പൊളിക്കരുത്; പഴഞ്ചൻ റെയിൽവേ കോച്ചുകൾ പുനരുപയോഗിക്കണം




കേരളത്തിലെ റെയിൽവേ പാളങ്ങളിൽ ഇനി മെമു വണ്ടികളാണത്രെ പാസഞ്ചർ ട്രെയിനികൾക്കു പകരമായി ഓട്ടിക്കാൻ പോകുന്നത്. അതുമൂലം നിലവിൽ പാസഞ്ചർ ട്രെയിനുകളിൽ ഉപയോഗിക്കുന്ന കോച്ചുകൾ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് പറയുന്നത്. ഏകദേശം അഞ്ഞൂറോളം കോച്ചുകൾ ഇത്തരത്തിൽ സ്ക്രാപ്പായി മാറ്റുമത്രെ! അതായത് ഇത്രയും കോച്ചുകൾ സ്ക്രാപ്പിംഗ് യാർഡുകളിൽ കൊണ്ടുപോയി പൊളിക്കുമെന്നാണ് റെയിൽവേ പറയുന്നത്.


ഇത്രയും കോച്ചുകൾ പൊളിക്കുന്നതിനു പകരം വൈവിധ്യമാർന്ന ആവശ്യങ്ങൾക്കായി എന്തുകൊണ്ട് പുനരുപയോഗിക്കുന്നതിനെപ്പറ്റി റെയിൽവേ ആലോചിക്കുന്നില്ല. കോടിക്കണക്കിന് രൂപയുടെ അഴിമതിയും ക്രയവിക്രയങ്ങളുമായിരിക്കുമോ ഇത്തരം തീരുമാനങ്ങൾക്കു പുറകിൽ? മഞ്ഞ് മഴ ചൂട് കാറ്റ് എന്നിങ്ങനെയുള്ള കാലാവസ്ഥകളേയും തുരുമ്പ് തീ എന്നിവയേയും ഫലപ്രദമായി പ്രതിരോധിക്കാനാവുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് കോച്ചുകൾ നിർമ്മിച്ചിരിക്കുന്നത്.


അസൗകര്യങ്ങൾ നിറഞ്ഞ അങ്ങാടികളിലും പ്രധാന റോഡുകൾക്കിരുവശവും ആവശ്യത്തിന് കംഫർട്ട് സ്റ്റേഷനുകൾ ഇല്ലാത്ത രാജ്യമാണ് നമ്മുടേത്. എന്തുകൊണ്ട് ഇത്തരം കോച്ചുകൾ അത്തരം കംഫർട്ട് സ്റ്റേഷനുകളാക്കിക്കൂടാ? ടൂറിസ്റ്റു കേന്ദ്രങ്ങൾ ഹിൽ സ്റ്റേഷനുകൾ ബസ്സ്റ്റാന്റുകൾ പാർക്കുകൾ ബീച്ചുകൾ എന്നിവിടങ്ങളിൽ ഇത്തരം കംഫർട്ട് സ്റ്റേഷനുകളോ വിശ്രമകേന്ദ്രങ്ങളോ ആയി കോച്ചുകളെ രൂപാന്തരപ്പെടുത്താവുന്നതാണ്.


പണം ദുർവ്യയം ചെയ്യുന്ന കേരളത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്കു പകരമായും പഴഞ്ചൻ തീവണ്ടി കോച്ചുകൾ ഉപയോഗിക്കാവുന്നതേയുള്ളു. പ്രളയകാലത്ത് ദുരന്തബാധിതരായ മനുഷ്യർക്ക് അതിവേഗത്തിൽ ഉപയോഗിക്കാവുന്ന റിലീഫ് കേന്ദ്രങ്ങളായും ആശുപത്രി വാർഡുകളായും ഇത്തരം പഴഞ്ചൻ കോച്ചുകളെ മാറ്റാൻ നമുക്ക് കഴിയും. ചെറുകിട ടീഷോപ്പുകൾ കുടുംബശ്രീ ക്കാരുടെ കച്ചവട കേന്ദ്രങ്ങൾ മുതൽ ബഹുനിലകളുള്ള വീടുകൾ വരെ നിർമ്മിക്കാൻ റെയിൽവേ കോച്ചുകൾ ഉത്തമമാണ്.


എന്തുകൊണ്ട് നമ്മുടെ സർക്കാർ സംവിധാനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇത്തരത്തിലൊക്കെ ആലോചിച്ചുകൂടാ എന്ന് ഉറക്കെ ചിന്തിക്കാനുള്ള സമയമാണിത്. നിർമ്മാണം എന്ന നമ്മുടെ പരമ്പരാഗത പരിസ്ഥിതി വിരുദ്ധ ബോധത്തിൽ നിന്ന് പരിസ്ഥിതി സൗഹൃദമായതും സർഗ്ഗാത്മകമായതും പാഴ്ചിലവില്ലാത്തതുമായ മനുഷ്യപക്ഷ നിർമ്മാണ ബോധത്തിലേക്ക് നാമിനി ഇപ്പോഴല്ലെങ്കിൽ എപ്പോഴാണ് നമ്മുടെ കണ്ണുകൾ തുറന്നു പിടിക്കുക?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment