ഭൂജലം വലിച്ചെടുക്കാന്‍ അനുമതി പത്രം നിര്‍ബന്ധമാക്കി മാർഗരേഖ
ന്യൂഡല്‍ഹി: ഭൂജലം വലിച്ചെടുക്കാന്‍ അനുമതി പത്രം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ ഭൂജലം വലിച്ചെടുക്കണമെങ്കില്‍ നിലവിലുള്ളതും പുതുതായി സ്ഥാപിക്കുന്നതുമായ വ്യവസായ യൂണിറ്റുകള്‍, ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികള്‍, ടാങ്കുകളില്‍ വെള്ളം വിതരണംചെയ്യുന്ന സ്വകാര്യ സംരംഭകര്‍ തുടങ്ങിയവരെല്ലാം അധികൃതരില്‍നിന്ന് നിരാക്ഷേപപത്രം (എന്‍.ഒ.സി.) വാങ്ങണം. 


എന്‍.ഒ.സി. ഇല്ലാതെ ഭൂജലമെടുത്താല്‍ 50,000 രൂപമുതല്‍ 10 ലക്ഷം രൂപവരെയാണ് പിഴ. കേന്ദ്ര ജലശക്തി മന്ത്രലായം കഴിഞ്ഞദിവസം വിജ്ഞാപനംചെയ്ത 'ഭൂജലം വലിച്ചെടുക്കലും നിയന്ത്രണവുമായി ബന്ധപ്പെട്ട മാര്‍ഗരേഖ'യിലാണിക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.


സര്‍ക്കാരിനും പ്രാദേശികസര്‍ക്കാര്‍ ഏജന്‍സികള്‍ക്കും കുടിവെള്ളം എത്തിച്ചുനല്‍കാന്‍ സാധിക്കാത്ത ഇടങ്ങളില്‍മാത്രമേ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്കും ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികള്‍ക്കും എന്‍.ഒ.സി. നല്‍കൂ. എന്‍.ഒ.സി.ക്ക് ചില വ്യവസ്ഥകളും നിര്‍ബന്ധമാണ്. ദിവസം 20,000 ലിറ്ററില്‍ കൂടുതല്‍ ഭൂജലം ഉപയോഗിക്കുന്ന അപാര്‍ട്ട്മെന്റുകളിലും ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികളിലും മലിനജല ശുദ്ധീകരണപ്ലാന്റുകള്‍ നിര്‍ബന്ധമായും സ്ഥാപിച്ചിരിക്കണം. അങ്ങനെയുള്ളവര്‍ക്ക് സര്‍ക്കാര്‍ ഏജന്‍സി കുടിവെള്ളം എത്തിക്കുന്നതുവരെ അഞ്ചുകൊല്ലത്തേക്കാണ് എന്‍.ഒ.സി. നല്‍കുക. 


ഭൂജലത്തിന് പണം നല്‍കുകയും വേണം. ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഒരുമാസം 25,000 ലിറ്റര്‍വരെ ഭൂജലം സൗജന്യമായി എടുക്കാം. അതിനുമുകളില്‍, 26,000 ലിറ്ററിനും 50,000 ലിറ്ററിനും ഇടയില്‍ ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും ഒരുരൂപ നിരക്കിലും 50,000 ലിറ്ററിന് മുകളിലുള്ളതിന് രണ്ടുരൂപ നിരക്കിലും ചാര്‍ജ് ഈടാക്കും. സര്‍ക്കാരിന്റെ ജലവിതരണ ഏജന്‍സികള്‍, അടിസ്ഥാന സംവിധാന പദ്ധതികള്‍ എന്നിവയ്ക്ക് 1000 ലിറ്ററിന് 50 പൈസയാണ് നിരക്ക്. കുപ്പികളില്‍ കുടിവെള്ളം വില്‍ക്കുന്നവര്‍ക്ക് വെള്ളത്തിന്റെ അളവ് അടിസ്ഥാനമാക്കി വെവ്വേറെ നിരക്കുകള്‍ നിശ്ചയിച്ചിട്ടുണ്ട്. 


ഭൂജലം വില്‍ക്കുന്ന എല്ലാ സ്വകാര്യ ടാങ്കുകളിലും ജി.പി.എസ്. സംവിധാനം നിര്‍ബന്ധമാണ്. മുന്‍കൂര്‍ അനുമതിയില്ലാതെ ടാങ്കുകളില്‍ വെള്ളം വില്‍ക്കാനാവില്ല. ടാങ്കുകളില്‍ വെള്ളം നിറയ്ക്കുന്നതിനെ അഞ്ചുവിഭാഗങ്ങളായിത്തിരിച്ച്‌ 1000 ലിറ്ററിന് 10 രൂപ മുതല്‍ 35 രൂപവരെ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment