പുറത്തു കൊണ്ടുവരുന്നതിന് സംയുക്ത സർവേ നടത്താനുള്ള യോഗ തീരുമാനം അങ്ങനെയാണുണ്ടായത്. 


 പൊന്തൻപുഴ സമരസമിതി കൺവീനർ രാജേഷ് ഡി നായർ കർഷകരുടെ പട്ടയ അവകാശം തെളിയിക്കുന്ന നിരവധി രേഖകൾ സഹിതം റവന്യൂ വനം വകുപ്പുകൾക്ക് നൽകിയ പരാതി പരിഗണിച്ച് ജനുവരി 10 ന് വനം റവന്യൂ മന്ത്രിമാരുടെ അദ്ധ്യക്ഷതയിൽ ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു .രാജു എബ്രഹാം എം എൽ എ ,റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ ,മുഖ്യവനപാലകൻ ബെന്നിച്ച് തോമസ് ,പത്തനംതിട്ട ജില്ലാ ഡപ്യൂട്ടി കളക്ടർ അലക്സ് പി.തോമസ് തുങ്ങിയവർ പങ്കെടുത്ത യോഗത്തിൽ സമരസമിതി പ്രവർത്തകർ രേഖകളും വാദമുഖങ്ങളും അവതരിപ്പിക്കുകയായിരുന്നു.


1905 ലെ ആദ്യ നോട്ടിഫിക്കേഷനിലൂടെ 6  3/4 ( ആറേമുക്കാൽ ) സ്ക്വയർ മൈൽ സ്ഥലം വലിയകാവ് വനത്തിൽ ഉൾപ്പെടുത്തി. 1958ലെ അമൻറ്മെന്റ് നോട്ടിഫിക്കേഷനിലൂടെ ( No .F (A) 2-1089/57/AD തീയതി. 31/5/1958 ) വലിയകാവിന്റെ വിസ്തൃതി കുറച്ച്  രണ്ട് സ്ക്വയർ മൈൽ 491 ഏക്കർ ,അതായത് 1771 ഏക്കർ ആയി നിജപ്പെടുത്തി. ഇങ്ങനെ വനപരിധിയിൽ നിന്ന് ഒഴിവായ ഭൂമിയാണു് പെരുമ്പെട്ടിയിലേത്. വനം വകുപ്പിന്റെ അധീനതയിൽ ഉണ്ടായിരിക്കേണ്ടത് 1771 ഏക്കർ ആണെന്നും എന്നാൽ 1986 ൽ ഡി എഫ്ഓ നൽകിയ കണക്ക് പ്രകാരം 2141 ഏക്കർ കൈവശം വച്ചിരിക്കുന്നതായി കാണുന്നതിന് വിശദീകരണം നൽകണമെന്നും 2018 ജനുവരി 14 ന്  ജില്ലാ കളക്ടർ ആവശ്യപ്പെട്ടെങ്കിലും ( ഫയൽ നം. C5-183983/18) കണക്കുകൾ ലഭ്യമല്ലെന്ന മറുപടിയാണ് വനം വകുപ്പ് നൽകിയത്.
 1905 ലെ ആറേമുക്കാൽ സ്ക്വയർ മൈൽ ഉൾപ്പെടുന്ന സെറ്റിൽമെൻറ് മാപ്പല്ലാതെ വനത്തിന്റെ കിടപ്പ് ഏതൊക്കെ സർവേ നമ്പരുകളിൽ എത്ര അളവു വീതം എന്ന് വെളിപ്പെടുത്താൻ വനം വകുപ്പിന് കഴിഞ്ഞില്ല. സമരസമിതി പ്രവർത്തകർ നിരന്തര അന്വേഷണത്തിലൂടെ രേഖകൾ പുറത്തു കൊണ്ടുവന്നു.


ഇതു പ്രകാരം വലിയകാവ് വനത്തിൽ ഉൾപ്പെട്ടിട്ടുള്ളത് റാന്നി അങ്ങാടി വില്ലേജിൽ ടy. No. 1 ൽ 107 ഹെക്ടർ 30 ആർ സർവേ 30 ൽ 106 ഹെക്ടർ 30 ആർ എന്നും ചേത്തയ്ക്കൽ വില്ലേജിൽ 10 ഹെക്ടർ എന്നും തെളിഞ്ഞു .അതായത് 552 ഏക്കർ പെരുമ്പെട്ടിക്ക് പുറത്തുണ്ട്. ആകെ അളവായ 1771 ഏക്കർ തികയാൻ പെരുമ്പെട്ടിയിലെ ഇപ്പോൾ വനമായി ഉള്ള ഭൂമി ധാരാളമാണെന്നും കർഷകരുടെ കൈവശഭൂമി വനത്തിന്റെ ഭാഗമാക്കേണ്ടതില്ലെന്നും തെളിഞ്ഞു. ഇതോടെ 60 വർഷമായി പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി തങ്ങൾ അന്യായമായി കൈയ്യിൽ വച്ചിരിക്കുകയായിരുന്നെന്ന സത്യം .പുറത്തു വരുമെന്ന ഘട്ടത്തിൽ വനം വകുപ്പ് മന്ത്രിതല ഉത്തരവിനെ ധിക്കരിക്കുകയായിരുന്നു.

 
റവന്യൂ വകുപ്പ് സർവേ ടീം രൂപീകരിച്ചെങ്കിലും വനംവകുപ്പ് രേഖകൾ ലഭ്യമല്ലെന്ന കാരണത്താൽ ടീം രൂപീകരണം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവുകയാണ്. ആദ്യത്തെ ഐക്യ കേരള മന്ത്രിസഭയുടെ തീരുമാനമാണ് 60 വർഷം കഴിഞ്ഞ് ഇന്നും അട്ടിമറിക്കപ്പെടുന്നത്. വനമാഫിയയെ രക്ഷിക്കുന്നതിന് ജനങ്ങളുടെ അവകാശം തടഞ്ഞുവച്ച് അവരെ ബന്ദികളാക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ അവഗണയും ധിക്കാരവും ഇനി സഹിക്കുവാനാകില്ല.

 

268 ദിവസമായി തുടരുന്ന പൊന്തൻപുഴ സമരത്തെ വലിയ പ്രക്ഷോഭമാക്കി വളർത്താൻ ഞങ്ങൾ നിർബ്ബന്ധിതരായിരിക്കുന്നു. 
പൊന്തൻപുഴ വനം സംരക്ഷിച്ചു കൊണ്ട് ,വനത്തിന് പുറത്ത് വസിക്കുന്ന കർഷകരുടെ പട്ടയ അവകാശം നേടിയെടുക്കും വരെ പൊന്തൻ പുഴ സമരസമിതി പിന്നോട്ടില്ലെന്ന് സമര സമിതി കൺവീനർ സന്തോഷ് പെരുമ്പട്ടി പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment