പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ഇന്ധനം - ഡല്‍ഹിയില്‍ പ്രത്യേക നിലയം സ്ഥാപിക്കും




ന്യൂഡല്‍ഹി: പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഇന്ധനമുണ്ടാക്കാന്‍ ഡല്‍ഹിയില്‍ പ്രത്യേക നിലയം സ്ഥാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. കഴിഞ്ഞ ദിവസം ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക് മാലിന്യം ഇന്ധനമാക്കി മാറ്റുന്ന പദ്ധതി ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയം വികസിപ്പിച്ചതായും അറിയിച്ചു. ഡെറാഡൂണിലെ ലാബില്‍ ഒരു ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഗവേഷകര്‍ 800 ലിറ്റര്‍ ഡീസലാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.


രാജ്യത്ത് പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്നത് 25000 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണെന്നും ഇതില്‍ 40 ശതമാനവും ശേഖരിക്കപ്പെടാതെ പരിസ്ഥിതിയില്‍ കിടക്കുകയാണെന്നും ലോക്‌സഭയില്‍ പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കറും പറഞ്ഞു. ശുചിത്വ ഭാരത മിഷന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ 2022 ഓടെ പ്ലാസ്റ്റിക്കിന്റെ ഒറ്റത്തവണ ഉപയോഗം ഇല്ലാതാക്കാനുള്ള ലക്ഷ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍. പ്ലാസ്റ്റിക്കിന്റെ ഒറ്റത്തവണ ഉപയോഗവും ഖരമാലിന്യ സംസ്‌കരണവും ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനങ്ങളുടെ യോഗം അടുത്ത മാസം വിളിക്കും.


പ്ലാസ്റ്റിക്കിന്റെ ഒറ്റത്തവണ ഉപയോഗം ഇല്ലാതാക്കാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ആദ്യം പ്രതിജ്ഞയെടുക്കണമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. സ്പീക്കറുടെ നിര്‍ദേശത്തെ പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കറും കോണ്‍ഗ്രസ് സഭാനേതാവ് അധീര്‍രഞ്ജന്‍ ചൗധരിയും പിന്തുണച്ചു.


പ്രതിദിനം സൃഷ്ടിക്കപ്പെടുന്ന 25,940 ടണ്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍ 15,384 ടണ്‍ ആണ് ശേഖരിക്കപ്പെടുകയും പുനരുപയോഗിക്കപ്പെടുകയും ചെയ്യുന്നത്. ബാക്കി 40 ശതമാനം പരിസ്ഥിതിയില്‍ തന്നെ കിടക്കുന്നു. 60 പ്രധാനനഗരങ്ങളിലായി രാജ്യത്ത് പ്രതിദിനം 4059 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ദിവസവും ഉത്പാദിപ്പിക്കപ്പെടുന്നു. 4,773 രജിസ്ട്രേഡ് പ്ലാസ്റ്റിക് നിര്‍മ്മാണ, റീസൈക്ലിംഗ് യൂണിറ്റുകള്‍ രാജ്യത്തുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment